മലയാള സിനിമയിൽ പുത്തൻ റിലീസുകളുടെ പെരുമഴ അവസാനിക്കുന്നില്ല. പുതു വർഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോൾ അഞ്ച് പുതിയ ചിത്രങ്ങൾ കൂടി തിയേറ്ററുകളിൽ എത്തുകയാണ്. ചെറുതും വലുതുമായ പ്രൊഡക്ഷനുകൾ ഒരേ സമയം പ്രേക്ഷക മുന്നിലെത്തുന്നുവെന്നതും പ്രത്യേകതയാണ്. ഏറ്റവും ശ്രദ്ധേയമായ പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട്, നിരഞ്ജ് മണിയൻപിള്ള നായക വേഷത്തിലെത്തുന്ന സകലകലാശാല, വള്ളിക്കെട്ട്, നല്ല വിശേഷം, പന്ത് എന്നീ ചിത്രങ്ങൾ ജനുവരി 25ന് വെള്ളിത്തിരയിലെത്തുന്നു. ഇതിൽ രണ്ടു ചിത്രങ്ങൾ താര പുത്രന്മാരുടേതെന്നതും ശ്രദ്ധേയം.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്
ആദ്യ നായക ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സംഘട്ടനത്തിനു പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ സർഫിങ് പരിശീലകന്റെ വേഷത്തിലാണ് പ്രണവ്. പുതുമുഖം സയാ ഡേവിഡ് നായികയായി എത്തുന്നു. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഒരു പ്രധാന കഥാപാത്രമാവുന്നുണ്ട്. നിർമ്മാണം ടോമിച്ചൻ മുളകുപാടം. ചിത്രത്തിന്റെ ട്രെയ്ലറും, ടീസറും ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.
ബോബി എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തിൽ ആദ്യ ചുവടു വച്ച നടനാണ് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ്. ശേഷം മോഹൻലാൽ ചിത്രം ഡ്രാമയിലും മികച്ച പ്രകടനം നിരഞ്ജിന്റേതായി ഉണ്ടായിരുന്നു. സകലകലാശാലയാണ് ഇനി നിരഞ്ജിന്റേതായി തിയേറ്ററുകളിൽ എത്തുന്നത്. ക്യാമ്പസ് ചിത്രമായ സകലകലാശാലയുടെ തിരക്കഥ സംവിധായകൻ ജയരാജിന്റേതാണ്. സംവിധാനം വിനോദ് ഗുരുവായൂർ. മാനസ രാധാകൃഷ്ണനാണ് നായിക. ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, ഹരീഷ് കണാരൻ, രഞ്ജി പണിക്കർ, അലെൻസിയർ, ഷമ്മി തിലകൻ, മേഘനാഥൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

സകലകലാശാല
നവാഗതനായ ജിബിൻ സംവിധാനം നിർവഹിച്ച, മാമുക്കോയ, ജാഫർ ഇടുക്കി, അഷ്കർ സൗദൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വള്ളിക്കെട്ട്. ഒരു മണിക്കൂർ 54 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഡ്രാമ വിഭാഗത്തിൽപ്പെടും. ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ബിജു സോപാനം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് നല്ല വിശേഷം. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു ഗ്രാമത്തിന്റെയും, അവിടുത്തെ ജനങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ചിത്രമാണ് നവാഗതനായ അജിതൻറെ നല്ല വിശേഷം. കോർപറേറ്റുകൾ തങ്ങളുടെ നാടിനുള്ളിൽ കൈകടത്തുമ്പോഴുള്ള അവരുടെ പ്രതികരണവും, പ്രകൃതി സ്നേഹവും ഇവിടെ ചർച്ചാ വിഷയങ്ങളാവുന്നു. ശ്രീജി ഗോപിനാഥൻ മുഖായ കഥാപാത്രമായെത്തും.
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരമായി മാറിയ അബനി ആദിയുടെ ചിത്രമാണ് പന്ത്. ഒരു കൊച്ചു പെൺകുട്ടിയുടെയും, അവളുടെ മുത്തശ്ശിയുടെയും ബന്ധവും കാല്പന്തിനോടുള്ള സ്നേഹവുമാണ് പ്രതിപാദ്യം. പരസ്യ ചിത്രങ്ങളുടെ നിർമ്മാതാവ് ആദിയുടെ ചിത്രമാണ്. പൊന്നാനിയിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച പന്തിന്റെ നിർമ്മാതാവ് ഷാജി ചങ്ങരംകുളയാണ്. നെടുമുടി വേണു, വിനീത്, അജു വർഗീസ്, സുധീർ കരമന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.