• HOME
  • »
  • NEWS
  • »
  • film
  • »
  • RRRലെ ​ഗാനരം​ഗത്തിൽ നേതാജിയുണ്ട്, ​ഗാന്ധിജിയില്ല; കാരണം വെളിപ്പെടുത്തി എസ്എസ് രാജമൗലി

RRRലെ ​ഗാനരം​ഗത്തിൽ നേതാജിയുണ്ട്, ​ഗാന്ധിജിയില്ല; കാരണം വെളിപ്പെടുത്തി എസ്എസ് രാജമൗലി

നേതാജിയുടെ ഛായാചിത്രത്തിന് പകരം ഗാന്ധിജിയുടെ ചിത്രമായിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും രാജമൗലി

RRR

RRR

  • Share this:

    സ്വാതന്ത്ര്യസമര സേനാനികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള RRRലെ ​ഗാനരം​ഗത്തിൽ മഹാത്മാ​ഗാന്ധിയെ ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിച്ച് സംവിധായകൻ എസ്എസ് രാജമൗലി. ദ ന്യൂയോർക്കറിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. മഹാത്മാഗാന്ധിയെയും ബി.ആർ. അംബേദ്കറെയും പോലുള്ള വിപ്ലവകാരികളെ ഈ ​ഗാനരംഗത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ഇത് അഹിംസ എന്ന ആശയത്തിലൂന്നി പ്രവർത്തിച്ച വിപ്ലവകാരികളെ ബോധപൂർവം ഒഴിവാക്കാനുള്ള ശ്രമമായിരുന്നോ എന്നായിരുന്നു ചോദ്യം. തന്നെ സ്പർശിച്ചതും കരയിച്ചതും തന്റെ ഹൃദയത്തെ അഭിമാനം കൊണ്ട് നിറച്ചതുമായ ചരിത്രപുരുഷന്മാരെയാണ് താൻ അതിനായി തിരഞ്ഞെടുത്തതെന്നായിരുന്നു രാജമൗലിയുടെ പ്രതികരണം.

    ആ​ ​ഗാനരം​ഗത്തിൽ എട്ട് പേരെ മാത്രമേ ഹൈലൈറ്റ് ചെയ്ത് കാണിക്കാൻ കഴിയുമായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ബഹുമാനിക്കുന്ന എല്ലാവരേയും ആ ​ഗാനരം​ഗത്തിൽ ഉൾപ്പെടുത്തണമെങ്കിൽ ചുരുങ്ങിയത് എൺപതു പേരെയെങ്കിലും കാണിക്കേണ്ടി വരും. അതിനായി ഞാൻ തിരഞ്ഞെടുത്ത എല്ലാ വിപ്ലവകാരികളെയും ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ഗാന്ധിജിയുടെ ചിത്രം അക്കൂട്ടത്തിൽ ഇല്ലാത്തതിനാൽ അദ്ദേഹത്തോട് അനാദരവാണ് എന്നല്ല അത് അർത്ഥമാക്കുന്നത്. എനിക്ക് ഗാന്ധിജിയോട് വലിയ ബഹുമാനമുണ്ട്, അതിൽ യാതൊരു സംശയവുമില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

    നേതാജിയുടെ ഛായാചിത്രത്തിന് പകരം ഗാന്ധിജിയുടെ ചിത്രമായിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും രാജമൗലി ചോദിച്ചു.

    Also read: ‘നാട്ടു നാട്ടു’ ആടിതകർത്ത് ലാലേട്ടൻ, വിട്ടുകൊടുക്കാതെ ഭാര്യ സുചിത്രയും; വീഡിയോ ശ്രദ്ധനേടുന്നു

    2023ലെ ഓസ്‌കാറിൽ മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ ഗാനം ഗോൾഡൻ ഗ്ലോബ്‌ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

    തന്റെ പിതാവും സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആർഎസ്എസിനെക്കുറിച്ചൊരുക്കിയ തിരക്കഥയെക്കുറിച്ചും രൗജമൗലി അഭിമുഖത്തിൽ മനസു തുറന്നു. “എനിക്ക് ആർ‌എസ്എസ് എന്ന സംഘടനയെക്കുറിച്ച് അത്ര അറിവില്ല. ഈ സംഘടനയെക്കുറിച്ച് ഞാൻ ധാരാളം കാര്യങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ ആശയങ്ങൾ എന്തൊക്കെയാണ്, ആ സംഘടന എങ്ങനെ വികസിച്ചു, തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാൻ എന്റെ അച്ഛന്റെ സ്ക്രിപ്റ്റ് വായിച്ച് അങ്ങേയറ്റം വികാരഭരിതനായി. ആ തിരക്കഥ വായിക്കുന്നതിനിടെ ഞാൻ പലതവണ കരഞ്ഞു, പക്ഷേ തിരക്കഥയിലെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്“, രാജമൗലി പറഞ്ഞു. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് ആർആർആറിന്റെ തിരക്കഥയും ഒരുക്കിയത്.

    “ആർഎസ്എസിനെക്കുറിച്ച് അച്ഛൻ എഴുതിയ തിരക്കഥ ഞാൻ സംവിധാനം ചെയ്യുമോ എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. ഒന്നാമതായി, അത് സാധ്യമാകുമോ എന്ന് എനിക്കറിയില്ല. കാരണം എന്റെ അച്ഛൻ മറ്റേതെങ്കിലും സംഘടനയ്‌ക്കോ ആളുകൾക്കോ ​​അല്ലെങ്കിൽ മറ്റേതെങ്കിലും നിർമാതാവിനു വേണ്ടിയാണോ ഈ തിരക്കഥ എഴുതിയതെന്ന് എനിക്ക് അറിയില്ല. ഈ ചോദ്യത്തിന് എന്റെ പക്കൽ ഇപ്പോൾ കൃത്യമായ ഉത്തരമില്ല. ഈ കഥ സംവിധാനം ചെയ്യാൻ സാധിച്ചാൽ അതൊരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു. പക്ഷേ ഈ കഥക്ക് എത്രത്തോളം ചലനം സൃഷ്ടിക്കാൻ ആകും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. അത് ഏതെങ്കിലും വിധത്തിലുള്ള നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഞാൻ പറയുന്നില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

    Published by:user_57
    First published: