മില്ലേനിയത്തിന്റെ തുടക്കം ആടിപ്പാടി ആഘോഷിച്ച മലയാളിക്ക് മുന്നിലേക്ക് കാക്കിയണിഞ്ഞെത്തിയ കഥാപാത്രമാണ് സി.ഐ. ചന്ദ്രചൂഡൻ. അതുവരെയുണ്ടായിരുന്ന കാലവും, തീപാറുന്ന പോലീസ് വേഷങ്ങളിൽ സുരേഷ് ഗോപി (Suresh Gopi) പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിക്കഴിഞ്ഞിരുന്നു. വിജി തമ്പി സംവിധാനം ചെയ്ത 'സത്യമേവ ജയതേ' (Sathyameva Jayathe) പുറത്തിറങ്ങിയത് 2000ത്തിൽ. സെപ്റ്റംബർ രണ്ടാം തിയതി സിനിമ പുറത്തിറങ്ങിയിട്ട് കൃത്യം 22 വർഷങ്ങൾ തികഞ്ഞു. ഈ വേളയിൽ ചന്ദ്രചൂഡന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന സൂചനയുമായി വന്നിരിക്കുകയാണ് സംവിധായകൻ വിജി തമ്പി.
'ചന്ദ്രചൂഡന്റെ രണ്ടാം വരവിനായി ഒരുപാട് പേർ അഭ്യർത്ഥിക്കുന്നു. പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷം പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ, ചൂടൻ പോലീസുമായി മുന്നോട്ട് പോകാം എന്ന് വിചാരിക്കുന്നു. സ്നേഹാശംസകളോടെ, വിജി തമ്പി' എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഈ ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് ജി.എ. ലാൽ ആണ്. സുരേഷ് ഗോപി, സിദ്ദിഖ്, ഐശ്വര്യ, ഹേമന്ത് രാവൺ, രാജൻ പി. ദേവ്, ബാലചന്ദ്രമേനോൻ, മിനി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സി. രാജാമണിയുടെ സംഗീതവും എം. ജയചന്ദ്രന്റെ ഗാനങ്ങളും ഈ ചിത്രത്തിലുണ്ട്. ബാലു ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിഖിന്റെ പ്രകടനത്തിന് ചിത്രം പ്രശംസിക്കപ്പെടുകയും ബോക്സോഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു.
ധ്രുവം, ഏകലവ്യൻ, കമ്മിഷണർ, ക്രൈം ഫയൽ തുടങ്ങിയ സിനിമകളിലെ സുരേഷ് ഗോപിയുടെ പോലീസ് വേഷം ശ്രദ്ധനേടിയ ശേഷം പുറത്തിറങ്ങിയ സിനിമയാണ് ഇത്. അതുതന്നെയാണ് സിനിമയുടെ പരസ്യവാചകത്തിലും കടന്നു കൂടിയത്. അന്ന് പുറത്തിറങ്ങിയ പത്രപരസ്യം സഹിതമാണ് സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റ് നൽകിയിട്ടുള്ളത്.
1990ങ്ങളിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിജി തമ്പി. 2013ൽ പുറത്തിറങ്ങിയ 'നാടോടിമന്നൻ' ആണ് ഏറ്റവും ഒടുവിലായി അദ്ദേഹം സംവിധാനം ചെയ്തു തിയേറ്ററിലെത്തിയ സിനിമ. ഇതിനിടയിൽ അദ്ദേഹം 20 ചിത്രങ്ങളിൽ അഭിനേതാവായും എത്തിയിട്ടുണ്ട്. നിരവധി ജനപ്രിയ സീരിയലുകളുടെയും സംവിധായകനാണ്.
1988ൽ പുറത്തിറങ്ങിയ 'വിറ്റ്നസ്' എന്ന സിനിമയാണ് സുരേഷ് ഗോപി, വിജി തമ്പി കൂട്ടുകെട്ടിൽ ആദ്യം റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ സൂപ്പർ സ്റ്റാറുകളെ നായകന്മാരാക്കി അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. യുവനിരയിൽ നടൻ പൃഥ്വിരാജ് നായകനായ 'നമ്മൾ തമ്മിൽ' വിജി തമ്പി സംവിധാനം ചെയ്തു.
Summary: Director Viji Thampi hints a sequel to Suresh Gopi movie Sathyameva Jayathe. The film marks 22 years of release on September 02. The director has put up a Facebook post seeking public opinion before rolling out a second part
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.