News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 27, 2020, 4:29 PM IST
ഡോ: ബിജു
താരചിത്രങ്ങളും നവാഗതരുടെ ചിത്രങ്ങളും പരീക്ഷണചിത്രങ്ങളും ഒരുപോലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന സ്ഥിതി വിശേഷമാണ് കോവിഡ് പ്രതിസന്ധിയിൽ, തിയേറ്ററുകൾ അടഞ്ഞുകിടക്കുന്ന വേളയിൽ, പ്രേക്ഷകർ കണ്ടത്. കഴിഞ്ഞ ദിവസം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സ്വതന്ത്ര സംവിധായകനായി മാറുന്നു എന്ന പ്രഖ്യാപനവുമായി വന്നിരുന്നു. ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ മാറ്റം കാര്യങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുമ്പോൾ ഏത് നിലയിൽ സഞ്ചരിച്ചേക്കാമെന്ന വിലയിരുത്തലുമായി സംവിധായകൻ ഡോക്ടർ ബിജു ഫേസ്ബുക് കുറിപ്പുമായി വരുന്നു. പോസ്റ്റ് വായിക്കാം:
തിയറ്ററുകളും, ടെലിവിഷൻ സാറ്റലൈറ്റും , ഗൾഫ് റൈറ്റും, റീമേക്ക് റൈറ്റും ഒന്നും കിട്ടില്ല എന്നറിഞ്ഞു കൊണ്ടു തന്നെ നിലപാടുകളിലും രാഷ്ട്രീയത്തിലും കലയിലും വിട്ടു വീഴ്ചകൾ ഇല്ലാതെ പരീക്ഷണാത്മകമായി സ്വതന്ത്ര സിനിമകൾ ചെയ്യുന്ന അനേകം സംവിധായകരും നിർമാതാക്കളും മലയാളത്തിൽ എന്നുമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പ്രേക്ഷകനെ രസിപ്പിക്കാനല്ല മറിച്ചു തങ്ങൾക്ക് പറയാനുള്ള വിഷയങ്ങൾ വിട്ടുവീഴ്ച ഇല്ലാതെ പറയുന്ന സിനിമകൾ ആണ് അത്തരം ഫിലിം മേക്കേഴ്സിന്റെയും നിർമാതാക്കളുടെയും രാഷ്ട്രീയം. അവരൊക്കെയും സിനിമകൾ കാണിച്ചിരുന്നത് ഫിലിം സൊസൈറ്റികളുടെ സഹായത്തോടെ തെരുവുകളിലും , ചെറിയ ഹാളുകളിലും ലൈബ്രറികളിലും ഒക്കെ വലിച്ചു കെട്ടിയ തിരശീലകളിലൂടെ ആയിരുന്നു.
Also read: 1921 | അലി അക്ബറിന്റെ ചിത്രത്തിന് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും
കേരളത്തിൽ അങ്ങോളം ഇങ്ങോളം കെ എസ് ആർ ടി സി ബസുകളിൽ സഞ്ചരിച്ചു ചെന്ന് ചെറിയ ചെറിയ ഫിലിം സൊസൈറ്റിയുടെ ചെറു കൂട്ടങ്ങളുമായി പ്രദർശനവും സംവാദവും നടത്തിയാണ് അവർ സിനിമകൾ കാണികളിലേക്ക് എത്തിച്ചിരുന്നത്. തിരിച്ചു കിട്ടില്ല എന്ന ഉറപ്പോട് കൂടി തീരെ ചെറിയ ബജറ്റുകളിൽ സിനിമ ചെയ്യുന്ന ഒട്ടേറെ സംവിധായകരും നിർമാതാക്കളും ഉള്ള ഇടമാണ് മലയാള സിനിമ.അവരൊക്കെ തന്നെയാണ് മലയാള സിനിമയ്ക്ക് ദേശീയവും അന്തർദേശീയവും ആയ പുരസ്കാരങ്ങൾ നേടി കൊടുത്തിട്ടുള്ളത്.
തുടക്കം മുതൽ ഒടുക്കം വരെ നിലപാടുകളും രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചു സിനിമ ചെയ്തിരുന്ന സ്വതന്ത്ര സിനിമാക്കാർ. ഇപ്പോൾ കോവിഡ് മൂലം തിയറ്ററുകൾ അടച്ചിടുന്ന അവസ്ഥ വന്നപ്പോൾ സ്വതന്ത്ര സിനിമാക്കാരാകാൻ ഒട്ടേറെ സംവിധായകർ തയ്യാറാകുന്നു എന്നു കാണുന്നതിൽ സന്തോഷം. സ്വതന്ത്ര സിനിമാക്കാരുടെ എണ്ണം ഇനിയും ഇനിയും കൂടി വരട്ടെ. ഓ റ്റി റ്റി റിലീസ് സാധ്യതയുടെ വരുമാനത്തിൽ കുറവ് വന്നുതുടങ്ങുകയും വീണ്ടും തിയറ്ററുകൾ തുറക്കുകയും ടെലിവിഷൻ സാറ്റലൈറ്റ് റൈറ്റ് ഒക്കെ സജീവമാകുകയും ചെയ്യുമ്പോൾ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവർത്തകർ തിരികെ പോകില്ല എന്ന് വിശ്വസിക്കുന്നു.
First published:
June 27, 2020, 4:29 PM IST