നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • FILM REVIEW: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വഴി മാറിപ്പോയൊരു രാഷ്ട്രീയ 'യാത്ര'

  FILM REVIEW: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വഴി മാറിപ്പോയൊരു രാഷ്ട്രീയ 'യാത്ര'

  വൈ.എസ്.ആറിന്റെ രാഷ്ട്രീയ ഭാവിയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഏടാണ് പദയാത്ര

  യാത്രയിൽ മമ്മൂട്ടി

  യാത്രയിൽ മമ്മൂട്ടി

  • Share this:
   #മീര മനു

   വലിയൊരു പ്രപഞ്ചം ചെറിയൊരു ക്യാൻവാസ്സിലേക്ക് ചുരുക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളിൽ ഒന്നാണ് അതിന്റെ രത്നച്ചുരുക്കം യാഥാർഥ്യവുമായി പൊരുത്തപ്പെടണമെന്നത്. വൈ.എസ്.രാജശേഖര റെഡ്‌ഡി അഥവാ വൈ.എസ്.ആർ. എന്ന, അവിഭക്ത ആന്ധ്ര പ്രദേശിലെ മുൻ മുഖ്യ മന്ത്രിയായിരുന്ന, ജന സമ്മതനായ നേതാവിന്റെ ജീവ ചരിത്രമല്ല, ജീവിതത്തിലെ ഒരേട് പറയാനുള്ള ശ്രമം ആയിരുന്നു യാത്ര. വൈ.എസ്.ആർ. 2003ൽ 1475 കിലോമീറ്റർ ദൂരം മൂന്നു മാസം കൊണ്ട് താണ്ടിയ നിർണ്ണായക പദയാത്രയാണ് പ്രമേയം. പിൽക്കാലത്ത് മുഖ്യമന്ത്രി പദത്തിലേക്ക് ഉയരാനുള്ള സാധ്യതയും, ഇത് തന്നെ ആയിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂട.   ഒരു തിരഞ്ഞെടുപ്പിൽ പോലും പരാജയം നേരിടാത്ത, ചെറുപ്രായത്തിൽ തന്നെ പാർട്ടിയുടെ നേതൃനിലയിലേക്കുയർന്ന വൈ.എസ്.ആറിന്റെ രാഷ്ട്രീയ ഭാവിയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഏടാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. ബഷീർ, അംബേദ്‌കർ, പഴശ്ശിരാജ എന്നിവരുടെ ജീവിതം അഭ്രപാളിയിലവതരിപ്പിച്ച മമ്മൂട്ടിയുടെ നാലാമത് റിയൽ ലൈഫ് കഥാപാത്രമാണ് വൈ.എസ്.ആർ. ബി.ആർ. അംബേദ്കറിന് ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു സുപ്രധാന ചുമതലയാണ് വൈ.എസ്. ആറിനെ അവതരിപ്പിക്കുകയെന്നത്. ചിത്രം അതിൽ എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കാം.   ഒരു ഹിറോയിക് സിനിമാക്കഥയെന്ന പോലെ അത്ഭുതങ്ങൾ ജീവിച്ചു കാണിച്ച മനുഷ്യനെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് ഓർക്കുക. അത് കൊണ്ട് തന്നെ വൈ.എസ്. ആർ. പദയാത്രയിൽ എന്ത് സംഭവിച്ചു എന്ന് അധികം തലപുകയാതെ തന്നെ തിരക്കഥയൊരുക്കാം. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന നേതാവായി ഇന്ദിരാ ഗാന്ധി, ഉയർത്തിയ, പുലിവെന്തൂലയിലെ കിരീടം വയ്ക്കാത്ത രാജാവായ വൈ.എസ്.ആറിന് കോൺഗ്രസ് ഹൈ കമാൻഡുമായുള്ള അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു. ചിത്രത്തിൽ വൈ.എസ്.ആറിന്റെ നിലപാടുകൾ ഊട്ടിയുറപ്പിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നതും ഇത് തന്നെയാണ്. രാമ റെഡ്ഢിയുടെ മകൾ സുചരിതയെ പിതാവിന്റെ മരണശേഷം മത്സരിപ്പിക്കാൻ പാർട്ടിക്കെതിരായി തീരുമാനം എടുക്കുന്നതും, പാർട്ടി തീരുമാനിച്ച വെങ്കട്ട റാവുവിനെതിരെ വർഷങ്ങളായി കതിർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന നാരായണ റെഡ്ഢിയെ പിന്താങ്ങിയതും, പദയാത്രയുടെ തലേ ദിവസം മാത്രം ഹൈ കമാൻഡിനെ വിവരം അറിയിച്ച്‌ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന വൈ.എസ്.ആറിനെ കഥയിൽ പ്രകീർത്തിക്കുന്നുണ്ട്.   പദയാത്രയ്ക്ക് ശേഷം ജനസമ്മിതി പല മടങ്ങ് വർധിച്ച്‌, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വൈ.എസ്.ആറിനെ കൊണ്ട് വന്ന്, ക്ലൈമാക്സ് ഒപ്പിക്കാനുള്ള തത്രപ്പാടാണ് അവസാന ഭാഗങ്ങളിൽ കാണുന്നത്. അതിന് കൂട്ടുപിടിക്കുന്നത് യഥാർത്ഥ വൈ.എസ്.ആറിന്റെ ചില വീഡിയോ ദൃശ്യങ്ങളും, ജീവനപഹരിച്ച ഹെലികോപ്ടർ അപകടവും, മകൻ ജഗൻ മോഹൻ റെഡ്‌ഡിയുടെ രാഷ്ട്രീയ ലോകത്തെ കാൽവയ്പ്പുമാണ്.വൈ.എസ്.ആറിന്റെ ചെയ്തികളെ പ്രകീർത്തിക്കാൻ ആഴത്തിലെ വിവരണം തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരിക്കെ, അനായാസേന കാറ്റലോഗ് മാതൃക പിന്തുടരുകയാണ്.

   മമ്മൂട്ടിയെ പോലുള്ള അഭിനയപ്രതിഭക്കുള്ള സാധ്യതകൾ വേണ്ട വിധേന പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതും വ്യക്തം. മമ്മൂട്ടിയിൽ വൈ.എസ്.ആറിനോട് സമാനതകൾ കാണുന്നില്ലെങ്കിലും, വിശ്വാസകരമായ രീതിയിൽ അദ്ദേഹത്തിന്റെ മാനറിസങ്ങൾ കഥാപാത്രത്തിലെത്തിക്കുന്ന കടമ എവിടെയോ നഷ്ടപ്പെടുന്നു. കൊടും വേനലിൽ കഥാനായകൻ ക്ഷീണിച്ചവശനായി വീഴുമ്പോഴും അത് കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിനു പകരം ക്യാമറാക്കണ്ണുകൾ എവിടെയൊക്കെയോ പാഞ്ഞ് ആശുപത്രിക്കിടക്കയിലേക്കു ലക്‌ഷ്യം വയ്ക്കുന്നു. വൈ.എസ്.ആറിനെ മമ്മൂട്ടിയിലേക്ക് എത്തിക്കുന്നതിൽ ചലച്ചിത്രം എത്രകണ്ട് വിജയിച്ചു എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

   First published: