നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇക്കൊല്ലം ആദ്യം റിലീസാകുന്ന അഞ്ചു മലയാള ചിത്രങ്ങൾ ഏതൊക്കെ?

  ഇക്കൊല്ലം ആദ്യം റിലീസാകുന്ന അഞ്ചു മലയാള ചിത്രങ്ങൾ ഏതൊക്കെ?

  • Share this:
   2019ലെ സിനിമാക്കാലത്തിന് തുടക്കം കുറിച്ച് അഞ്ച് മലയാള ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്. ആസിഫ് അലി നായകനാവുന്ന വിജയ് സൂപ്പറും പൗർണ്ണമിയും, ഷറഫുദീന്റെ നീയും ഞാനും, സാമുവൽ എബിയോള റോബിൻസൺ ചിത്രം ഒരു കരീബിയൻ ഉഡായിപ്പ്, വിനീതിന്റെ മാധവീയം, ഹരീഷ് പേരടി നായകനാവുന്ന ജനാധിപൻ എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷക മുന്നിലെത്തുന്നത്.   ഈ വർഷത്തെ ആദ്യ ആസിഫ് അലി ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. തൊട്ടതെല്ലാം പൊന്നാക്കിയ ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകൻ ജിസ് ജോയ് ആണ് ഈ ചിത്രവും ഒരുക്കുന്നത്. നായകനും, നായികയ്ക്കും മേൽ ഒരുപോലെ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം. ഒരു വിജയ് സൂപ്പർ സ്കൂട്ടറും, അതിനെ ചുറ്റിപ്പറ്റിയുള്ള വ്യക്തികളും കഥകളും നിറഞ്ഞതാണ് ചിത്രം.   ഷറഫുദ്ദീന്റെ മേലുള്ള പ്രതീക്ഷകളുടെ തുടർച്ചയാണ് നീയും ഞാനും. വരത്തനിലെ വില്ലൻ വേഷത്തിലൂടെ തൻ്റെ പ്രതിച്ഛായ തന്നെ മാറ്റിയ ഷറഫ് നായക വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. അനു സിതാര നായികയാണ്. എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രമായ സുഡുവിനെ അവതരിപ്പിച്ച്‌ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാക്കി മാറ്റിയ വിദേശിയായ സാമുവൽ എബിയോള റോബിൻസൺ തിരികെയെത്തുന്ന ചിത്രമാണ് ഒരു കരീബിയൻ ഉഡായിപ്പ്. ക്യാംപസ് കേന്ദ്രീകരിച്ചു നടക്കുന്ന ചിത്രത്തിൽ സാമുവൽ വില്ലൻ വേഷത്തിലാവും എത്തുക. ഒപ്പം മലയാളത്തിലെ യുവ താരനിരയും പുതുമുഖങ്ങളും അണി നിരക്കുന്നു. സാമുവലിനൊപ്പം വിഷ്ണു വിനയ്, അനീഷ് ജി. മേനോൻ,വിഷ്ണു ഗോവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ. ജോജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   ഇന്ത്യയിലൊട്ടാകെ രാഷ്ട്രീയ ചിത്രങ്ങൾ അരങ്ങേറ്റം കുറിക്കുന്ന വേളയിൽ കേരളം രാഷ്ട്രീയം ഉറ്റു നോക്കുന്ന ചിത്രമാവാൻ തയ്യാറെടുത്തുള്ള വരവാണ് ജനാധിപൻ. കണ്ണൂർകാരനായ ഇടതുപക്ഷക്കാരൻ മുഖ്യമന്ത്രിയുടെ വേഷത്തിൽ ഹരീഷ് പേരടി എത്തുന്നു. തുടക്കത്തിൽ തന്നെ രാഷ്ട്രീയ ലക്ഷ്യം കൃത്യമായി പറഞ്ഞു കൊണ്ടുള്ള വരവായിരുന്നീ ചിത്രം. സംവിധാനം എം.എ. തൻസീർ.   വർഷങ്ങൾക്ക് ശേഷം തേജസ് പെരുമണ്ണ തിരിച്ചുവരവ് നടത്തുന്ന മാധവീയത്തിൽ നടനും നർത്തകനുമായ വിനീത് നായക വേഷം കൈകാര്യം ചെയ്യുന്നു. 1997ൽ ആയിരുന്നു സംവിധായകൻറെ ആദ്യ ചിത്രം പൂനിലാവ് നിർമ്മിക്കപ്പെട്ടത്. മാധവ് ദേവ് എന്ന പെയിൻറ്ററും അയാളുടെ പ്രണയിനിയായും പിന്നീട് ഭാര്യയുമായി മാറുന്ന നർത്തകിയായ മല്ലികയുടെയും ജീവിതത്തിലൂടെയുള്ള യാത്രയാണ് മാധവീയം. ഒരു അപകടത്തെ തുടർന്ന് മാറി മറിയുന്ന ഇവരുടെ ജീവിതമാണ് പ്രതിപാദ്യം.

   First published:
   )}