മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിൻ്റെ പുതിയ ഗാനം പുറത്തിറങ്ങി. ‘യേലേലോ യേലേലോ’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഫെബ്രുവരി 17 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
ചിത്രത്തിൽ നടി സമാന്ത ശകുന്തളയായി എത്തുമ്പോൾ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുക.
അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.
മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി, ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി.ആർ.ഒ.- ശബരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.