News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 18, 2020, 8:34 AM IST
ഡോ: ബിജു
മലയാള സിനിമയിലെ വർണ്ണ വിവേചനത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോക്ടർ ബിജു. മലയാള സിനിമ വർഷങ്ങൾ കഴിഞ്ഞിട്ടും വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ച് അവതരിപ്പിക്കുന്ന രീതിയിൽ നിന്നും മാറിയിട്ടില്ല എന്നും, സാമ്പ്രദായിക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലും മലയാള സിനിമ മാറ്റാനാകാത്ത ചിന്തയുമായി കഴിയുകയാണെന്നും ബിജു തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിക്കുന്നു.
കറുത്ത നായികയെ അവതരിപ്പിക്കാൻ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാൻസി ഡ്രസ്സ് നടത്തുന്ന കാലത്തിൽ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല. മലയാള സിനിമയുടെ ജാതി വർണ്ണ വ്യവസ്ഥകൾ പി.കെ.റോസി മുതൽ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ. പുതു തലമുറയിൽ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെൺകുട്ടികൾ ഇപ്പോൾ ഉണ്ട്. എന്നിട്ടും. ഓ മറന്നു പോയി. മലയാള സിനിമ എന്നാൽ വെളുത്ത ശരീരം, സവർണ്ണത, താര മൂല്യം എന്നിവയുടേക്കെ ഒരു കോംബോ ആണല്ലോ. ഏതായാലും കഷ്ടം തന്നെ മലയാള സാഹിത്യത്തിൽ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കുമ്പോൾ വെളുത്ത ശരീരം കറുപ്പിക്കാൻ ബ്ളാക്ക് പെയിന്റും ബ്രഷും വാങ്ങാൻ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവർത്തകരും ആ പെയിന്റ് അടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നത്.കലയും രാഷ്ട്രീയവും ഒക്കെ ലോകമെമ്പാടും സാമ്പ്രദായിക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി കൊണ്ടിരിക്കുന്ന ഒരു കാലമാണ്. ലോകത്തെ ഏറ്റവും പ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ ഈ വർഷം ജൂറി പ്രസിഡന്റ് ആകുന്നത് സ്പൈക് ലീ എന്ന കറുത്ത വംശജനായ സംവിധായകൻ ആണ്.
ഹാറ്റി മക് ഡാനിയേൽ എന്ന കറുത്ത വംശജയായ അമേരിക്കൻ നടി ചരിത്രത്തിൽ ആദ്യമായി ഒരു ഓസ്കാർ നേടിയിട്ട് 80 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. (1939 ൽ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം).2018 ൽ ഒപ്റാഹ് വിൻഫ്രി എന്ന കറുത്ത വംശജയായ നടിയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ്നുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുമ്പോൾ അവർ നടത്തിയ മറുപടി പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. കറുത്ത നിറമുള്ള.ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നിൽക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല. അത് ഇവിടെ മലയാള സിനിമയിൽ നില നിൽക്കുന്ന സോഷ്യൽ ക്ളാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണ്. നിങ്ങളുടെ സിനിമയിൽ ആരഭിനയിക്കണം എന്നതും വെളുത്ത ശരീരം കറുപ്പടിച്ചു നിറം മാറ്റി അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം. നിങ്ങളുടെ അവകാശം. അതിനൊന്നും കുഴപ്പമില്ല പക്ഷെ നാളെ വീണ്ടും പുരോഗമന സാമൂഹിക കാഴ്ചപ്പാടും നിറത്തിന്റെ രാഷ്ട്രീയവും സാമൂഹിക പ്രസക്തിയും പി.കെ.റോസിയുടെ പേരും ഒക്കെ നിങ്ങൾ തന്നെ പറയുന്നത് കേൾക്കേണ്ടി വരുമല്ലോ എന്ന് വെറുതെ ഓർത്തു പോയി.
First published:
January 18, 2020, 8:34 AM IST