ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിനും തിരിച്ചു വന്ന കേരള കഫേയ്ക്കും ഇടയിൽ ജീവിതം മാറ്റി മറിച്ച അഭിനേതാവിനെക്കുറിച്ച് പ്രശസ്ത നടൻ ഫഹദ് ഫാസിൽ ഓർമിക്കുന്നു. ഫഹദ് ഇംഗ്ലീഷിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ:
വർഷം ഏതെന്ന് ഓർമ്മയില്ല. ഞാൻ അന്ന് അമേരിക്കയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി. ഇത്രയുമേ ഓർമയിൽ ഉള്ളു. ക്യാമ്പസിൽ തന്നെ താമസിച്ചിരുന്നതിനാൽ ഇന്ത്യൻ സിനിമകൾ കാണാൻ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. അതിനാൽ ആഴ്ചയിലൊരിക്കൽ ഞാനും എന്റെ സുഹൃത്ത് നികുഞ്ചും ക്യാമ്പസിലെ പലചരക്കുകടയിൽ പോയി ഇന്ത്യൻ ഡി.വി.ഡികൾ വാടകയ്ക്കെടുക്കുമായിരുന്നു. ഖാലിദ് ഭായ് എന്ന പാകിസ്താനിയുടേതായിരുന്നു ആ കട.
അത്തരമൊരു സന്ദർശനത്തിൽ ഖാലിദ് ഭായ് 'യു ഹോയാ തോ ക്യാ ഹോത്താ' എന്ന ചിത്രം നിർദ്ദേശിച്ചു. അങ്ങനെ ആ ആഴ്ചയിൽ കാണാൻ തിരഞ്ഞെടുത്തത് ആ ഡി.വി.ഡി. സിനിമ കാണാൻ തുടങ്ങി. സലിം രാജബാലി എന്ന കഥാപാത്രം സ്ക്രീനിൽ വന്നതും അതാരെന്ന് ഞാൻ നികുഞ്ചിനോട് ചോദിച്ചു. തീവ്രമായ ശൈലിയുള്ള , സ്റ്റൈലിഷ് ആയ, ആകർഷണീയരായ എത്രയോ അഭിനേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സ്ക്രീനിൽ ഇത്രയും 'ഒറിജിനൽ' ആയ നടനെ കാണുന്നത് ആദ്യമായിരുന്നു എന്ന് സത്യസന്ധമായി തന്നെ പറയാം. അയാളുടെ പേരായിരുന്നു ഇർഫാൻ ഖാൻ.
Also read: Irrfan Khan | പാതിവഴിയിൽ ഓട്ടം നിലച്ച അംഗ്രേസി മീഡിയം; ജീവിതയാത്ര അവസാനിച്ച നായകനും
ഞാൻ അദ്ദേഹത്തെ അറിയാൻ വൈകിപ്പോയിരിക്കും. എന്നാൽ ലോകത്തിന് ആ പ്രതിഭയുടെ കണ്ടെത്തൽ കാലത്തിന്റെ ആവശ്യമായിരുന്നു. ജുമ്പ ലാഹിരിയുടെ 'ദി നെയിംസേക്' സിനിമയാകുന്നു എന്ന് കേട്ടപ്പോൾ അതിലെ അശോക് എന്ന കഥാപാത്രം ഇർഫാൻ ചെയ്യുന്നതിൽ അവിടുത്തെ ഇന്ത്യൻ സമൂഹം ആവേശഭരിതരായിരുന്നു. ഏറെ ജനപ്രിയമായ ഒരു പാട്ടു പോലെയാണ് ഇർഫാൻ ഖാൻ. മറ്റാരും പറയാതെ എല്ലാവരും അത് തനിയെ പാടുകയും അനുഭവിക്കുകയും ചെയ്തു. പിന്നെ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ തുടങ്ങി. പലപ്പോഴും ആഖ്യാനം മറന്ന് അദ്ദേഹത്തിന്റെ പ്രഭാവത്തിൽ മുഴുകി. അല്ലെങ്കിൽ അദ്ദേഹം പെർഫോം ചെയ്യുമ്പോൾ കഥയെന്തെന്ന് ശ്രദ്ധിക്കാൻ ഞാൻ തുനിഞ്ഞില്ല എന്നും പറയാം. അഭിനയം എളുപ്പമാണെന്ന് തോന്നിപ്പിച്ച് അദ്ദേഹം എന്നെ പറ്റിക്കുകയായിരുന്നു. ഇർഫാൻ ഖാനെ കണ്ടെത്തിയ ഞാൻ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി; വീണ്ടും സിനിമയിലഭിനയിക്കാൻ.
കഴിഞ്ഞ പത്തു വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുകയോ, അഭിനയിക്കാൻ ശ്രമിക്കുകയോ ആണ്. എന്നാൽ ഒരിക്കലും ഇർഫാൻ ഖാനുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞിട്ടില്ല. കണ്ടിട്ടുമില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുള്ള അഭിനേതാക്കളും ചലച്ചിത്രകാരന്മാരുമായി ഞാൻ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിശാൽ ഭരദ്വാജിനെ കണ്ടപ്പോൾ ഞാൻ മഖ്ബൂലിനെ പറ്റിയാണ് ആദ്യം സംസാരിച്ചത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ ദുൽഖർ (സൽമാൻ ) കേരളത്തിൽ ഇർഫാനുമൊത്ത് ഷൂട്ട് ചെയ്യുമ്പോൾ എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചില്ല. ഞാൻ അന്ന് വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലായിരുന്നു. എന്തിനായിരുന്നു അന്നത്തെ ധൃതി എന്ന് ഇപ്പഴും മനസ്സിലാവുന്നില്ല. അന്ന് അദ്ദേഹത്തിനൊന്ന് കൈകൊടുക്കാത്തതിൽ ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നു. എനിക്കു വേണമെങ്കിൽ നേരെ ബോംബെയിൽ പോയി അദ്ദേഹത്തെ കാണാമായിരുന്നു.
Also read: Irrfan Khan |ഇർഫാൻ ഖാന്റെ ജീവിതം; അപൂർവ ചിത്രങ്ങളിലൂടെ
രാജ്യത്തിന് ഉത്തമനായ ഒരു കലാകാരനെ നഷ്ടമായി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായ നഷ്ടം എനിക്ക് ഊഹിക്കാനേയാവൂ. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ശൂന്യത അനുഭവിക്കുന്ന എഴുത്തുകാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും ദുഃഖം മനസ്സിലാക്കുന്നു. നമുക്കദ്ദേഹത്തെ ശരിക്കും ലഭിച്ചില്ല.
ഇന്ന് മുറിയിലേക്ക് വന്ന് എന്റെ ഭാര്യ ഈ വാർത്ത പറയുമ്പോൾ എനിക്കത് ഷോക്ക് ആയി എന്ന് പറഞ്ഞാൽ അത് നുണയായിരിക്കും . ഞാൻ എന്താണോ ചെയ്തിരുന്നത്, അത് തന്നെ ചെയ്തുകൊണ്ടേയിരുന്നു. പക്ഷെ ദിവസം മുഴുവനും ഞാൻ അദ്ദേഹത്തെ ഓർത്തുകൊണ്ടേയിരുന്നു. ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. എന്റെ കരിയർ അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നു തോന്നുന്നു. അന്ന് ആ ഡി.വി.ഡി. കണ്ടില്ലായിരുന്നെങ്കിൽ, എന്റെ ജീവിതം മാറ്റിയ ആ അഭിനേതാവിനെ കണ്ടിരുന്നില്ലെങ്കിൽ, ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല.
ഫഹദ് ഫാസിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.