• HOME
 • »
 • NEWS
 • »
 • film
 • »
 • Kaduva | 'കടുവ'യിൽ മസാലയെന്ന് കുറുവച്ചന്റെ കൊച്ചുമകന്റെ ഫേസ്ബുക്ക് പോസ്റ്റ്, വിമർശനം

Kaduva | 'കടുവ'യിൽ മസാലയെന്ന് കുറുവച്ചന്റെ കൊച്ചുമകന്റെ ഫേസ്ബുക്ക് പോസ്റ്റ്, വിമർശനം

പാലാക്കാരൻ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ കൊച്ചുമകന്റെ പോസ്റ്റ്

കടുവ

കടുവ

 • Last Updated :
 • Share this:
  ഷാജി കൈലാസ്- പൃഥ്വിരാജ് ടീമിന്റെ ചിത്രം കടുവക്കെതിരെ (Kaduva), പാലാക്കാരൻ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ കൊച്ചുമകന്റെ പോസ്റ്റ്. തന്റെ മുത്തച്ഛന്റെ ജീവിതവുമായി സമാനതകളുള്ള കഥയിൽ, സിനിമയിൽ ഉൾക്കൊള്ളിച്ച ചില ഉള്ളടക്കത്തിന് പുറമെ മസാല ചേർത്തു എന്നാണ് കുറുവച്ചന്റെ മൂത്തമകളുടെ മകൻ ജോസ് നെല്ലുവേലിന്റെ ആരോപണം. ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കുറുവച്ചൻ എന്ന നായകന്റെ പേര് കുര്യാച്ചൻ എന്ന് മാറ്റിയ ശേഷമാണ് സിനിമ റിലീസ് ചെയ്തത്.

  ജോസ് നെല്ലുവേലിലിന്റെ കുറിപ്പ്:

  ‘‘എന്റെ മുത്തച്ഛൻ പാലാ ഇടമറ്റത്തെ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേലിന്റെ പഴയ വീരഗാഥ ഇപ്പോൾ പൃഥ്വിരാന്റെ കടുവ ആയി (പിന്നീട് കുരിയച്ചൻ ആയി മാറി) തീയറ്ററിൽ ആടിത്തിമിർക്കുകയാണ്. അവർ അവകാശപ്പെടുന്നതു പോലെ കടുവയുടെ തിരക്കഥ ജിനു എബ്രഹാമിന്റെ ഭാവനയിൽനിന്ന് നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല.

  പാലായിലെ മുൻതലമുറയിലെ മിക്കവർക്കും അറിയാവുന്ന ഒരു കഥയാണിത്. സിനിമ തന്റെ ജീവിതത്തിൽ നിന്ന് പകർത്തിയെഴുത്താണെന്ന് തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ നിയമപരമായ എല്ലാ ശ്രമങ്ങളും പാഴായി, പ്രായാധിക്യം കാരണം യുദ്ധം തുടരാൻ കഴിയാത്തത്രയും ദുർബലനാണ് ഇന്ന് അദ്ദേഹം.

  ഇന്നലെ ഞാൻ സിനിമ കണ്ടു. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും വർഷങ്ങളോളം അനുഭവിച്ച പൊലീസ് അടിച്ചമർത്തലുകളും പരേതനായ ജോസഫ് തോമസ് വട്ടവയലിൽ (സിനിമയിൽ ജോസഫ് ചാണ്ടി) എന്ന അന്നത്തെ പൊലീസ് ഐജിയുടെ ദുരാരോപണങ്ങളും ക്രൂരമായ ചെയ്തികളും അനുഭവിച്ച സങ്കടകരവും പ്രകോപനകരവുമായ ജീവിതകഥ നിർലജ്ജം മാറ്റിമറിച്ച് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഈ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ചേർന്ന് കടുവ എന്ന പേരിൽ സിനിമയാക്കിയിരിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.

  എന്റെ അമ്മ ഏഴാം ക്ലാസ്സിലും അമ്മയുടെ ഇളയ സഹോദരൻ കിന്റർഗാർഡനിലുമായിരിക്കുമ്പോഴാണ് ഈ കിരാത യുദ്ധം ആരംഭിച്ചത്.മകളുടെ ചരമവാർഷികദിനത്തിൽ ഐജി ജോസഫ് തോമസ് വട്ടവയലിൽ പള്ളിക്ക് സമ്മാനിച്ച കീബോർഡിനെച്ചൊല്ലി തുടങ്ങിയ തർക്കം വ്യക്തിപരമായ തർക്കങ്ങളിലേക്ക് നീങ്ങുകയായിരുന്നു.

  പലതവണ എന്റെ മുത്തച്ഛന്റെ ബാർ അടിച്ചുതകർത്ത ഇയാൾ തോട്ടങ്ങൾ നശിപ്പിക്കുകയും വീടിനു പിന്നിൽ സ്ഥലം വാങ്ങി ശ്മശാനമാക്കി മാറ്റുകയും പട്ടാപ്പകൽ അദ്ദേഹത്തെ ആക്രമിക്കാൻ ഗുണ്ടകളെ അയയ്ക്കുകയും മുൻകൂർ അറിയിപ്പ് കൂടാതെ തോക്ക് ലൈസൻസ് റദ്ദാക്കി എന്റെ മുത്തച്ഛനെ ജയിലിലടക്കുകയും ചെയ്തു.

  സിനിമയുടെ അമ്പതു ശതമാനത്തിലധികം ജോസ് കുരുവിനാകുന്നേലിന്റെ ജീവിതത്തിൽ നിന്നെടുക്കുകയും അതിനൊപ്പം ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില മസാല കഥകളും നാടകങ്ങളും കൂട്ടിചേർത്ത് സിനിമയാക്കി മാറ്റുകയും ചെയ്തിട്ട് ഇപ്പോൾ ഇതിന് അദ്ദേഹത്തിന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്.

  എന്താണ് സംഭവിച്ചതെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്കായി മാത്രം 12 എപ്പിസോഡ് ദൈർഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ ഞങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ മുത്തച്ഛന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തും സജീവ പിന്തുണയും ആയിരുന്ന റിട്ടയേർഡ് എസ്പി ഓഫീസർ ജോർജ് ജോസഫ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്.

  എങ്ങനെയുള്ള ആളായിരുന്നു ജോസഫ് തോമസ് വട്ടവയലിൽ, സിനിമയ്ക്ക് കുറുവച്ചന്റെ ജീവിതവുമായുള്ള സമാനതകൾ, എന്റെ മുത്തച്ഛനെ പിന്തുണച്ചതിന് സർവീസിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ എല്ലാം അദ്ദേഹം തന്നെ ഈ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. എന്റെ മുത്തച്ഛൻ ആഗ്രഹിച്ചത് സിനിമയുടെ തിരക്കഥ തന്റെ ജീവിതത്തിൽ നിന്ന് പകർത്തിയതാണെന്നുള്ള ഒരു വാക്കുമാത്രമാണ്.

  അതിനു പകരം ഷാജി കൈലാസും സിനിമയിലെ എല്ലാ വലിയ താരങ്ങളും അങ്ങനെയൊരാൾ ഈ ഭൂമുഖത്തു തന്നെ ഇല്ലെന്നുള്ള തരത്തിലുള്ള പ്രസ്താവനകളും മാധ്യമങ്ങളിലെ അഭിമുഖങ്ങളുമാണ് നടത്തിയത്. മലയാള സിനിമ നിസ്സഹായരായ സാധാരണക്കാരെ ചൂഷണം ചെയ്യുകയും അസത്യകഥകളിലൂടെ പണവും ക്രെഡിറ്റും പ്രശസ്തിയും ഉണ്ടാക്കുകയും ചെയ്യുന്നു എന്നറിയുന്നതിൽ എനിക്ക് ദേഷ്യവും നിരാശയുമുണ്ട്. എന്റെ മുത്തച്ഛൻ ജോസ് കുരുവിനകുന്നേൽ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ട ആദ്യത്തെ ആളുമല്ല. പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോർത്തു ഞാൻ ലജ്ജിക്കുന്നു.

  PS: സിനിമയിലെ കഥാപാത്രങ്ങളായ കുര്യച്ചൻ (ജോസ് കുരുവിനകുന്നേൽ), ജോസഫ് ചാണ്ടി (ജോസഫ് തോമസ് വട്ടവയലിൽ), വർക്കി സാർ-ടീച്ചർ (മാത്യൂസ് സാർ), കോര-വക്കീൽ (തോമസ്), ബേസിൽ (സാബു ജോർജ്) തുടങ്ങിയവരെല്ലാം തന്നെ യഥാർഥത്തിൽ ഉള്ളവരാണ്. മരിയ എന്നപേരിൽ സിനിമയിൽ കാണിക്കുന്ന ബാറിന്റെ പേര് മയൂര എന്നാണ്. സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു കറുത്ത അംബാസഡറും ഒരു മെഴ്‌സിഡസ് ബെൻസ് W123 ഉം എന്റെ മുത്തച്ഛനുണ്ട്.’’
  Published by:user_57
  First published: