അട്ടപ്പാടിയുടെ ജീവിതവും, മുഡുക ഭാഷയുടെ സൗന്ദര്യവുമായി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചർ' (Signature movie) എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ (Minister Saji Cherian) റിലീസ് ചെയ്തു. അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും, അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ.
പാരമ്പര്യ വിഷചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന 'സിഗ്നേച്ചർ' മനോജ് പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്.
ആദിവാസി ജീവിതം ദുരിതപൂർണ്ണമാക്കുന്ന E 117 എന്ന ഒറ്റയാനെ തളയ്ക്കാനുള്ള വനപാലകരുടെ ശ്രമങ്ങൾ ഉദ്വോകജനകമായ കഥാ സന്ദർഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു.
അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ മുഡുക ഭാഷ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്. അട്ടപ്പാടിയുടെ തനിമ അതേപടി ഒപ്പിയെടുത്ത് വ്യത്യസ്തമായൊരു സിനിമാ അനുഭവം പ്രേക്ഷകന് പകർന്നു നൽകുകയാണ് സിഗ്നേച്ചറിന്റെ പിന്നണി പ്രവർത്തകരുടെ ലക്ഷ്യം.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'സിഗ്നേച്ചർ' എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഫാദർ ബാബു തട്ടിൽ CMI എഴുതുന്നു.
Summary: Minister Saji Cherian released first-look poster of the movie Signature capturing the life in Attappady
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.