ഭാഷയുടെ അതിർവരമ്പുകൾ തകർക്കുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമ അടുത്തിടെയായി കണ്ടുവരുന്നത്. ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് എന്ന സമവാക്യം ഉടച്ചുവാർത്ത് തെന്നിന്ത്യൻ ചിത്രങ്ങൾ വെന്നിക്കൊടി പാറിച്ചു. ഈ സിനിമകൾ കൈകാര്യം ചെയ്യുന്ന വിഷയം തന്നെയാണ് പ്രധാനം.
വലിയൊരു വിഭാഗം പ്രേക്ഷകരുമായി സംവദിക്കാൻ ശേഷിയുണ്ടെങ്കിൽ, സിനിമ പാൻ ഇന്ത്യൻ ആയി അംഗീകരിക്കപ്പെടും എന്നാണ് വയ്പ്പ്. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ദസറ എന്ന ചിത്രം അത്തരം വേരോട്ടമുള്ള ചിത്രമാണ്. ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാൻ, എസ്.എസ്. രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, രക്ഷിത് ഷെട്ടി എന്നിവർ ചേർന്ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവമായ ‘ദസറ’ ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്നു. രാവണന്റെ പ്രതിമകൾ കത്തിച്ച് തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദസറ ചിത്രീകരിക്കുന്നത്. അഭിനേതാക്കളുടെ മേക്കോവർ മുതൽ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവരുടെ ലോകം കാണിക്കുന്നതും, അവർ പിന്തുടരുന്ന ആചാരങ്ങൾ വരെ ദസറയുടെ ടീസർ ഒരു പുതിയ അനുഭവം നൽകുന്നു.
ആദ്യ ഫ്രെയിമിൽ തന്നെ ധരണി (നാനി) ഒരു കൂറ്റൻ രാവണ പ്രതിമയുടെ മുന്നിൽ നിൽക്കുന്നതായി കാണിക്കുന്നു. തെലങ്കാനയിലെ ഗോദാവരിക്കാനിക്കടുത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറിൽ.
ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ദസ്റ എന്നാണ് പ്രതീക്ഷ. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം.
അദ്ദേഹത്തിന്റെ കഥാപാത്രരൂപീകരണം, സംഭാഷണങ്ങൾ, പെരുമാറ്റരീതികൾ, ശരീരഭാഷ എന്നിവ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും സായ് കുമാറും ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്.
ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേസമയം റിലീസ് ചെയ്യും.
അഭിനേതാക്കൾ: നാനി, കീർത്തി സുരേഷ്, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്
സംവിധാനം : ശ്രീകാന്ത് ഒഡെല, നിർമാണം: സുധാകർ ചെറുകൂരി, പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്, ഛായാഗ്രഹണം: സത്യൻ സൂര്യൻ ISC, സംഗീതം: സന്തോഷ് നാരായണൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി, സംഘട്ടനം: റിയൽ സതീഷ്, അൻബരിവ്, പി.ആർ.ഒ.: ശബരി.
Summary: Dulquer Salmaan released the teaser for Dasara starring Nani. The action-packed entertainer is expected to be a movie catering to pan-Indian audience
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.