ഭാഷയെന്ന സുപ്പർഹിറ്റ് തമിഴ് സിനിമയ്ക്ക് ശേഷം സുരേഷ് കൃഷ്ണ മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് 1996ൽ പുറത്തിറങ്ങിയ 'ദി പ്രിൻസ്'. നായകൻ മോഹൻലാൽ. ചിത്രത്തിൽ നായകന്റെ അധോലോക ചക്രവർത്തിയായ അച്ഛന്റെ വേഷം കൈകാര്യം ചെയ്തത് ഗിരീഷ് കർണാട്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് ആ താര സാന്നിധ്യം തിരിച്ചറിയപ്പെടാൻ അവസരം നൽകിയില്ല എന്ന് പറയാം.
ഈ ചിത്രം ഇറങ്ങുന്നതിനും 10 വർഷങ്ങൾക്ക് മുൻപ്, 1986ൽ, ഭരതൻ സംവിധാനം ചെയ്ത 'നീലക്കുറിഞ്ഞി പൂത്തപ്പോൾ' എന്ന ചിത്രത്തിലാണ് കർണാടിന്റെ മലയാളത്തിലെ അരങ്ങേറ്റം. ശ്രീനിവാസൻ, നെടുമുടി വേണു, കാർത്തിക, ഇന്നസെന്റ്, കെ.പി.എ.സി. ലളിത എന്നിവരായിരുന്നു സഹ താരങ്ങൾ. അപ്പു മേനോൻ എന്ന കഥാപാത്രം കൈകാര്യം ചെയ്തത് അദ്ദേഹം ആയിരുന്നു.
![]()
ദി പ്രിൻസിൽ ഗിരീഷ് കർണാട്
സുരേഷ് കൃഷ്ണയുടെ ആദ്യ മലയാള ചിത്രമായിരുന്നു ദി പ്രിൻസ്. വിശ്വനാഥ് എന്ന അണ്ടർവേൾഡ് ഡോൺ ആയിരുന്നു ഗിരീഷ് കർണാട് കൈകാര്യം ചെയ്ത കഥാപാത്രം. സ്വാർത്ഥതത്പ്പരനായ കർക്കശക്കാരൻ പിതാവിന്റെ വേഷം കയ്യടക്കത്തോടെ ഗിരീഷ് അഭിനയിച്ചു പ്രതിഫലിപ്പിച്ചിരുന്നു. മകൻ ജീവ വിശ്വനാഥ് ആയി മോഹൻലാലും എത്തി. ഭാര്യയായി ശ്രീവിദ്യയും, മറ്റൊരു മകനായി കാക്കാ രവിയും വേഷമിട്ടു. തൊണ്ടയിലെ സർജറിക്ക് ശേഷം മോഹൻലാൽ ഡബ് ചെയ്ത ചിത്രം എന്ന പ്രത്യേകതയും ദി പ്രിൻസിനുണ്ട്. ഇത് ലാലിന്റേതെന്ന് വിശ്വസിക്കാൻ പോലും പലരും തയ്യാറായിരുന്നില്ല. ഒടുവിൽ ഒരു പ്രസ്താവനയിറക്കിയാണ് മോഹൻലാൽ ഇക്കാര്യം പ്രേക്ഷകർക്ക് മുന്നിൽ സമർത്ഥിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.