ഒരു ചലച്ചിത്ര ഗാനം പുറത്തിറങ്ങുക. നിമിഷങ്ങൾക്കകം, പേർസണൽ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് എത്തുംവിധം കേൾവിക്കാരന്റെ മനസ്സിന്റെ ആഴങ്ങളിൽ കടന്നുചെല്ലുക. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ മലയാളക്കര നെഞ്ചോടു ചേർത്ത ഗാനമാണ് 'ഹൃദയം' സിനിമയിലെ 'ദർശന'. മലയാളം ഹിറ്റ് ചാർട്ടുകളുടെ തലക്കുറി മാറ്റിവരച്ച, കേവലം ദിവസങ്ങൾക്കുള്ളിൽ മലയാളി ശ്രോതാക്കൾ അരക്കോടിയോളം തവണ കേട്ടുകഴിഞ്ഞ ഗാനം, വൈറൽ എന്ന വാക്കിനുമപ്പുറമെത്തിക്കഴിഞ്ഞു. ഒരാൾ തന്നെ ഇടതടവില്ലാതെ, പരിധികളില്ലാതെ എത്രത്തോളം കേട്ടിട്ടുണ്ടാവണം എന്നാർക്കും പറയാൻ കഴിയാത്ത അവസ്ഥ!
ഒരു റിയാലിറ്റി ഷോയിൽ തുടങ്ങി മലയാള സിനിമാഗാന ശാഖയ്ക്ക് പരിചിതനായ ഹിഷാം അബ്ദുൾ വഹാബ് എന്ന സംഗീത സംവിധായകനായ യുവ ഗായകന്റെ മാസ്മരിക ശബ്ദവും സംഗീതവുമാണ് മലയാളി അക്ഷരാർത്ഥത്തിൽ സ്വന്തം ഹൃദയത്തിൽ വിളക്കിച്ചേർത്തത്.
മികച്ച വിജയവും, പ്രേക്ഷക സ്വീകാര്യതയും ചേർന്ന് ഉറക്കം നഷ്‌ടപ്പെടുത്തിയ ദിനങ്ങളിലൂടെയാണ് ഹിഷാം കടന്നുപോകുന്നത്. ഒഴിച്ചുകൂടാൻ കഴിയാത്ത തിരക്കുകൾക്കിടയിൽ ഒരു അഭിമുഖത്തിനായി തയാറെടുത്ത ഹിഷാമിനോട് ചോദിച്ചതുകൊണ്ടു മാത്രം തീർത്തും വിനീത സ്വരത്തിൽ ഇങ്ങനെയൊരു ഉത്തരം ലഭിച്ചു. "ദർശന പുറത്തിറങ്ങിയ ശേഷം ഫോൺ താഴെവയ്‌ക്കാൻ സമയം കിട്ടിയിട്ടില്ല. എന്റെ മാനേജർ വിൻസെന്റ് രാവും പകലുമില്ലാതെ പണിയെടുക്കുന്നു. ഇതിനിടയിൽ നേരത്തെ തുടങ്ങിവച്ച സിനിമകളുടെ ജോലി മറുവശത്ത് നടക്കുന്നു. കേൾവിക്കാർ എന്നെയിപ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചു എന്ന് പറയാം."
ഒന്ന് നേരം പുലർന്നതും ഹിഷാമിന്റെ ലോകത്തേക്ക് പ്രേക്ഷക സ്നേഹം ആർത്തിരമ്പിയെത്തിക്കഴിഞ്ഞിരിക്കുന്നു.
"ഇഷ്‌ടപ്പെടുന്ന മ്യൂസിക് ഒരുപാടുപേരിൽ എത്തണമെന്ന് വർഷങ്ങളായി ആഗ്രഹിച്ചിരുന്നു. അതിനായി നടത്തിയ ടീം വർക്ക് ആവും ഇത്രയും മികച്ച രീതിയിൽ എത്തിയത്. ഹൃദയത്തിന്റെ ഭാഗമാവാൻ കഴിഞ്ഞത് എന്റെ ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നു. ഇത്രയും വലിയ വിജയത്തിനായി തയാറെടുത്തിരുന്നു. പ്രേക്ഷകർ നൽകിയ വലിയ സ്വീകാര്യത, റിലീസിന് മുൻപുള്ളതിനേക്കാൾ സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. കുറെയേറെ കാര്യങ്ങൾ ചെയ്യാൻ തോന്നുന്നുണ്ട്," ഹിഷാം നന്ദിയോടെ സ്മരിക്കുന്നു.
ഒന്നും രണ്ടുമല്ല, 15 ഗാനങ്ങൾ അടങ്ങിയ കലവറയുടെ താക്കോലാണ് വിനീത് ശ്രീനിവാസൻ ഹിഷാമിന്റെ കൈകളിലേക്ക് ഏൽപ്പിച്ചത്. തന്റെ സംഗീതത്തിന് പുറമെ ഹിഷാം ഈ സിനിമയ്ക്കായി നിക്ഷേപിച്ചത് രണ്ടു വർഷത്തിലേറെക്കാലവും.
"2015 ലാണ് ഞാൻ 'സാൾട്ട് മംഗോ ട്രീയുടെ' സംഗീതം ചെയ്തത്. അതിനു മുൻപേ ഇറങ്ങിയ 'ഖദം ബദാ' ആൽബമാണ് 'ഹൃദയം' സിനിമയിലേക്ക് വിനീതേട്ടൻ എന്നെ ക്ഷണിക്കാൻ കാരണമായത്. സംഗീതജ്ഞൻ കൂടിയായ ഒരാൾ സിനിമ സംവിധാനം ചെയ്തതെന്നത് എന്നെ സംബന്ധിച്ചടുത്തോളം അനുഗ്രഹമായി. അദ്ദേഹം നൽകിയ കംഫർട്ട് ലെവൽ കുറേക്കാര്യങ്ങളിൽ സഹായിച്ചു. അത് 'ഹൃദയം' സിനിമയ്ക്ക് മുതൽക്കൂട്ടായി മാറി. ഒന്നിച്ചു സ്വപ്നം കാണുന്നവർ ഒരുമിച്ചിരുന്നാണ് ഈ ഉദ്യമം പൂർത്തിയാക്കിയത്."
ഹൃദയം സിനിമക്കായി പ്രവർത്തിച്ചത് രണ്ടു വർഷമാണ്. 2019 ജൂലൈയിൽ ആദ്യ ഡെമോ ചെയ്തു. ഞങ്ങൾ ദർശനയുടെ ഏകദേശം 35 വേർഷനുകൾ ചെയ്തു. ഇപ്പോൾ കേൾക്കുന്നത് 35-ാമത്തെ പകർപ്പാണ്. ഈ സിനിമയിലെ എല്ലാ ഗാനവും ഞങ്ങൾ ഇതുപോലെ പലതവണ വർക്ക് ചെയ്തുകൊണ്ടേയിരുന്നു. 'ദർശന' ഗാനത്തിന് അർഹിക്കുന്ന രൂപം നൽകി എന്ന് സ്വയം തൃപ്തരായ ശേഷം മാത്രമേ അവസാനിപ്പിച്ചുള്ളൂ."
ഹൃദയം സിനിമയിൽ മുഴുവനായും ഞാൻ പാടിയ ഗാനം ഇതാണ്. ദർശനയും കൂടെ പാടിയിട്ടുണ്ട്. അരുൺ ആണ് വരികൾ എഴുതിയത്. അതുകൂടാതെ ചിത്ര ചേച്ചിക്കും മഖ്‌ബൂലിനുമൊപ്പം ഒരു പാട്ട് പാടിയിട്ടുണ്ട്.
മലയാളത്തിന്റെ 'ദർശന', പിറവിക്കും മുൻപേ കടൽകടന്ന പാട്ടാണ്. ആ കഥ ഹിഷാം തന്നെ പറയട്ടെ."ഈ ഗാനത്തിൽ അന്താരാഷ്ട്ര നിലവാരം ഉണ്ടാവണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായിരുന്നു. മലയാള സിനിമാ സംഗീതം പാൻ-ഇന്ത്യ തലത്തിൽ എത്തിക്കാൻ പരമാവധി പരിശ്രമിക്കുക എന്നതാണ് എന്റെ ആത്യന്തിക ലക്‌ഷ്യം. അതിലേക്കുള്ള ഒരു പടിയാവും ഹൃദയം സിനിമയും അതിലെ സംഗീതവും.
ഇൻസ്ട്രുമെന്റേഷനും മിക്സിങ്ങും അൽപ്പം സമയമെടുത്ത് ചെയ്യേണ്ടിവന്നു. ടർക്കിയിലെ ഇസ്താൻബുളിൽ പോയാണ് റെക്കോർഡ് ചെയ്തത്. മലയാള സംഗീത മേഖലയിൽ സജീവമല്ലാത്ത ചില സംഗീതോപകരണങ്ങൾ ഈ ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പകുതിയിലേറെ ഭാഗം ഇസ്താൻബുളിൽ വച്ചാണ് ചെയ്തത്.
ബഗ്‌ലാമാ, ഔദ്, ഖാനൂൻ, ടർക്കിഷ് ദുദുക് തുടങ്ങിയവ ദർശനയിൽ ഉൾപ്പെട്ടിരുന്നു. ഈ നാലും പരമ്പരാഗത ടർക്കിഷ് വാദ്യോപകരണങ്ങളാണ്. ഇത്രയും മാത്രമാണ് ഒരു ഗാനത്തിൽ വരുന്നതെങ്കിൽ അതിനൊരു അറബിക്, മെഡിറ്ററേനിയൻ ഛായ ഉണ്ടാവണം. എന്നാൽ മലയാളത്തിൽ പോപ്പിഷ് ടച്ചോടു കൂടിയുള്ള ഗാനത്തിൽ ഇത്രയും കൂടിയായപ്പോൾ മറ്റൊരു ഫ്ലേവറിൽ എത്തിച്ചേർന്നു.
രണ്ട് ലോക്ക്ഡൗണുകളിൽ ലഭിച്ച സമയം ഭംഗിയായി വിനിയോഗിച്ചു. ഒക്ടോബർ 25ന് ഗാനം റിലീസ് ചെയ്യുന്നതിന് അഞ്ച് ദിവസങ്ങൾ മുൻപ് വരെ ഞങ്ങൾ ദർശനയിൽ പ്രൊഡക്ടിവ് മാറ്റങ്ങളുമായി തുടർന്നു. റിലീസിന്റെ തലേന്ന് പോലും മിക്സിങ് എഞ്ചിനീയർ ഹരിയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേല്പിച്ച് ലിങ്ക് ഒരിക്കൽക്കൂടി പൂർണ്ണമായി പരിശോധിപ്പിച്ചിരുന്നു.
'ദർശന' എന്ന ഹുക്ക്ലൈൻ വിനീതേട്ടന്റെ ഐഡിയ ആയിരുന്നു. ഡെമോ ചെയ്യുമ്പോൾ മുതലേ കഥാപാത്രത്തിന്റെ പേരായ ദർശന വേണമെന്ന് പറഞ്ഞിരുന്നു. തുടക്കത്തിൽ അൽപ്പം സംശയിച്ചു നിന്നു. പക്ഷെ പ്രതീക്ഷിച്ചത് പോലെ ചെയ്യാൻ സാധിച്ചു. ഒരുദിവസം കൊണ്ട് കമ്പോസ് ചെയ്ത ട്രാക്ക് ആണ്.
വിനീത് ശ്രീനിവാസൻ - ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ നിന്നും വിനീത് ശ്രീനിവാസൻ - ഹിഷാം എന്ന മാറ്റത്തെക്കുറിച്ച്ഹൃദയത്തിന്റെ സംഗീതം ചെയ്യുന്നത് ഞാനാണ് എന്ന് ഔദ്യോഗികമായി പോസ്റ്റ് ചെയ്തത് ഷാൻ ഇക്കയാണ്. അക്കാര്യത്തിൽ ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഇതിനെല്ലാം ഉപരിയാണ് വിനീതേട്ടനും ഷാൻ ഇക്കയും തമ്മിലെ ബന്ധവും സൗഹൃദവും.
ലോകമെമ്പാടും നോക്കിയാൽ, ഓരോ ടെക്‌നീഷ്യനും പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ ശ്രദ്ധ നൽകാറുണ്ട്. ശങ്കർ സിനിമകളിൽ പലപ്പോഴും റഹ്മാൻ സർ മാറി, ഹാരിസ് ജയരാജ് സംഗീതം ചെയ്തിട്ടുണ്ട്. ഇന്ത്യൻ 2 ൽ അനിരുദ്ധ് മ്യൂസിക് ചെയ്യുന്നു. ലോക സിനിമ ശ്രദ്ധിച്ചാൽ മാറ്റത്തിന്റെ ഈ പ്രവണത കാണാം. അവസരം നൽകിയാൽ, തങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കും വിധമാക്കാൻ ഓരോരുത്തർക്കും കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
വന്നുചേർന്നത് പുരസ്‌ക്കാരലബ്‌ധിയേക്കാൾ വലിയ സ്നേഹവും നിറവും...ഒരു അവാർഡ് കിട്ടുമ്പോഴോ, ഒരുപാട് വർക്ക് കിട്ടുമ്പോഴോ ഉണ്ടാവുന്നതിനേക്കാൾ ഉത്തരവാദിത്തമാണ് ജനങ്ങളുടെ അംഗീകാരത്തിൽ നിന്നും ലഭിക്കുക. ഈ ഗാനം സ്വന്തം എന്ന നിലയിൽ കണ്ടുകൊണ്ടുള്ള അവരുടെ പ്രതികരണം വളരെയേറെ സന്തോഷം തരുന്നു. 'ഹൃദയം' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയിക്കാണും എന്നവർ പറയുമ്പോൾ, ഒരു സംഗീത സംവിധായകനെന്ന നിലയിൽ അതെനിക്ക് വിനീതേട്ടനും പ്രണവിനും ദർശനയ്ക്കും കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ്.
സംഗീതത്തിന് അങ്ങനെയൊരു ശക്തിയുണ്ട്. സംഗീതത്തിന് സിനിമയെ മറ്റൊരു തലത്തിലെത്തിക്കാൻ കഴിയും. ഈ അവസരം എനിക്ക് നൽകിയതിന് വിനീതേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.
കോവിഡ്, വെള്ളപ്പൊക്കം, മഴ ഒക്കെയും നേരിട്ട് നാട്ടിൽ എല്ലാവരും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ഈ നാളുകളിൽ എന്തെങ്കിലും ഒരു പോസിറ്റീവ് എനർജി പകരാൻ ചെറിയ രീതിയിലെങ്കിലും കഴിഞ്ഞതിൽപ്പരം സന്തോഷം എനിക്ക് വേറെയില്ല. ഞാൻ ചെയ്തത് എന്നതുമാത്രമല്ല, സംഗീതത്തിന് അത്തരമൊരു മാറ്റം പ്രപഞ്ചത്തിൽ സൃഷ്‌ടിക്കാനുള്ള വരദാനം ഉണ്ടെന്നതാണ്. വിനീത് ശ്രീനിവാസൻ എന്ന സംവിധായകനൊപ്പമുള്ള നീണ്ട സംഗീതയാത്രയുടെ തുടക്കമാണ് ഈ ഗാനം. തീരുമാനിച്ചുറപ്പിച്ചിറങ്ങിയാൽ, ആകാശം പോലും പരിധികൾ തീർക്കില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.