നവംബർ 12ന് പ്രദർശനത്തിനെത്താൻ തയാറെടുക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ രചയിതാവ് സജീവ് പിള്ളയെന്ന് ബോധ്യപ്പെട്ടതായി ഹൈക്കോടതി. തിരക്കഥാകൃത്തിന്റെ പേരൊഴിവാക്കി ചിത്രം പ്രദർശനത്തിനെത്തിക്കാൻ ആണ് നിർദ്ദേശം. അവലംബിത തിരക്കഥയെന്ന പേരിൽ ശങ്കർ രാമകൃഷ്ണന്റെ പേര് വച്ചായിരുന്നു ചിത്രത്തിന്റെ പ്രചാരണം. അതൊഴിവാക്കി വേണം പ്രദർശനം എന്നാണ് ഉത്തരവ്.
തന്റെ പേരൊഴിവാക്കിയ ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സജീവ് പിള്ള നക്കിയ ഹർജിയിലാണ് തീരുമാനം. കോടതിയുടെ ഉത്തരവിനെപ്പറ്റി സജീവ് പിള്ള ന്യൂസ് 18 മലയാളത്തോട്.
"കോടതി വിധി തീർത്തും അനുകൂലമാണ്. ചിത്രത്തിന്റെ തിരക്കഥ, ഡയലോഗ്, സ്ക്രീൻപ്ലേ എന്നിവ ഞാൻ തന്നെ ചെയ്തത് എന്നാണ് കോടതി നിരീക്ഷണം. ചിത്രത്തിന്റെ പ്രചരണത്തിനുപയോഗിച്ച പല ഫോട്ടോകളും ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുമാണ്. ഇനി ഒരു സത്യവാങ്മൂലം സമർപ്പിച്ചാലേ പ്രദർശനത്തിന് അനുമതി ലഭിക്കൂ. റിലീസ് വളരെ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ പിന്നണിക്കാർ ചില ടെക്നിക്കൽ പരിമിതികൾ ചൂണ്ടിക്കാട്ടി എന്നാണ് അറിവ്. നിയമ പോരാട്ടം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല," സജീവ് പിള്ള പറഞ്ഞൂ.
സജീവ് പിള്ളക്കു പകരം എം. പത്മകുമാറിനെ സംവിധായകനാക്കിയാണ് ചിത്രം പൂർത്തിയാക്കിയത്. നിർമ്മാതാവ് വേണു കുന്നപ്പള്ളിയും സജീവ് പിള്ളയും തമ്മിലെ വാക്കുതർക്കത്തിൽ തുടങ്ങി നിയമയുദ്ധം വരെ എത്തിയ ഘട്ടങ്ങളുടെ നിർണ്ണായക വഴിത്തിരിവാണ് ഹൈക്കോടതി ഉത്തരവിലൂടെ വന്നിരിക്കുന്നത്. ഇതിനിടെ സജീവ് പിള്ള മാമാങ്കം നോവൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.