അച്ഛൻ പാടുന്ന താരാട്ട് പാട്ടിന്റെ വരികളുമായി സായ് പല്ലവി ചിത്രം അതിരനിലെ ആട്ടു തൊട്ടിൽ. അച്ഛനായി രഞ്ജി പണിക്കരും മകളായി സായ് പല്ലവിയുമാണ് ഈ ഗാനത്തിൽ. കുട്ടിക്കാലം മുതൽ യൗവനം വരെയുള്ള മകളെ ചിത്രങ്ങളിലൂടെ കോറിയിട്ടിരിക്കുന്നു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് പി.എസ്. ജയഹരി. പി. ജയചന്ദ്രൻ, ഗായത്രി അയ്യപ്പദാസ്, സരയു എസ്. നായർ എന്നിവരാണ് ഗായകർ.
ഫഹദിനെയും സായിയെയും പ്രധാന കഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരൻ. സെഞ്ച്വറി ഇൻവെസ്റ്മെന്റ്സ് ആണ് നിർമ്മാണം. പ്രകാശ് രാജ്, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ, സുദേവ് നായർ, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഊട്ടിയിലായിരുന്നു ചിത്രീകരണത്തിന് തുടക്കം.
നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ നായികയായി വേഷമിട്ട സായ് പല്ലവി മലയാളത്തിൽ മടങ്ങിയെത്തുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. കലിയിലെ നായികാ വേഷത്തിനു ശേഷം അന്യ ഭാഷ ചിത്രങ്ങളിലെ തിരക്കേറിയ താരമായി സായ് മാറി. നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാള സിനിമ ലോകത്തും തന്റെ കരിയറിൽ തന്നെയും മറക്കാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ച കഥാപാത്രമാണ് പ്രേമത്തിലെ മലർ മിസ്. ശേഷം കലിയിൽ ദുൽഖറിന്റെ ജോഡിയായെത്തി. മലയാളം തന്നെയാണ് സായ് എന്ന അഭിനേതാവിനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.