HOME » NEWS » Film »

Film Review: Argentina Fans Kaattoorkkadavu: ആളൊരുങ്ങി, ആരവമൊരുങ്ങി, കളിക്കളമെവിടെ?

Argentina Fans Kaattoorkadavu review : ഒരു ഫാൻ ക്ലബ് ചിത്രത്തിൽ ഇതിൽ കൂടുതൽ ഉള്ളടക്കം ഉണ്ടാവാനുള്ള സാഹചര്യമിരിക്കെ അത് വേണ്ട വണ്ണം കണ്ടെത്തിയിട്ടില്ല

news18india
Updated: March 22, 2019, 2:15 PM IST
Film Review: Argentina Fans Kaattoorkkadavu: ആളൊരുങ്ങി, ആരവമൊരുങ്ങി, കളിക്കളമെവിടെ?
ചിത്രത്തിലെ രംഗം
  • Share this:
#മീര മനു

ഗ്രാമ പശ്ചാത്തലത്തിൽ പിറവികൊള്ളുന്ന സ്പോർട്സ് പ്രേമികളുടെ ചിത്രങ്ങൾക്ക് എന്നും അതിന്റേതായ പ്രേക്ഷകർ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഈ അടുത്ത് തന്നെ മലയാളത്തിലിറങ്ങിയ 1983, ഗോദ പോലുള്ള ചിത്രങ്ങൾ. അവരുടെ ആരവങ്ങളും, കായികവിനോദത്തോടുള്ള അടങ്ങാത്ത സ്നേഹവും, ഊർജ്ജവും തന്നെയാണ് കാരണങ്ങൾ. അത് തന്നെയാണ് നിറഞ്ഞ സദസ്സുകളിൽ ഇത്തരം ചിത്രങ്ങൾ ഓടാൻ കാരണവും. ആട് എന്ന പേരിൽ രണ്ടു ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് അത്തരത്തിൽ ഒരു ഫുട്ബോൾ ലോക കപ്പ്-പ്രണയ കഥ പറയുകയാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിൽ.

തൃശൂർ ജില്ലയിലെ കാട്ടൂർക്കടവ് ഗ്രാമമാണ് കഥയുടെ പശ്ചാത്തലം. അർജന്റീന-ബ്രസീൽ ഫാനുകൾ ഇഞ്ചോടിഞ്ചു പോരാടുന്ന തനി നാട്ടിൻപുറം. ഇവിടുത്തെ അർജന്റീന ഫുട്ബോൾ സംഘത്തിന്റെ തലവനായി വിപിനൻ എന്ന കാളിദാസ് ജയറാമും, ബ്രസീൽ സംഘത്തിന്റെ പട നയിക്കുന്ന മെഹ്റുന്നിസയും (ഐശ്വര്യ ലക്ഷ്മി) ആണ് മുഖ്യ കഥാപാത്രങ്ങൾ. എന്നാൽ ഇവർ നല്ല സുഹൃത്തുക്കളാണ് താനും. കൂടാതെ, വിപിനന് മെഹറിനോട് സ്കൂൾ കാലം മുതൽ അടങ്ങാത്ത പ്രണയമുണ്ട്.

ഇവർ കണ്ടു വളരുന്ന ലോക കപ്പ് ടൂർണ്ണമെന്റുകളിലൂടെയാണ് കഥയുടെ സഞ്ചാരം. അതായത് ടീം തോറ്റാൽ പരീക്ഷ തോറ്റതിനെക്കാൾ നാണക്കേടാണ് ഇവിടുത്തുകാർക്ക്. കളി നടക്കുമ്പോൾ ഇരു ക്ളബ്ബുകളും തമ്മിൽ കടുത്ത മത്സരമുണ്ടാവും. ഏറ്റവും വലിയ കട്ട് ഔട്ട് വയ്ക്കുന്നത് മുതൽ, ആർപ്പു വിളിക്കുന്നതും ആരവം മുഴക്കുന്നതും വരെ ഈ മത്സരം എത്തി നിൽക്കുന്നു.പക്ഷെ ആരവം ഒരുക്കിയ സംവിധായകൻ കളിക്കളം ഒരുക്കുന്നതിൽ പാളി. 1983യിൽ ഗ്രാമത്തിലെ ക്രിക്കറ്റ് കളിയുടെ ആവേശവും ഗോദയിൽ നാട്ടിൻപുറത്തെ ഗാട്ടാ ഗുസ്തിയും പ്രേക്ഷകരെ ഹരം കൊള്ളിച്ചെങ്കിൽ ഇവിടെ അത് ടി.വി.യിൽ നടക്കുന്ന ലോക കപ്പ് ലൈവുകളിൽ ഒതുങ്ങുന്നു. പേരിനൊരു സ്‌കൂൾ ഗ്രൗണ്ട് ഫുട്ബോൾ കളി തുടക്കത്തിലൊരിടത്തു ചെറിയൊരു കടന്നു വരവ് നടത്തുന്നതല്ലാതെ വേറെയൊന്നും ഇല്ല.

ആദ്യ പകുതി കടക്കുമ്പോഴും, ഒരു എക്സൈറ്റ്മെന്റ് വരുന്നിടത്ത് ഇടവേള എത്തിയിട്ടില്ല. നായികക്ക് രണ്ടാൺസുഹൃത്തുക്കൾ ഉണ്ടെന്നിരിക്കെ ഇതിൽ ആരോടെങ്കിലും പ്രണയം ഉണ്ടോ എന്ന് ക്ലൈമാക്സ് വരെ കാത്തിരിക്കാതെ അറിയാനും സാധിക്കുന്നില്ല. ഇപ്പോഴും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ മുഖമായി നിൽക്കുന്ന ഐശ്വര്യയെ മെഹറിലേക്കു മാറ്റുമ്പോൾ അവർക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള അവസരം തീർക്കുറവാണ്. ആകെ പറയാനുള്ളത്, അന്നാട്ടിലെ ഫുട്ബോൾ പ്രേമികളുടെ സംഘത്തിലെ ഏക സ്ത്രീസാന്നിധ്യം ആണ് മെഹർ എന്നതാണ്.

കിട്ടിയ അവസരം നല്ല രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ച പുതു മുഖങ്ങൾ ചിത്രം മൊത്തത്തിൽ പാളിപോകുന്നതിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. അഭിനയ സാധ്യതകളുള്ള കാളിദാസ് ജയറാമിനെ വേണ്ട വിധേന ഉപയോഗിക്കാൻ ഇതുവരെ താരം ഭാഗമായ സ്ക്രിപ്റ്റുകൾക്കൊന്നും കഴിഞ്ഞില്ല എന്നത് ഇവിടെയും ആവർത്തിക്കുന്നു. ഒരു ഫാൻ ക്ലബ് ചിത്രത്തിൽ ഇതിൽ കൂടുതൽ ഉള്ളടക്കം ഉണ്ടാവാനുള്ള സാഹചര്യമിരിക്കെ അത് വേണ്ട വണ്ണം കണ്ടെത്തിയിട്ടില്ല എന്നത് ചിത്രത്തിലുടനീളം മൈനസ് പോയിന്റ് ആയി നിലനിൽക്കുന്നു.

First published: March 22, 2019, 2:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories