• HOME
 • »
 • NEWS
 • »
 • film
 • »
 • Thamasha movie review: മറ്റുള്ളവരുടെ തമാശയല്ല, ഒരു വ്യക്തിയുടെ ജീവിതം; ഇത് പറയേണ്ട സിനിമ

Thamasha movie review: മറ്റുള്ളവരുടെ തമാശയല്ല, ഒരു വ്യക്തിയുടെ ജീവിതം; ഇത് പറയേണ്ട സിനിമ

Full review of Thamasha movie | ബോഡി ഷെയിമിങ് എന്ന കളിയാക്കലുകൾക്കെതിരെ ഘോര ഘോര പ്രസംഗം നടത്തുന്ന, നടക്കുന്ന ഈ നാട്ടിൽ ഇറങ്ങേണ്ടുന്ന സിനിമയാണ് തമാശ

തമാശയിൽ വിനയ് ഫോർട്ട്

തമാശയിൽ വിനയ് ഫോർട്ട്

 • Share this:
  #മീര മനു

  'വെളുത്ത് മെലിഞ്ഞ യുവതി, സുന്ദരി', 'യുവാവ്, സുമുഖൻ', 'പ്രായക്കൂടുതൽ ഉണ്ടെങ്കിലും കണ്ടാൽ 25'. കേരളത്തിലെ കല്യാണ പരസ്യങ്ങൾ നോക്കിയാൽ ഇത് രണ്ടു പേർ തമ്മിലെ വിവാഹം ഉദ്ദേശിച്ചു കൊണ്ടാണോ അതോ മോഡലിംഗിന് ആളെ അന്വേഷിക്കുന്ന പരിപാടിയാണോ എന്ന് തോന്നിയില്ലെങ്കിൽ മാത്രം അത്ഭുതപ്പെട്ടാൽ മതി. 'എങ്ങനെ വെളുക്കാം' പരസ്യങ്ങൾ പോലും ഈ മനോഭാവം ഉടലെടുത്തു പിറക്കുന്നതാണ് എന്നതിൽ സംശയമുണ്ടോ? ബോഡി ഷെയിമിങ് എന്ന കളിയാക്കലുകൾക്കെതിരെ ഘോര ഘോര പ്രസംഗം നടത്തുന്ന, നടക്കുന്ന, എന്നാൽ സാഹചര്യത്തിന് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ലാത്ത,  ഈ നാട്ടിൽ ഇറങ്ങേണ്ടുന്ന സിനിമയാണ് തമാശ. കഷണ്ടിയുള്ള ഒരു യുവാവിന് സമൂഹത്തിൽ നേരിടേണ്ടി വരുന്ന, അയാളുടെ മനസ്സിൽ ചാട്ടുളി പോലെ തറയ്ക്കുന്ന അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്.

  31 വയസ്സുകാരനായ മലയാളം കോളേജ് അധ്യാപകനാണ് ശ്രീനിവാസൻ മാഷ് എന്ന വിനയ് ഫോർട്ട് കഥാപാത്രം. സൗമ്യനും, എല്ലാവരാലും ബഹുമാനിക്കപ്പെടുന്നതുമായ വ്യക്തി. ആളുടെ കഷണ്ടി ആർക്കൊക്കെയോ പ്രശ്നമാണ്. അത് തന്നിലേക്ക് ഉൾവലിയാൻ ശ്രീനി മാഷിനെ ഇടയാക്കുന്നു. വിനയ്‌ ഫോർട്ട് എന്ന നടന്റെ സ്വതസിദ്ധമായുള്ള നേരും ഈ കഥാപാത്രത്തിനാവശ്യമായ മാനറിസങ്ങളും ചേർന്നാൽ ശ്രീനി എന്ന ശ്രീനിവാസൻ സാർ ആവും. വിനയ് ഫോർട്ടിന്റെ കരിയർ ബ്രേക്ക് തന്നെയാണ് ഈ കഥാപാത്രം എന്ന് നിസംശയം പറയാം. സിനിമയിൽ ഉടനീളം ശ്രീനിയുടെ മനോവ്യാപാരങ്ങളിലൂടെ മാത്രം സഞ്ചരിച്ചാലേ ഈ ചിത്രത്തെ ഉൾക്കൊള്ളാൻ കഴിയൂ. മൂന്നു വ്യക്തികൾ ശ്രീനിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്നത് മൂന്നു ഘട്ടങ്ങളായി തോന്നിപ്പിക്കാതെ ഒഴുക്കിൽ, താളത്തിൽ പറഞ്ഞു പോകുന്ന തിരക്കഥയാണ്.

  തമാശയിൽ വിനയ് ഫോർട്ടും ചിന്നുവും


  എടുത്തു പറയേണ്ട മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് മൂന്നു നായികമാരിൽ ഒരാളായ ചിന്നു നായർ. അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിയുടെ കൂട്ടുകാരി ജെസ്‌ലിൻ ആയി അവതരിച്ച ചിന്നു നായിക വേഷം തനിക്കു എത്രത്തോളം ഇണങ്ങും എന്ന് പയറ്റി തന്നെ തെളിയിക്കുന്നു ഇവിടെ. ശരീരപ്രകൃതം എന്തായാലും തെല്ലും കൂസാതെ കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിക്കുന്ന ഈ അഭിനേത്രിയുടെ പ്രകടനം കാണേണ്ടത് തന്നെയാണ്. സ്വന്തം പേര് തന്നെയുള്ള ചിന്നു എന്ന കഥാപാത്രം ആദ്യ പകുതിക്കു ശേഷം വരുന്നതോടു കൂടി സോഷ്യൽ മീഡിയയിൽ ഇന്ന് ആവോളം നടക്കുന്ന അധിക്ഷേപിക്കലിന് കണക്കിന് മറുപടി നൽകുകയാണ് ഈ ചിത്രം. കാലണ വരുമാനം ഇല്ലെങ്കിൽ പോലും കഠിനാധ്വാനം ചെയ്ത് മുഖം നോക്കാതെ വായിൽ തോന്നിയത് കമന്റ്റ് അടിച്ച് ആശ്വാസം കണ്ടെത്തുന്ന ജനതയെ തിരക്കഥ സ്മരിക്കേണ്ട രീതിയിൽ സ്മരിച്ചിട്ടുണ്ട്. സംവിധായകൻ അഷ്‌റഫ് ഹംസ തന്നെ കഥാകാരൻ കൂടിയായതിന്റെ മേന്മ കാണാനുണ്ട്.

  സുഡാനി ഫ്രം നൈജീരിയക്കു ശേഷം സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചതിന്റെ വിശേഷം ഈ സിനിമയിൽ കാണാം. സമീർ, ലിജോ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ് എന്നിവർ ചേർന്നുള്ള ഹാപ്പി അവേഴ്സ് എന്ന ബാനറിലാണ് ഈ ചിത്രം പുറത്തു വന്നിരിക്കുന്നത്. സ്വന്തം രൂപത്തിന്റെ പേരിൽ നാട്ടുകാർക്ക് ഇരിക്കപ്പൊറുതി ഇല്ലെങ്കിൽ 'പോയി പണി നോക്കൂ' എന്ന് തന്റേടത്തോടെ പറയാൻ ഈ ചിത്രം കണ്ടിറങ്ങുന്ന ഒരാൾക്ക് സാധിച്ചേക്കും.

  First published: