News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 28, 2019, 7:09 PM IST
ശ്രീകുമാർ മേനോൻ
വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ മരണത്തെ സംബന്ധിച്ച് നടന്ന കേസിലെ വിധിയിൽ നാടാകെ രോഷം കൊണ്ട് ജ്വലിക്കുകയാണ്. പൊതുജനം മാത്രമല്ല, അവരുമായി അടുത്തിടപഴകി നിൽക്കുന്ന സിനിമാ ലോകവും കടുത്ത അമർഷം രേഖപ്പെടുത്തുന്നു. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ നടന്മാരെല്ലാം തുടക്കത്തിൽ തന്നെ ശക്തിയായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശ്രീകുമാർ മേനോനും രംഗത്തെത്തിയിട്ടുണ്ട്. കേസിൽ നീതി നടപ്പിലാക്കും എന്ന് പ്രത്യാശിക്കുകയാണ് ശ്രീകുമാർ മേനോൻ. പോസ്റ്റിലേക്ക്:
ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തിൽ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുണ് ഈ ആൺലോകം.ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ടെന്ന വാർത്തകൾ പേടിപ്പിക്കുന്നതാണ്. ഞാൻ ജനിച്ചുവളർന്ന സ്ഥലമാണ് ഈ കുത്തുങ്ങൾ കൊല്ലപ്പെട്ട വാളയാറും പരിസരവുമെല്ലാം. പെണ്മക്കളുള്ള ഓരോരുത്തരും ഭയന്ന സംഭവമാണത്. പെരുമ്പാവൂരിൽ ജിഷയും ഈ കുഞ്ഞുങ്ങളെല്ലാം കൊല്ലപ്പെടുമ്പോൾ, ഒരു വാതിലിൽ പോലും സുരക്ഷയില്ലാതെയാണ് ഈ പെൺകുട്ടികൾ ജീവിച്ചത് എന്ന് ഇവർ തമ്മിൽ സാമ്യമുണ്ട്. ദളിതരാണ് ഈ കുഞ്ഞുങ്ങളെല്ലാം.
മറ്റൊരു ഇന്ത്യയിലല്ല നമ്മുടെ ഇന്ത്യയിലാണ് വാളയാർ.
എന്റെ അരികിൽ തന്നെ ഉണ്ട് എന്റെ മകൾ. അവളെ ചേർത്തു പിടിച്ച് എനിക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിയോടും, പോലീസ് മേധാവിയോടും ഒരു അഭ്യർത്ഥനയുണ്ട് - സാർ വാളയാറിൽ ' അതിരുകടന്ന നീതി ' നടപ്പാക്കണം.
മകളോട് കർക്കശക്കാരനായ അച്ഛനാണ് ഞാൻ. ഈ ലോകത്തെ കുറിച്ചുള്ള പേടിമൂലം മകളോടും മകളായി കരുതുന്നവരോടും പെൺ സുഹൃത്തുക്കളോടും നിർബന്ധം വെച്ചുപുലർത്തേണ്ടി വരുന്നൊരാൾ. അച്ഛനെന്ന നിലയ്ക്കുള്ള എന്റെ ഭയങ്ങളുടെ ശ്വാസം മുട്ടൽ സഹിക്കാതെ, മകൾ എന്നിൽ നിന്നും അകലുമോ എന്നുപോലും ഞാൻ പേടിച്ചിട്ടുണ്ട്. അവൾ എംഎയ്ക്ക് പഠിക്കാൻ മദ്രാസ് സർവകലാശാലയാണ് തിരഞ്ഞെടുത്തത്. ആ രണ്ടുവർഷം ഞാൻ കടന്നുപോയത് ഓർക്കാൻ കൂടി വയ്യ. എന്റെ ഭയം നിനക്ക് മനസിലാകില്ല, എന്ന് ഞാൻ പറയുമായിരുന്നത് ഞാൻ ഓർക്കുന്നു. എന്റെ ശാസനകളും നിർബന്ധങ്ങളും അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി പരാതിപെട്ടില്ല എന്റെ മകൾ; ഭാഗ്യം.
ഓരോ വാളയാറും ഓരോ പെരുമ്പാവൂരും പെൺമക്കൾക്ക് മനഃസമാധാനത്തോടെ ജീവിക്കാൻ ഭയമുള്ള ലോകമായി ഇവിടം മാറ്റുകയാണ്.
പെരുമ്പാവൂരും വാളയാറും കേരളത്തിന്റെ നിർഭയയാണ്. കുറ്റം ചെയ്ത ഒരാൾ പോലും രക്ഷപെടരുത്. കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണം. ഓരോ പെൺമക്കളും അവരുടെ രക്ഷിതാക്കളും നിർഭയം ഇവിടെ ജീവിക്കണം.
പ്രിയ മുഖ്യമന്ത്രി, വിശ്വാസമുണ്ട് അങ്ങയിൽ...
First published:
October 28, 2019, 7:08 PM IST