ഈ വരവ് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും എവിടെയോ നമ്മൾ കണ്ട് ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ആനക്കാട്ടിൽ ചാക്കോച്ചിയുടെ ഒരു ഛായ എവിടെയെല്ലാമോ ഉള്ളത് പോലെ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഗോപിയുടെ മാസ്സ് എൻട്രിയാണ് ഈ വീഡിയോയിൽ. സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പൻ'.
സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണിത്. മകൻ ഗോകുൽ സുരേഷ് ഗോപി, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. (വീഡിയോ ചുവടെ)
1986ൽ പുറത്തിറങ്ങിയ 'സായം സന്ധ്യ' എന്ന സിനിമയിലൂടെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ തുടക്കം. മമ്മൂട്ടി നായകനായ ചിത്രത്തിലെ രവി എന്ന കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടേത്. പിന്നീട് അങ്ങോട്ട് നായർ സാബ് (1989), ഭൂപതി (1997), ലേലം (1998), വാഴുന്നോർ (1998), പത്രം (1999), ട്വന്റി ട്വന്റി (2008), സലാം കശ്മീർ (2014) തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചു.
അടുത്തിടെയാണ് ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സുരേഷ് ഗോപിയുടെ ടീം വ്യക്തമാക്കിയത്. ദുൽഖർ സൽമാൻ നിർമ്മിച്ച 'വരനെ ആവശ്യമുണ്ട്' സിനിമയിലൂടെ സുരേഷ് ഗോപി മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. നീണ്ട നാളുകൾക്കു ശേഷം സുരേഷ് ഗോപി-ശോഭന ജോഡികൾ വീണ്ടും സ്ക്രീനിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.
ലേലം രണ്ടാം ഭാഗത്തിന് രൺജി പണിക്കർ സ്ക്രിപ്റ്റ് എഴുതും. ആദ്യ സംവിധാന സംരംഭം 'കസബ'ക്ക് മുൻപ് രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി ഔദ്യോഗിക പേജിൽ കുറിക്കുന്നു. വർഷങ്ങൾക്ക് മുൻപേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന പുറത്തു വന്നിരുന്നു. ആനക്കാട്ടിൽ ചാക്കോച്ചി എന്ന നായക കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.
രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം ലേലം രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, പല പ്രധാന കഥാപാത്രങ്ങളെയും അനശ്വരമാക്കിയ അഭിനേതാക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന് സുരേഷ് ഗോപിയുടെ അച്ഛൻ കഥാപാത്രം ചെയ്ത എം.ജി. സോമൻ, എൻ.എഫ്. വർഗീസ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. അസീസ്, സത്താർ, സുബൈർ, ജഗന്നാഥ വർമ്മ എന്നിവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു.
ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിനിയാണ്.
അടുത്തിടെ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സുരേഷ് ഗോപി പൂർത്തിയാക്കിയിരുന്നു. ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ 250-ാം ചിത്രമായ മാസ് പടം 'ഒറ്റക്കൊമ്പനും അണിയറയിൽ പുരോഗമിക്കുന്നു.
സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് 'ഒറ്റക്കൊമ്പൻ'. ഇതിലെ സുരേഷ് ഗോപിയുടെ സാൾട് ആൻഡ് പെപ്പർ ലുക്ക് സിനിമ ഇറങ്ങും മുൻപേ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രം പൃഥ്വിരാജ് നായകനാവുന്ന 'കടുവ' എന്ന സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിനൊടുവിൽ മുന്നോട്ടു പോവുകയായിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ, പോലീസുമായി നടത്തിയ വർഷങ്ങളുടെ നിയമയുദ്ധത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.