ഈ ആഴ്ച നിവിൻ പോളിയെ സംബന്ധിച്ച് രണ്ടു പ്രധാന കാര്യങ്ങൾ ഉണ്ട്. വരുന്ന വെള്ളിയാഴ്ച, ജനുവരി 18ന് നിവിൻ നായകനാവുന്ന ചിത്രം മിഖായേൽ തിയേറ്ററുകളിലെത്തുന്നു. എന്നാൽ അതുപോലെ പ്രത്യേകതയുള്ള ദിവസമാണ് ജനുവരി 17. വൈകുന്നേരം ആറു മണിക്ക് നിവിൻ പോളി നായകനാവുന്ന ഗീതു മോഹൻദാസ് ചിത്രം മൂത്തോന്റെ ടീസർ പുറത്തിറങ്ങുന്നു. അതും വെറുതെയല്ല, നിവിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമയിലെ അഞ്ചു പ്രധാന വ്യക്തികൾ ചേർന്നാണ് തങ്ങളുടെ സമൂഹ മാധ്യമങ്ങൾ വഴി ഒരേ സമയം ടീസർ പുറത്തിറക്കുന്നത്. ബോളിവുഡിലെ കരൺ ജോഹർ, അനുരാഗ് കശ്യപ്, തമിഴ് സിനിമയിലെ സൂര്യ ശിവകുമാർ, മലയാളത്തിലെ പൃഥ്വിരാജ് എന്നിവർ ചേർന്നാണ്. ആദ്യമായാവും ഇത്തരത്തിൽ ഒരു മലയാള സിനിമയുടെ ടീസർ പുറത്തിറങ്ങുന്നത്.
സംവിധായക ഗീതു മോഹൻദാസിന്റേതാണ് തിരക്കഥയും. മലയാളത്തിലും ഹിന്ദിയിലുമായാണ് മൂത്തോൻ ഒരുങ്ങുന്നത്. ഈ വൻ ബജറ്റ് ചിത്രത്തിന്റെ ഹിന്ദി ഡയലോഗുകൾ എഴുതിയിരിക്കുന്നത് അനുരാഗ് കശ്യപും കൂടി ചേർന്നാണ്. നിവിന്റെ ഹിന്ദി പ്രവേശവും കൂടിയാവും ഈ ചിത്രം. രാജീവ് രവി ക്യാമറ കൈകാര്യം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാവും സിനിമ സംവിധായകനുമായ അജിത്കുമാറിന്റേതാണ് എഡിറ്റിംഗ്. സംഗീതം ഗോവിന്ദ് വസന്ത. ആനന്ദ് എൽ.റായുടെ കളർ യെല്ലോ പ്രൊഡക്ഷൻസും, ജാർ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം. ഈറോസ് ഇൻറ്റർനാഷണൽ ചിത്രം തിയേറ്ററുകളിലെത്തിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.