ഉത്തർപ്രദേശിൽ പോയി ഉറി കണ്ടാൽ നികുതി അടക്കേണ്ട. മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് ആണ് ചിത്രത്തിന് നികുതി ഇളവ് നൽകി പ്രഖ്യാപനം നടത്തിയത്. വിക്കി കൗശാൽ, യാമി ഗൗതം എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉറിയെ ജി.എസ്.ടി. മുക്തമാക്കിയിരിക്കുകയാണ്. പ്രയാഗ്രാജിൽ നടന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്. റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളിൽ 157.38 കോടി രൂപയാണ് ഉറി കളക്ഷൻ ഇനത്തിൽ നേടിയിരിക്കുന്നത്. ജമ്മു കാശ്മീരിനടുത്ത ഉറി പട്ടണത്തിൽ 2016ൽ നടന്ന സൈനിക ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവുമാണ് ചിത്രത്തിന് പ്രമേയം. ആദിത്യ ധാർ ആണ് സംവിധാനം.
വിമർശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് ഉറി. ചിത്രത്തിലെ 'ഹൗ ഈസ് ദി ജോഷ്' എന്ന പഞ്ച് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിൽ നടന്ന ഇന്ത്യൻ സിനിമയുടെ ദേശീയ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രയോഗിക്കുകയുണ്ടായി. ബോളിവുഡ് സിനിമയിൽ ഒരു പ്രത്യേകതരം കഥാവതരമായാണ് യുദ്ധ സിനിമയായ ഉറി പ്രദർശനത്തിനെത്തിയത്.
നികുതി ഇളവ് വന്നതോട് കൂടി 100 രൂപയ്ക്കു മേൽ വില വരുന്ന ടിക്കറ്റുകൾക്കു ഈടാക്കിയിരുന്ന 18 ശതമാനം നികുതിയിൽ കേവലം ഒൻപത് ശതമാനം നികുതി മാത്രം ഒടുക്കിയാൽ മതിയാവും. 100 താഴെ വില വരുന്ന ടിക്കറ്റുകൾക്ക് 12 നു പകരം ആറ് ശതമാനം നികുതി കൊടുത്താൽ മതി. റോണി സ്ക്രൂവാലയാണ് നിർമ്മാതാവ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.