വൈറസിന് ശേഷം വൻ താര സാന്നിധ്യവുമായി ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവ്വഹിക്കുന്ന പ്രളയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 2018 ലെ മഹാ പ്രളയത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന 2403 ഫീറ്റ് എന്ന ചിത്രത്തിനായി ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്, മഞ്ജു വാര്യർ, ഇന്ദ്രൻസ് എന്നിവർ അണിനിരക്കുന്ന താരനിര എത്തുമെന്നാണ് സൂചന. നിർമ്മാണം ആന്റോ ജോസഫ്.
പ്രളയ ശേഷം ഒരു ഫേസ്ബുക് പോസ്റ്റ് വഴിയാണ് 'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' ചിത്രങ്ങളുടെ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.
'ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീരമൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ, അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ' ഫേസ്ബുക് പോസ്റ്റിൽ ജൂഡ് പറഞ്ഞതിങ്ങനെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.