സൂപ്പർഹിറ്റ് ചിത്രം പറവക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. ആരാധകരും സിനിമാ ലോകവും ദുൽഖർ സൽമാന്റെ ജന്മദിനത്തിന്റെ ആഘോഷങ്ങളിൽ നിറഞ്ഞു നിൽക്കവേ തന്നെയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. 'ഓതിരം കടകം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
പിറന്നാൾ ദിനത്തിൽ തന്നെ സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് മോഹന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു. ദുല്‍ഖര്‍ സല്മാന് നായകനാവുന്ന ചിത്രത്തിന് 'കിംഗ് ഓഫ് കൊത്ത' എന്നാണ് പേരിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
കൈയ്യില്‍ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതലും നായകാനയിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാ ലോകം ഏറെ കൗതുകത്തോടെയാണ് നോക്കികാണുന്നത്. മമ്മൂട്ടി- ജോഷി കൂട്ടുകെട്ടിയിൽ ഒട്ടേറെ ഹിറ്റ് സിനിമകളാണ് പിറന്നത്. മക്കൾ ഒന്നിക്കുമ്പോഴും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
ദുല്‍ഖറിന് ജന്മദിനാശംസയേകി കുറുപ്പിന്റെ മാസ്സ് പോസ്റ്റര്‍ പുറത്തിറങ്ങി
ദുല്‍ഖര്‍ സല്മാന് അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന് സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിന്റെ ദുല്‍ഖര്‍ സല്മാന് ബര്‍ത്ത്ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഞ്ച് ഭാഷകളിലാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാന്‍ ഉള്ള ശ്രമത്തിലാണ്.
മികച്ചൊരു തീയറ്റര്‍ അനുഭവം ഒടിടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടിയാണിത്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചെലവഴിച്ചു.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ്ങെല്ലാം പൂര്‍ത്തിയായതാണ്. ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.