• HOME
  • »
  • NEWS
  • »
  • film
  • »
  • ഒരു കമ്യൂണിറ്റിയെ വാര്‍ത്തെടുത്ത മേള

ഒരു കമ്യൂണിറ്റിയെ വാര്‍ത്തെടുത്ത മേള

  • Share this:
    സനല്‍കുമാര്‍ ശശിധരന്‍ (സംവിധായകന്‍, കാഴ്ച നിവ് ഇന്‍ഡീ ഫിലിംഫെസ്റ്റിവല്‍ -KNIFF- സംഘാടകന്‍)

    കാഴ്ച നിവ് ഇന്‍ഡീ ഫിലിം ഫെസ്റ്റിവല്‍ (KNIFF) ഒരു പ്രതിഷേധത്തിന്റെ ഭാഗമായി തുടങ്ങിയതാണെങ്കിലും, അത് പുതിയൊരു വളര്‍ച്ചയുടെ ആരംഭമാണ്. ഒരു മരത്തിന്റെ ചില്ല മുറിയുമ്പോള്‍, അതില്‍ നിന്നും മറ്റൊരു മുള പൊട്ടുമല്ലോ. ആ മുള ആ മരത്തിന്റെ തന്നെ ഭാഗമായി വളരും. ഒരു മുറിവ് വേറൊരു മുളയ്ക്ക് കാരണമായേക്കാം. IFFKയുടെ ചില നടപടികളിലുള്ള പ്രതിഷേധം ഇപ്പോഴുമുണ്ട്. എന്നാല്‍ അത് വേരോടെ നശിച്ചു പോകണമെന്നുള്ള ആഗ്രഹമല്ല. അതിന്റെ ക്രിയാത്മകത നിലനില്‍ക്കണമെന്നും, അതിനകത്തു മാറ്റങ്ങള്‍ വരണമെന്നും, പുതിയ രീതികളിലെ ചിന്തകള്‍ ഉണ്ടാവണമെന്നും, കൂടുതല്‍ കരുത്തോടെ വരണമെന്നുമാണ് ആഗ്രഹം. അതിന് പുതിയ നാമ്പുകളുണ്ടാവണം, പുതിയ വഴികളിലേക്ക് വളരണം.

    KNIFF എതിര്‍ ഫെസ്റ്റിവലായി നില്‍ക്കാനുള്ളതല്ല. IFFKക്ക് സമാന്തരമായി നടക്കുന്ന മറ്റൊരു മേളയെന്നു മാത്രമേ ഉള്ളൂ. IFFKയില്‍ നിന്നും അകന്നു പോകുന്ന സംവാദങ്ങള്‍ക്കുള്ള ഇടത്തെ തിരിച്ചു പിടിക്കാനുള്ളയൊരു വേദിയും കൂടിയായി വളര്‍ത്തി കൊണ്ട് വരികയാണ്. IFFKയില്‍ നിന്നും തഴഞ്ഞ സിനിമകള്‍ എടുക്കാനുള്ള ഇടവുമല്ല. സംസ്ഥാന അവാര്‍ഡ് കിട്ടിയെന്നോ, അല്ലെങ്കില്‍ ലോകത്തെ വേറെ ഏതെങ്കിലും ഫെസ്റ്റിവലില്‍ വന്നുവെന്നോ പറഞ്ഞ് അത് ഒരു ഫെസ്റ്റിവലില്‍ വരണമെന്ന് നിര്‍ബന്ധമില്ല.

    എൻ്റെ സിനിമാ ബോധനത്തിനെ ഒട്ടേറെ സ്വാധീനിച്ച മേളയാണ് IFFK. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ സിനിമയാണ് മോഹം. അന്ന് മേള ഇല്ല. പിന്നെ IFFK വരുമ്പോള്‍ സിനിമകള്‍ കാണുകയും സിനിമയെന്തെന്ന് മനസ്സിലാക്കുകയും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സിനിമാ നിര്‍മ്മാതാക്കളെ മാത്രമല്ല IFFK സ്വാധീനിച്ചിട്ടുള്ളത്. നമ്മുടെ പൊതു ബോധത്തെ, യുവാക്കളുടെ സാമൂഹിക അവബോധത്തെയൊക്കെ വളരെയധികം ബാധിച്ചിട്ടുണ്ട്. മൊബൈലില്‍ കുത്തി സമയം പാഴാക്കുന്നവര്‍, അല്ലെങ്കില്‍ ഇന്റര്‍നെറ്റിന് പുറത്തവര്‍ക്ക് ജീവിതമില്ലാത്തവര്‍ എന്ന് യുവാക്കളെ പഴിചാരിയിരുന്നെങ്കില്‍, പ്രളയമുണ്ടായപ്പോള്‍ ഒരു ക്രൈസിസ് മാനേജ്മെൻറ് എങ്ങനെ പെട്ടെന്ന് സാധ്യമാവുമെന്ന് അവര്‍ കാണിച്ച് തന്നു. യാതൊരു മുന്‍പരിചയവുമില്ലാതെ ആളുകള്‍ മുന്നിട്ടിറങ്ങി വിജയകരമായി തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്തു.

    IFFK പോലുള്ള മേളകള്‍ അതിനു സ്വാധീനം ചെലുത്തിയെന്നു പറയാന്‍ കാരണമുണ്ട്. ഓണ്‍ലൈനില്‍നടക്കുന്ന ഗഹനമായ ഏതു ചര്‍ച്ചയിലും അത് പൊളിറ്റിക്‌സ് ആയാലും, കലാസ്വാദനത്തെക്കുറിച്ചാണെങ്കിലും, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയില്‍ അങ്ങനെ ചര്‍ച്ച നടത്തുന്ന ഒരു പ്രധാന വിഭാഗത്തിന്റെ വിഷയം സിനിമയാണ്. വളരെ സീരിയസ്സായുള്ള, ക്ലാസിക്, ആര്‍ട്ടിസ്റ്റിക് സിനിമകളെക്കുറിച്ചുമായിരിക്കും. അതിന്റെ മൂലകാരണം അന്വേഷിച്ചു പോയാല്‍ ചെന്നെത്തുന്നത് IFFKയിലേക്കും അതുമായി അനുബന്ധിച്ചുള്ള മറ്റു കാര്യങ്ങളിലേക്കുമാവും. അത്തരം ഒരു കമ്മ്യൂണിറ്റിയെവാര്‍ത്തെടുക്കുന്നതില്‍ IFFK ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
    First published: