ആശുപത്രിയിൽ ചെറിയൊരു ചികിത്സക്ക് പോയ രോഗിയുടെ രക്ത ഗ്രൂപ്പ് അവരു പോലും അറിയാതെ കണ്ടുപിടിക്കുക. ശേഷം വിടാതെ പിന്തുടരുക. അതിനു സജ്ജമായ പ്രത്യേക റാക്കറ്റിൽ ഉള്ളവർ പിന്തുടർന്നോളും. ശേഷം ഒരു ദിവസം കരുതിക്കൂട്ടി ആളൊഴിഞ്ഞൊരു പൊതു വഴിയിൽ അപകടക്കെണി ഒരുക്കുക. യാദൃശ്ചികമായി ആ വഴി വരുന്ന കാറിൽ റാക്കറ്റിലെ കണ്ണികൾ. ചെറിയ പരിക്കേറ്റ് അബോധാവസ്ഥയിൽ ആയ വ്യക്തിയെ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന വ്യക്തി ചുറ്റിക കൊണ്ട് തലയ്ക്കു പിന്നിൽ അടിച്ച് പരിക്ക് മാരകമാക്കി ആശുപത്രിയിൽ എത്തിക്കുക. ദിവസങ്ങൾക്കുള്ളിൽ മസ്തിഷ്ക്കാഘാതവും മരണവും. ഇതിനിടയിൽ ബന്ധുക്കളെ സ്വാധീനിച്ച് അവയവദാനത്തിനുള്ള സമ്മതം വാങ്ങലും, അവരറിയാതെ വൻ തുകക്ക് അവയവ കച്ചവടവും. ജോസഫ് എന്ന മലയാള ചിത്രത്തിലെ ഈ രംഗങ്ങൾ കണ്ട് നടുങ്ങാത്തവരുണ്ടോ?
എന്നാൽ മസ്തിഷ്കമരണം മനുഷ്യന് സൃഷ്ടിക്കാൻ ആവില്ലെന്നാണ് ഡോക്ടർ ഷിംന അസ്സീസിന്റെ പക്ഷം. ജനറൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് ഷിംന. ചിത്രവുമായി ബന്ധപ്പെടുത്തി മസ്തിഷ്‌ക്കമരണത്തെയും അവയവ ദാനത്തെയും പറ്റിയുള്ള പോസ്റ്റിന്റെ പ്രസ്കത ഭാഗങ്ങൾ ചുവടെ.
മസ്‌തിഷ്‌കമരണശേഷം അവയവങ്ങൾ എടുക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ പാടേ കുറഞ്ഞു. ജീവനുള്ളവരിൽ നിന്നും അവയവം നൽകുന്നതിൽ കച്ചവടം പാടില്ലെന്ന് വിലക്കുള്ളതാണ്. പക്ഷേ, അതിലൊരു വൻകച്ചവടസാധ്യത ഉള്ളതിനാൽ ആ ഇടനിലക്കാരാവണം ന്യായമായ അവയവദാനങ്ങൾക്കുള്ള സാധ്യതയായ മസ്‌തിഷ്‌കമരണശേഷമുള്ള അവയവദാനത്തിനെതിരേ തെറ്റായ കഥകൾ അടിച്ചിറക്കുന്നത്. അവർക്കെതിരെയുള്ള നടപടികൾക്കായി ഐ.എം.എ അടക്കമുള്ള സംഘടനകൾ മുൻകൈ എടുക്കുന്നു എന്നത് അങ്ങേയറ്റം സ്‌തുത്യർഹമായ കാര്യമാണ്.
അതും പോരാത്തതിന് അല്ലെങ്കിലേ ആശുപത്രികൾ 'കിഡ്‌നി മോഷണകേന്ദ്രങ്ങൾ' എന്ന് മുദ്ര കുത്തപ്പെട്ടിരിക്കുന്നതിന്റെ ഇടേൽക്കൂടിയാണ് കഷ്‌ടപ്പാടിന്റെ മീതേ ബുദ്ധിമുട്ട് എന്ന് പറഞ്ഞ മാതിരി 'ജോസഫ്' സിനിമയിറങ്ങുന്നത്. ദോഷം പറയരുതല്ലോ, സിനിമ കൊള്ളാം, ജോജൂന്റെ പെർഫോർമൻസ് കിടുവാണ്. മുന്നോട്ട് ജീവിക്കാൻ അവസാനവഴി തേടുന്ന കുറേ സാധുക്കളുടെ കൊങ്ങക്ക് പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്‌സെന്ന് മാത്രം. ഇക്കാര്യം തിരക്കഥാകൃത്ത് തന്നെ കഴിഞ്ഞ ദിവസം തിരുത്തി മാപ്പ് പറയുകയും ചെയ്‌തു. പക്ഷെ സത്യം ചെരുപ്പിട്ടിറങ്ങുമ്പോഴെക്കും നുണ അഞ്ചാറ് വേൾഡ് ടൂർ കഴിഞ്ഞ് വരുന്ന ഇക്കാലത്ത് എല്ലാം കഴിഞ്ഞ് അതല്ല ഇതല്ല എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യോം ണ്ടാ സജീ...!
മസ്‌തിഷ്‌കമരണം എന്നാൽ മരണം തന്നെയാണ്. ഏതെങ്കിലും കാരണം കൊണ്ട് തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം അൽപസമയത്തേക്ക് നിലച്ചാൽ പോലും മസ്‌തിഷ്‌കകോശങ്ങൾ സ്‌ഥിരമായി നശിക്കും. മസ്‌തിഷ്‌കമരണം സംഭവിച്ച് അൽപസമയം കൂടി ഹൃദയം മിടിക്കാറുണ്ട്. കാരണം, ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന autonomic nervous system തലച്ചോറിന്റെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്ര്യമാണ്. ക്രമേണ ആ മിടിപ്പും ഇല്ലാതാകും. താളം പോയ പാട്ടാണത്. ബോധം മറഞ്ഞുകിടക്കുന്ന ഹൃദയമിടിപ്പും ശ്വസനശേഷിയുമുള്ള ശരീരത്തെ 'മൃതശരീരം' എന്ന് വിളിക്കുന്നത് ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും പലപ്പോഴും ഉൾക്കൊള്ളാൻ സാധിക്കാറില്ല, പക്ഷേ സത്യത്തിൽ ആ അവസ്ഥയിൽ തന്നെയാണ് ശരീരം.
ശ്വസനമുൾപ്പെടെ നിയന്ത്രിക്കുന്ന brainstem മരിക്കുന്നതിനെയാണ് മസ്‌തിഷ്‌കമരണം എന്ന് വിശേഷിപ്പിക്കുന്നത്. തലച്ചോറിന്റെ മറ്റ് ഭാഗങ്ങൾ മാത്രം മരിച്ച് brainstem നിലനിന്നാൽ ശ്വസനം നടക്കുമെന്നത് കൊണ്ടു തന്നെ വർഷങ്ങളോളം അബോധാവസ്‌ഥ തുടരാം. മസ്‌തിഷ്‌കമരണം സംഭവിച്ച് കഴിഞ്ഞാൽ അതിൽ നിന്നൊരു തിരിച്ചുവരവ് ഉണ്ടാകില്ല. ആ വ്യക്‌തിക്ക് വേദനയറിയില്ല, ബോധമില്ല, ജീവന്റെ യാതൊരു പ്രത്യേകതകളുമില്ല. എന്നാൽ അവയവങ്ങളിലേക്ക് രക്‌തപ്രവാഹമുള്ളതിനാൽ ഹൃദയമിടിപ്പ് എന്നെന്നേക്കുമായി നിലക്കുന്നതിന് മുൻപുള്ള ഇത്തിരി നേരത്ത് ആ അവയവങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്‌ഥയിലാണ്. അപ്പോൾ ആ തീരുമാനമെടുത്താൽ എത്രയോ ജീവന് തുണയാകാൻ സാധിക്കും.
ജോസഫിലെ പോലെ ടൂവീലർ പിറകീന്ന് ഇടിച്ച് തള്ളിമറിച്ചിട്ട് കാറിൽ കയറ്റി ചുറ്റിക കൊണ്ടടിച്ച് ആശുപത്രിയിൽ കൊണ്ടുപോയിട്ടാൽ മസ്‌തിഷ്‌കമരണം സാധ്യമാകുമോ?
സാധിക്കില്ല. കൃത്യമായി ബ്രെയിൻസ്‌റ്റെമിലേക്ക് രക്‌തപ്രവാഹം തടയുന്ന അവസ്‌ഥ സൃഷ്‌ടിക്കാൻ മനുഷ്യനാൽ സാധ്യമല്ല. മസ്‌തിഷ്‌കമരണം പോലൊരു നൂൽപ്പാലം ശരീരത്തിൽ കൃത്രിമമായി സൃഷ്‌ടിക്കാനാവില്ല. വല്ല്യോരു ചുറ്റികയെടുത്ത് മൂർദ്ധാവിൽ ചാമ്പിയാൽ ആ മഹാന്റെ ശിരസ്സ് പിളർന്ന് അന്തരിക്കുകയേ ഉള്ളൂ.
മസ്‌തിഷ്‌കമരണം സംഭവിച്ചെന്ന് പറഞ്ഞ് ഡോക്ടർക്ക് ബന്ധുക്കളെ ചതിക്കാൻ പറ്റുമോ?
സർക്കാർ അംഗീകരിച്ച ലിസ്‌റ്റിലുള്ള രോഗിയുടെ ചികിത്സയുമായോ അവയവം ലഭിക്കേണ്ട രോഗിയുമായോ ബന്ധമില്ലാത്ത സ്വതന്ത്രരായ നാല് ഡോക്‌ടർമാരുടെ ഒരു പാനൽ ആറ് മണിക്കൂർ ഇടവിട്ട് രണ്ട് തവണ പരിശോധിച്ച് പല ടെസ്‌റ്റുകൾ ചെയ്‌താണ് മസ്‌തിഷ്‌കമരണം ഉറപ്പിക്കുന്നത്. ഈ നടപടികൾ അത്രയേറെ സുതാര്യമാണ്. ബ്രെയിൻഡെത്ത് ഉറപ്പിക്കുന്നത് കുറ്റമറ്റ രീതിയിലാണ്. അവിടെ ചതിയിൽ വഞ്ചന നടക്കാൻ പോണില്ല.
വെന്റിലേറ്റർ ഘടിപ്പിച്ച് എത്ര നേരം വേണമെങ്കിലും മരണം നീട്ടിക്കൊണ്ട് പൊയ്‌ക്കൂടേ? സാധ്യമല്ല. ശ്വാസകോശം പണി മുടക്കുമ്പോൾ അതിന്റെ പണി പുറമേ നിന്ന് ചെയ്‌ത് കൊടുക്കുന്ന മെഷീൻ മാത്രമാണ് വെന്റിലേറ്റർ. വെന്റിലേറ്റർ ഘടിപ്പിച്ച രീതിയിൽ ഹൃദയാഘാതം വന്നാൽ രോഗി മരിക്കും. തുടർന്നും വെന്റിലേറ്റർ ഘടിപ്പിച്ച് കിടന്നാൽ ശരീരം ഐസിയുവിൽ കിടന്ന് അഴുകും.
പിന്നെ, വെന്റിലേറ്റർ ഒരു അന്ത്യകൂദാശയൊന്നുമല്ല. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളും, പാമ്പ് കടിയേറ്റവരും, വാഹനാപകടത്തിൽ പെട്ടവരും, പല തരം ശസ്‌ത്രക്രിയകൾക്ക് വിധേയരാകുന്നവരുമെല്ലാം വെന്റിലേറ്റർ ഘടിപ്പിച്ച് വേർപ്പെട്ട് വരുന്നവരാണ്.
അപ്പോൾ ആശുപത്രിക്കാർക്ക് മസ്‌തിഷ്‌കമരണം ഉണ്ടാക്കാൻ പറ്റൂല?
ഇല്ല.
വാട്ട്സ്ആപ്പ് അമ്മാവൻ പറയുന്ന പോലെ ആൾ ജീവനോടെ കിടക്കുമ്പോൾ കിഡ്‌നി പറിക്കാൻ പറ്റൂലാ?
നഹി.
അപ്പോ മൃതസഞ്ജീവനി? അത് മരണാനന്തര അവയവദാനപ്രക്രിയയുടെ കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുള്ള സർക്കാരിന്റെ പദ്ധതിയാണ്. www.knos.org.in എന്ന വെബ്‌സൈറ്റിൽ പോയാൽ നമുക്കും അവയവദാനത്തിന് രജിസ്റ്റർ ചെയ്യാം. അവയവം കിട്ടാനുള്ള നടപടികളും അവിടെക്കാണും. ദൈവം സഹായിച്ച് വാട്ട്‌സ്സപ്പിലെ കേശവൻ മാമൻമാരും ഫേസ്‌ബുക്കിലെ വ്യാജവൈദ്യൻമാരും നാട്ടിലെ മുറിവൈദ്യൻമാരും ചേർന്ന് എടങ്ങേറുണ്ടാക്കുന്നത് കൊണ്ട് വിരലിലെണ്ണാവുന്ന അവയവദാനങ്ങളേ ഈയിടെ നടക്കുന്നുള്ളൂ. മുൻപൊരാൾ പറഞ്ഞ പോലെ, അവയവം കൊടുത്താൽ ആ കണ്ണ് കൊണ്ട് അയാൾ കാണുന്നതിന്റെ പാപം കൂടി നമുക്ക് കിട്ടും. അപ്പോൾ നമുക്ക് കണ്ണ് വേണ്ടി വന്നാലോ? സ്വിച്ചിട്ട പോലെ വന്നു മറുപടി "അത് വാങ്ങാം". അടിപൊളി !
ഇതൊക്കെ ഇവിടെ തള്ളിയ ആൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ? ഉണ്ട്. എന്തെങ്കിലും ഒരു സാഹചര്യത്തിൽ എനിക്ക് മസ്‌തിഷ്‌കമരണം സംഭവിക്കുകയാണെങ്കിൽ സാധ്യമായ എല്ലാ അവയവങ്ങളും എടുക്കാനുള്ള മുൻകൂർ സമ്മതം നൽകിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും വീട്ടുകാരും ബന്ധുക്കളും ആ നേരത്ത് എതിർത്താൽ അവയവദാനം നടക്കില്ല എന്ന സാധ്യത നിലനിൽക്കുന്നത് കൊണ്ട്, അവയവദാനം രജ്സിറ്റർ ചെയ്യുന്ന എല്ലാവരും വേണ്ടപ്പെട്ടവരെയെല്ലാം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും വേണം. എല്ലാം കൊണ്ടും അനുകൂലമായ ഒരവസ്‌ഥ സംജാതമായാൽ മാത്രമേ നമുക്ക് അവയവം നൽകാൻ കഴിയൂ.
അപ്പോൾ അവയവദാനം ചെയ്യാല്ലേ?? എപ്പഴേ ചെയ്യണം. മൃതസഞ്ജീവനിയിൽ പങ്കാളികളാകൂ. രജിസ്റ്റർ ചെയ്‌താൽ പോലും ബ്രെയിൻഡെത്ത് സംഭവിക്കണം, അണുബാധയേറ്റുള്ള മരണമാകരുത്, വിഷാംശം ഉള്ളിൽ കടന്ന് അവയവങ്ങൾക്ക് കേട് പറ്റാൻ പാടില്ല, അപകടങ്ങളിൽ പെട്ട് അവയവം ഉപയോഗയോഗ്യമല്ലാത്ത അവസ്‌ഥയിൽ ആയിരിക്കാൻ പാടില്ല തുടങ്ങി കടമ്പകളേറെയുണ്ട്.
ഏതായാലും മണ്ണിൽ അഴുകാനോ തീയിലെരിയാനോ ഒക്കെയുള്ള ശരീരമാണ്. പകരം ഇവിടെ നമ്മളൊരു ജീവനാണ് പകരുന്നത്. മൃതസഞ്‌ജീവനിയാണ്, മരണശേഷവും ചെയ്യുന്ന നന്മയാണ്. കുപ്രചരണങ്ങളല്ല, ബുദ്ധിയാണ് നമ്മെ നയിക്കേണ്ടത്.
അവയവദാനം ശരിയാണ്. ശരി മാത്രമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Doctor Shimna Azeez, Facebook post, Joju george, Joseph, Organ donation myths