മലയാള സിനിമയിൽ വർധിച്ചുവരുന്ന ഡീഗ്രേഡിങ് പ്രവണതയ്ക്കും വർഗീയതയ്ക്കും കൂച്ചുവിലങ്ങിടാൻ ഫാൻസ് ഷോകൾ വേണ്ടെന്നുവയ്ക്കാനൊരുങ്ങി തിയേറ്ററുകൾ. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ഫിയോക് (Film Exhibitors United Organisation of Kerala (FEUOK) ഇതുസംബന്ധിച്ച തീരുമാനം മാർച്ചിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ എടുക്കുമെന്ന് FEUOK പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞതായി 'മാധ്യമം' റിപ്പോർട്ട് ചെയ്യുന്നു.
ഫാൻസ് ഷോകൾ കഴിഞ്ഞാൽ ഉണ്ടാവുന്ന പ്രതികരണത്തെ തുടർന്ന് തിയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തുന്നത് കുറഞ്ഞു തുടങ്ങി എന്ന കണ്ടെത്തലിലാണ് വര്ഷങ്ങളായി മുടക്കമില്ലാതെ നടക്കുന്ന ഫാൻസ് ഷോയ്ക്ക് അറുതിവരുത്തുക എന്ന നീക്കത്തിലേക്ക് കടക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്കെല്ലാം ഫാൻസ് ഷോകൾ നടക്കാറുണ്ട്. മറ്റ് ഷോകളെ അപേക്ഷിച്ച് അതിരാവിലെയാണ് ഫാൻസ് ഷോകളുടെ ആരംഭം. തമിഴ് തെലുങ്ക് താരങ്ങളായ രജനികാന്ത്, വിജയ്, അജിത്കുമാർ, അല്ലു അർജുൻ തുടങ്ങിയ താരങ്ങളുടെ സിനിമകൾക്കും കേരളത്തിൽ ഫാൻസ് ഷോകൾ ഉണ്ടാവാറുണ്ട്.
പതിറ്റാണ്ടുകളായി ഫാൻസ് ഷോ മുടങ്ങാതെ നടക്കുന്ന കീഴ്വഴക്കമാണ്. അഭിനേതാക്കളുടെ താരപദവികൾ ഫാൻസ് ഷോയുമായി ഏറെ ബന്ധം പുലർത്തിയിരുന്നു. എന്നാൽ സൈബർ യുഗത്തിൽ, പ്രത്യേകിച്ച് അടുത്തിടെയായി സിനിമകൾക്ക് ഈ ഷോകൾ മുന്പുണ്ടായിരുന്നതിനേക്കാൾ നേർ വിപരീത ഫലം സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. വളരെ കുറച്ചു നാളുകളായി പഴയതോതിൽ അല്ലെങ്കിൽ പോലും ഉണർന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ച തിയേറ്ററുകളിൽ ഫാൻസ് ഷോകൾ കഴിഞ്ഞാൽ സോഷ്യൽ മീഡിയ വഴി ഡീഗ്രേഡിങ് ക്യാമ്പയിൻ ശക്തമാവുകയാണ്.
മികച്ച രീതിയിൽ ഉണ്ടായ ചിത്രങ്ങൾ പോലും ഈ ഡീഗ്രേഡിങ് ക്യാമ്പെയ്നുകൾ മൂലം കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു. മോഹൻലാൽ ചിത്രങ്ങളായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം', 'ആറാട്ട്' ഉണ്ണി മുകുന്ദൻ നായകനായ 'മേപ്പടിയാൻ' തുടങ്ങിയ സിനിമകൾ അടുത്തിടെ വലിയ തോതിൽ ഡീഗ്രേഡിങ് നേരിട്ടിരുന്നു. ഇതിൽ 'മേപ്പടിയാൻ' ഡിജിറ്റൽ റിലീസ് ചെയ്തതിൽ പിന്നെ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ടുപോവുകയാണ്.
Summary: Theatres in Kerala likely to end fans show for movies on release day. A decision in this regard may come in the general body meeting of FEOUK slated for Marchഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.