ബ്രാൻഡ് അംബാസിഡർ ആകുന്നതും പരസ്യങ്ങളുമൊക്കെ സിനിമാ താരങ്ങളുടെ വലിയ വരുമാന മാർഗ്ഗമാണ്. ബോളിവുഡ് ആയാലും മോളിവുഡ് ആയാലും താരങ്ങൾ പരസ്യത്തിലൂടെ കോടികൾ വരുമാനം ഉണ്ടാക്കുന്നു - പ്രശസ്ത വസ്ത്ര ബ്രാൻഡുകൾ മുതൽ ഫെയർനസ് ക്രീമുകൾ വരെയുള്ള പരസ്യങ്ങളിൽ ഇവർ അഭിനയിക്കാറുണ്ട്.
അവരുടെ വിപണന തന്ത്രങ്ങളുടെ ഭാഗമായി, നിരവധി വലിയ ആഡംബര ബ്രാൻഡുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി താരങ്ങളെ പരസ്യങ്ങളിൽ അഭിനയിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, മോഹൻലാൽ തുടങ്ങി ഒട്ടുമിക്ക താരങ്ങളും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കാർത്തിക് ആര്യൻ, സോനം കപൂർ എന്നിവർ ഒരു ബ്രാൻഡ് നാമം ഉൾക്കൊള്ളുന്ന ഒരൊറ്റ സോഷ്യൽ മീഡിയ പോസ്റ്റിൽ മാത്രം പ്രത്യക്ഷപ്പെട്ട് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചത് അടുത്തിടെ വാർത്തയായിരുന്നു.
ഒരു ചലച്ചിത്രകാരന് നൽകുന്നതിനേക്കാൾ പ്രധാന്യം പരസ്യ വ്യവസായം അഭിനേതാക്കൾക്കാണ് കൂടുതൽ പണം നൽകുന്നത്. എന്നാൽ ഇത്തരമൊരു കാലഘട്ടത്തിലും, പരസ്യ കരാറുകളിൽ ഏർപ്പെടാൻ വിസമ്മതിച്ച നിരവധി സൂപ്പർ താരങ്ങൾ തെന്നിന്ത്യൻ സിനിമയിലുണ്ട്.
ഒരു പ്രമുഖ ടിവി അല്ലെങ്കിൽ അച്ചടി പരസ്യത്തിലും പ്രത്യക്ഷപ്പെടാത്ത ചുരുക്കം തെലുങ്ക് നടന്മാരിൽ ഒരാളാണ് പ്രശസ്ത തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ. സോഷ്യൽ മീഡിയയിലും നന്ദമുരി ഒരു ബ്രാൻഡിനെയും പ്രൊമോട്ട് ചെയ്തു പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇതിന് ബാലകൃഷ്ണയ്ക്ക് ഒരു കാരണവുമുണ്ട്. തന്റെ പിതാവ് നന്ദമുരി താരക രാമ റാവു ഒരു പരസ്യത്തിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും, അതുകൊണ്ടാണ് താനും ആ വഴി തിരഞ്ഞെടുത്തതെന്ന് ബാലകൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടൻ എന്ന നിലയിൽ സിനിമാ കരിയറിൽ തന്റെ പിതാവ് ഒരു പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ടോളിവുഡിലെ താരരാജാക്കൻമാരിൽ ഒരാളായ ബാലകൃഷ്ണ പറയുന്നു. ഒരു പരസ്യത്തിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും തന്റെ ആരാധകരും കുടുംബവും സുഹൃത്തുക്കളും എപ്പോഴും തന്നോട് സ്നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണ പറഞ്ഞു. തന്റെ ആരാധകരെയും തെലുങ്ക് നാട്ടിലെ പ്രിയപ്പെട്ടവരെയും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും അതിൽ നിന്ന് പണം സമ്പാദിക്കാനും തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു."ഒരു നടനെന്ന നിലയിൽ, എന്റെ സിനിമകളിലൂടെ ആളുകളെ രസിപ്പിക്കുക എന്നതാണ് എന്റെ കടമ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ അത് ചെയ്യും."- ബാലകൃഷ്ണ പറഞ്ഞു
സായ് പല്ലവി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടി. പരമ്പരാഗത സൌന്ദര്യ സങ്കൽപങ്ങളെ പൊളിച്ചെഴുതിയാണ് മുഖക്കുരു ഉള്ള സായ് പല്ലവി താരമായി വളർന്നത്. അതുകൊണ്ടുതന്നെ ഫെയർ ആൻഡ് ലവ്‌ലിയുടെ ഫെയർനസ് ക്രീം ബ്രാൻഡുമായി രണ്ട് കോടി രൂപയുടെ പരസ്യ കരാർ സായ് പല്ലവിയെ തേടി എത്തിയിരുന്നു. എന്നാൽ അത് വേണ്ടെന്ന് വെക്കുകയാണ് താരം ചെയ്തത്. കുറച്ചുനാൾ മുമ്പുള്ള ഒരു അഭിമുഖത്തിൽ, ഈ നിർദ്ദേശം നിരസിക്കാനുള്ള തീരുമാനം താരം വിശദീകരിച്ചു, “ഇന്ത്യക്കാർക്ക് അവരുടേതായ നിറവും സൌന്ദര്യവുമുണ്ട്. ആഫ്രിക്കൻ ജനതയ്ക്കും അവരുടെ നിറമുണ്ട്, അവർ ഏറെ സൌന്ദര്യമുള്ളവരാണ്. "
Also Read- കുട്ടികൾ തമ്മിലുള്ള വഴക്ക് വീട്ടുകാർ ഇടപെട്ട് വഷളായി; പന്ത്രണ്ടുകാരന്റെ നാക്ക് മുറിച്ചു
മുതിർന്ന നടൻ മോഹൻ ബാബു, നന്ദമുരി കല്യാൺ റാം, അനുഷ്ക ഷെട്ടി, ഗൗതമി, സ്നോ വിഷ്ണു, മഞ്ചു മനോജ് കുമാർ, അല്ലരി നരേഷ്, സായ് ധരം തേജ് എന്നിവരും പരസ്യ വരുമാനം വേണ്ടെന്ന് പരസ്യമായി നിലപാടെടുത്ത തെന്നിന്ത്യയിലെ മറ്റ് പ്രമുഖ താരങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anushka Shetty, Sai Pallavi