ആദിപുരുഷ് ടീസറിന് ലഭിക്കുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് സംവിധായകൻ ഓം റൗട്ട്. ബാഹുബലിക്കു ശേഷം പ്രഭാസിന്റെ ഏറ്റവും വലിയ സിനിമ എന്ന പെരുമയോടെയാണ് ആദിപുരുഷിന്റെ ടീസർ എത്തിയത്. രാമായണ കഥ പറയുന്ന ചിത്രത്തിൽ രാമന്റെ വേഷമാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാൻ രാവണനായും കൃതി സനോൺ സീതയായും എത്തുന്നു.
500 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിന്റെ ടീസർ ആരാധകർ ഏറെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാൽ ഞായറാഴ്ച്ച ടീസർ പുറത്തിറങ്ങിയതോടെ അഭിനന്ദനങ്ങൾക്കു പകരം ആരാധകർ പോലും പരിഹാസവും വിമർശനവുമായി എത്തി.
നിലവാരമില്ലാത്ത CGI, VFX കുത്തിനിറച്ചതാണ് ടീസർ എന്നായിരുന്നു പ്രധാന വിമർശനം. കാർട്ടൂൺ ചിത്രങ്ങളുടെ നിലവാരം പോലും 500 കോടി മുതൽമുടക്കുള്ള ചിത്രത്തിന്റെ ടീസറിന് ഉണ്ടായില്ലെന്നും പരിഹസിക്കപ്പെട്ടു.
ഇപ്പോൾ വിമർശനങ്ങൾക്കും നെഗറ്റീവ് കമന്റുകൾക്കും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട്.
ടീസറിന് ലഭിച്ച ട്രോളും നെഗറ്റീവ് കമന്റുകളും നിരാശപ്പെടുത്തിയെന്ന് സംവിധായകൻ തുറന്നു പറഞ്ഞു. എന്നാൽ, ഈ പ്രതികരണങ്ങൾ തന്നെ അതിശയപ്പെടുത്തിയില്ലെന്നും പ്രതീക്ഷിച്ചതാണെന്നുമായിരുന്നു ഓം റൗട്ടിന്റെ പ്രതികരണം.
ടീസറിന്റെ സ്പെഷ്യൽ 3ഡി സ്ക്രീനിങ്ങിനു ശേഷം ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു ഓം റൗട്ടിന്റെ പ്രതികരണം. ടീസറിന് ലഭിച്ച പ്രതികരണത്തിൽ തീർച്ചായും നിരാശപ്പെട്ടു. പക്ഷേ, അതിശയമില്ല, കാരണം വലിയ സ്ക്രീനുകൾക്കു വേണ്ടിയാണ് ടീസർ നിർമിച്ചത്. ഒരുപരിധി വരെ കുറച്ചാലും മൊബൈൽ ഫോൺ സ്ക്രീനിലേക്ക് അതിന്റെ മുഴുവൻ ക്വാളിറ്റിയും കൊണ്ടുവരാൻ കഴിയില്ല. തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്ന കാര്യമല്ല അത്. അവസരം ലഭിച്ചിരുന്നെങ്കിൽ യൂട്യൂബിൽ വീഡിയോ ഇടില്ലായിരുന്നു. പക്ഷേ അങ്ങനെ ചെയ്യേണ്ടത് ആവശ്യമായിരുന്നു. വലിയ ഓഡിയൻസിലേക്ക് സിനിമ എത്തണമെങ്കിൽ യൂട്യൂബിൽ നൽകേണ്ടി വരും.
ലോകത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനലായ ടി സീരീസാണ് തന്റെ പാർട്നർ. തിയേറ്ററുകളിൽ വരാത്ത വലിയ വിഭാഗം ഓഡിയൻസിനേയും ഈ സിനിമ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായും മുതിർന്ന പൗരന്മാർ, തിയേറ്ററുകളിൽ പോയി സിനിമാ കാണൻ സാധിക്കാത്ത ഉൾപ്രദേശങ്ങളിലുള്ളവർ തുടങ്ങി അനേകം പേർ. അവർക്കിടയിലേക്ക് ഈ സിനിമ എത്തണം, കാരണം ഇത് രാമായണ കഥയാണ്. കൂടുതൽ പേർ സിനിമയെ കുറിച്ച് അറിയുകയും അവർ സിനിമ കാണാൻ എത്തുകയും വേണമെന്നതു കൊണ്ടാണ് യൂട്യൂബിൽ നൽകിയത്. ബിഗ് സ്ക്രീനിലേക്ക് വേണ്ടി ചെയ്ത ടീസറിന് ലഭിച്ച വിമർശനങ്ങളിൽ അതുകൊണ്ട് തന്നെ തനിക്ക് അതിശയമില്ല.
2023 ജനുവരി 12 നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. ഐമാക്സ്, 3ഡി ആയാണ് ചിത്രം എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.