HOME /NEWS /Film / എന്ത് പ്രഹസനമാണ് പോലീസേ? പോലീസ് ഓഫീസേഴ്‌സ് സംഘടനയുടെ മുൻ അധികാരിയുടെ കുറിപ്പിങ്ങനെ

എന്ത് പ്രഹസനമാണ് പോലീസേ? പോലീസ് ഓഫീസേഴ്‌സ് സംഘടനയുടെ മുൻ അധികാരിയുടെ കുറിപ്പിങ്ങനെ

ലൂസിഫറിൽ മോഹൻലാൽ

ലൂസിഫറിൽ മോഹൻലാൽ

Police complaint against Lucifer flayed | ലൂസിഫറിനെതിരെയുള്ള പോലീസ് പരാതിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി മുൻ പോലീസ് സംഘടനാ മേധാവി

 • News18 India
 • 2-MIN READ
 • Last Updated :
 • Share this:

  പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന ലൂസിഫറിലെ മോഹൻലാലിന്റെ പോസ്റ്ററിന്മേൽ പരാതി ഉന്നയിച്ച കേരള പൊലീസിന് മുൻ സംഘടനാ ഭാരവാഹിയുടെ വിമർശനം. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി കെ.മണികണ്ഠൻ നായാരാണ് പോലീസിന്റെ ഈ ചെയ്തിയെ ചോദ്യം ചെയ്ത് കുറിപ്പിറക്കിയിരിക്കുന്നത്. ഒരു സിനിമയിലെ സാങ്കൽപ്പിക കഥാപാത്രങ്ങളുടെ അഭിനയ രംഗം കണ്ട് ഇത്തരം വിലകുറഞ്ഞ കാര്യങ്ങൾക്ക് സംഘടനയുടെ ലെറ്റർ ഹെഡ് പാഴാക്കുന്നതെന്തിനെന്നും ജീവിതത്തിൽ പൊലീസിന് നേരെ ആക്രമണം നടക്കുമ്പോൾ ഇതേ ഉശിര് എടുക്കാത്തതെന്തെന്നുമാണ്‌ ഇദ്ദേഹത്തിന്റെ ചോദ്യം. കുറിപ്പിങ്ങനെ.

  എന്ത് പ്രഹസനമാണ് ....പീജീ?

  ലൂസിഫർ സിനിമയുടെ പരസ്യചിത്രവുമായി ബന്ധപ്പെട്ട് കേരള പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. പീജീ അനിൽകുമാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ പകർപ്പ് വാട്സ്ആപ്പിലൂടെ കാണാൻ ഇടയായി. പോലീസ് സംഘടനയുടെ ലെറ്റർ പാഡിൽ ഇപ്പോഴും നിവേദനങ്ങൾ മുഖ്യമന്ത്രിക്ക് കൊടുക്കുന്നുണ്ടെന്നറിഞ്ഞതിൽ വലിയ സന്തോഷം തന്നെ....

  ഇനി കാര്യത്തിലേക്കു വരാം.

  ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ സിനിമയിലെ വില്ലൻ കഥാപാത്രമായ പോലിസ് ഉദ്യോഗസ്ഥനെ ചവിട്ടിപ്പിടിച്ചിരിക്കുന്ന ഒരു രംഗമാണ് പീജിയുടെ കത്തിന് ആധാരം എന്ന് മനസ്സിലായി. സിനിമയിലെ സാങ്കല്പികമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള കേവലം അഭിനയ രംഗം കണ്ട് ചോര തിളച്ചാണോ ഈ നിവേദനം തയ്യാറാക്കിയത്. ഇത്തരം വിലകുറഞ്ഞ കാര്യങ്ങൾക്കാണോ മഹത്തായ സംഘടനയുടെ ലെറ്റർഹെഡ് വേസ്റ്റ് ആക്കുന്നത്..

  പീജീ.. ഒരാഴ്ച മുന്നേ പൂന്തുറ പോലിസ് സ്റ്റേഷനിലെ എസ്.ഐ. ശൈലേന്ദ്ര പ്രസാദിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനമിടിപ്പിച്ചു ചോരലയൊലിപ്പിച്ചപ്പോൾ ഈ പ്രതികരണം കണ്ടില്ലല്ലോ? അവിടെ അഭിനയമായിരുന്നില്ല യഥാർത്ഥത്തിൽ സംഭവിച്ചതല്ലേ? പക്ഷെ അദ്ദേഹം അഭിനയിച്ചതാണെന്നു വിധി കൽപ്പിച്ചു നിങ്ങൾ സസ്‌പെൻഷൻ എന്ന അവാർഡും നൽകി അംഗീകരിച്ചു. കൊള്ളാം നന്നായിട്ടുണ്ട്. എസ്.ഐയെ ആക്രമിച്ചതിനും സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസ് എടുക്കാതെ സ്റ്റേഷന് പുറത്ത് ഉപരോധം നടത്തിയെന്ന് കാണിച്ച് അക്രമികൾക്ക് ജാമ്യം കിട്ടുന്നതിനുതകുന്ന വകുപ്പുകളും ചാർത്തി നൽകിയപ്പോഴും സംഘടന പ്രതികരിച്ചില്ലല്ലോ?

  Read: ലൂസിഫറിനെതിരെ പോലീസ് പട, തെറ്റായ സന്ദേശത്തിനെതിരെ പരാതി

  ദിവസങ്ങൾക്കു മുൻപ് എസ്.എ.പി ക്യാമ്പിലെ കുഞ്ഞനുജനായ ശരത്തിന് നേരെ എസ്.എഫ്.ഐ നേതാക്കളുടെ മർദ്ദനമുണ്ടായിട്ടും നിങ്ങൾക്കു വേദനിച്ചില്ലല്ലേ? തിരൂർ ബ്ലോക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് തടഞ്ഞ എസ്.ഐ ഗോപാലകൃഷ്ണനെ ഡി.വൈ.എഫ്.ഐ നേതാവ് മുഖത്തടിക്കുന്ന ചിത്രം മാധ്യമങ്ങളിലെല്ലാം വന്നിട്ടും നിങ്ങൾ പ്രതികരിച്ചില്ലല്ലോ? കൊട്ടാരക്കരയിൽ മദ്യപിച്ചെത്തിയ കുട്ടി സഖാക്കൾ പോലീസിനെ മർദ്ദിച്ച വാർത്ത കേട്ടിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ? പോലീസുകാർ മർദ്ദനമേറ്റു ചോരയൊലിച്ചു വീണപ്പോഴൊന്നും ഉണരാത്ത കാക്കി സ്നേഹം അണപൊട്ടി ഒഴുകിയതിന്റെ ചേതോവികാരം എന്താണ്?

  പോലീസ് ഉദ്യോഗസ്ഥർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ഒരു വാക്ക് പോലും ഉരിയാടാതെ കേവലം ഒരു സിനിമയുടെ പരസ്യത്തിന് പിന്നാലെ പോയി സ്വയം അപഹാസ്യമാകുന്ന സംഘടനാ നേതൃത്വം തികച്ചും പ്രഹസനമാണ്. ഇതാണോ ഇന്ന് പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന പ്രശ്നം? ആ സിനിമക്കെതിരെ പ്രതികരിച്ചതിലൂടെ സിനിമക്കുണ്ടാകുന്ന പ്രചാരമാണോ നിങ്ങളുടെ ലക്‌ഷ്യം.. അതോ അതിനായ് അച്ചാരം വാങ്ങിയാണോ ഈ കാക്കി സ്നേഹം ഉണർത്തിയത്.

  ഈ സിനിമയേക്കാൾ വേദനിപ്പിക്കുന്ന രണ്ടു രംഗങ്ങൾ ഇതിനു മുൻപ് പത്രങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം പിടിച്ചത് ഞാൻ താങ്കളെ ഓർമ്മപെടുത്താം.. ചവറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഫ്രാൻസിസ് ഗ്രീക്കിനെ എസ് .എഫ്.ഐ. നേതാക്കൾ തള്ളിയിട്ട് ചവിട്ടി മെതിക്കുന്ന ചിത്രം മനോരമ പത്രത്തിൽ ഒന്നാം പേജിൽ കൊടുത്തിരുന്നു. ആ ചിത്രം കണ്ട് പോലീസുകാർക്ക് മാത്രമല്ല സാധാരണ ജനങ്ങൾക്കും വേദനിച്ചു. കോഴിക്കോട് പാഠപുസ്തക സമരവുമായി ബന്ധപ്പെട്ടു എസ് .എഫ്.ഐ. നടത്തിയ സമരത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ പിന്നിൽ നിന്നും ചവിട്ടി വീഴ്‌ത്തുന്ന ചിത്രം മാതൃഭൂമി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. അതും ഒട്ടേറെ പേരെ വേദനിപ്പിച്ചതാണ്... അല്ലാതെ ഒരു സിനിമയിലെ പരസ്യരംഗം കണ്ട് പോലീസുകാർക്ക് വേദനയും അപമാനവും ഉണ്ടായെന്ന് പറയുന്നത് എന്ത്‌ ബാലിശമാണ്.. മാത്രമല്ല അതൊക്കെ വിവേകബുദ്ധിയോടെ കാണാനും വിലയിരുത്തുവാനും കഴിവുള്ളവരാണ് മലയാളി പ്രേക്ഷകർ..

  ഇതിനു മുൻപും പല സിനിമകളിലും ഇതിനേക്കാൾ മോശമായ തരത്തിൽ പോലീസിനെ ചിത്രീകരിച്ചിട്ടുണ്ട്. വില്ലനായ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന നായകന് എന്നും കയ്യടി കിട്ടും.അത് പോലീസുകാരുടെ കുടുംബങ്ങൾ പോലും കയ്യടിക്കും. അത് സിനിമയാണ്.. പക്ഷെ ഔദ്യോഗിക ജീവിതത്തിൽ രാഷ്ട്രീയ ഗുണ്ടകളുടെ അക്രമം ഏറ്റുവാങ്ങേണ്ടി വരുന്നത് ആർക്കും സഹിക്കാൻ കഴിയില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഇത്രയും കടന്നാക്രമണങ്ങൾ നടന്നിട്ടും അപമാനങ്ങൾ ഉണ്ടായിട്ടും നിസ്സംഗത പാലിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടുമാണ് ഇന്നത്തെ സംഘടനാ നേതൃത്വം സ്വീകരിക്കുന്നത്. പോലീസ് സംഘടനകളുടെ കുറ്റകരമായ മൗനമാണ് പൊതുസമൂഹത്തിലും മാധ്യമങ്ങളിലും സിനിമയിലും പോലീസിനെ അപകീർത്തിപെടുത്തുന്ന തരത്തിൽ ചിത്രീകരിക്കാൻ ഇടവരുത്തുന്നത്.

  പത്രത്തിൽ പരസ്യം വന്ന അതേ ദിവസം തന്നെ ഈ പ്രസ്താവന ഇറക്കിയതിലും പൊരുത്തക്കേടുകളുണ്ട്. സാധാരണ ഇത്തരം വിഷയങ്ങളിൽ സംസ്ഥാന നിർവാഹക സമിതിയെങ്കിലും ചേർന്ന് വിഷയം ചർച്ച ചെയ്യേണ്ടതാണ്. അത്തരത്തിൽ ഒരു കൂടിയാലോചന പോലുമില്ലാതെ ധൃതി പിടിച്ച് ഏകപക്ഷീയമായ തീരുമാനമെടുത്തതു കൊണ്ടാവാം ഈ വിഷയത്തിൽ പോലീസ് സംഘടനക്കെതിരെ വിമർശനങ്ങൾ ഉയരുന്നതും.

  പോലീസ് ഉദ്യോഗസ്ഥരെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലാണ് പോലീസ് സംഘടനകളിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതിനുപകരംചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി നടത്തുന്ന ഇത്തരം ഗിമ്മിക്കുകൾ തികച്ചും അപഹാസ്യം തന്നെയാണ്... പ്രഹസനം തന്നെയാണ്.

  First published:

  Tags: Kerala police, Lucifer, Lucifer actress, Lucifer cast, Lucifer characters, Lucifer crew, Lucifer film, Lucifer Malayalam movie, Lucifer Manju Warrier, Lucifer movie review, Lucifer movie songs, Lucifer Murali Gopy, Lucifer Prithviraj, Lucifer songs, Lucifer thriller movie, Lucifer Tovino Thomas, Lucifer Vivek Oberoi