ആസിഫ് അലി നായകനാവുന്ന ചിത്രം കുഞ്ഞെൽദോയിലെ ഗാനം പുറത്തിറങ്ങി. സ്കൂൾ കോളേജ് നാളുകളിലെ ക്യാമ്പും സൗഹൃദവും അതിനിടയിലെ പ്രണയവും കോർത്തിണക്കിക്കൊണ്ടുള്ളതാണ് ഈ ഗാനം. സ്കൂൾ വിദ്യാർത്ഥിയുടെ ഗെറ്റപ്പിൽ ഈ ചിത്രത്തിൽ ആസിഫ് അലി എത്തും എന്ന പ്രത്യേകതയുമുണ്ട്. മനസ്സ് നന്നാവട്ടെ... എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിൻ ഗ്രിഗറിയും ചേർന്നാണ്. സന്തോഷ് വർമ്മയുടേതാണ് വരികൾ. സംഗീത സംവിധാനം: ഷാൻ റഹ്മാൻ.
ചിത്രത്തിന് സെൻസർ ബോർഡിന്റെ ക്ലീൻ 'U' സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. സെൻസർ ബോർഡ് അംഗങ്ങളിൽ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായം ആണ് കിട്ടിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കോവിഡ് പ്രതിസന്ധി തുടങ്ങും മുൻപേ ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രമാണ് ഇത്.
ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്റർ. കുഞ്ഞിരാമായണം, എബി, കൽക്കി ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. കുഞ്ഞിരാമായണത്തിന് ശേഷം വിനീത് ശ്രീനിവാസനുമായി ഈ ബാനർ ഒന്നിക്കുന്നു എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുക.
സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.
കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെൽദോ. ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇതിഹാസ, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ക്യാമ്പസ് ഡയറി മുതലായ ചിത്രങ്ങളിൽ മാത്തുക്കുട്ടി വേഷമിട്ടിട്ടുണ്ട്.
Summary: A nostalgic song from Asif Ali movie Kunjeldho has been released. The song captures the moments from the camping days during student days. The movie has been censored with a clean U certificate
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asif ali, Asif Ali movie, Kunjeldho movie