• HOME
 • »
 • NEWS
 • »
 • film
 • »
 • ചെറുപ്പത്തിൻറെ ബലത്തിൽ അന്നത്തെ മേള

ചെറുപ്പത്തിൻറെ ബലത്തിൽ അന്നത്തെ മേള

k suresh kurup mla

k suresh kurup mla

 • Last Updated :
 • Share this:
  #കെ. സുരേഷ് കുറുപ്പ്  (എം.എൽ.എ.)

  1978-79 കാലം. കേരള സർവ്വകലാശാല യൂണിയൻ ചെയർമാനായിരിക്കെ യാദൃശ്ചികമായാണ് ഞാൻ തിരുവനന്തപുരം സ്വദേശിയായ ബാലകൃഷ്ണൻ നായരെ പരിചയപ്പെടുന്നത്. അന്ന് ആലുവ യൂ.സി കോളേജ് മുതൽ തെക്കോട്ടാണ് കേരള സർവ്വകലാശാല. എസ്. എഫ് ഐയ്ക്കു ലഭിക്കുന്ന ആദ്യ സർവ്വകലാശാല യൂണിയനാണ്. പുതുതായി എന്തെങ്കിലും ചെയ്യണം അത് മാറ്റമുണ്ടാക്കുന്നതാവണം എന്നൊക്കെയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന യൂണിയൻ തിരഞ്ഞെടുപ്പായിരുന്നു അത്. അങ്ങനെ ബാലകൃഷ്ണനാണ് ചലച്ചിത്രോത്സവമെന്ന ആശയം മുന്നോട്ടു വച്ചത്.

  പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നു സംവിധാനം പഠിച്ചിറങ്ങിയ ബാലകൃഷ്ണൻ പിന്നീട് മുംബെയിൽ പത്രപ്രവർത്തകനായിരുന്നു. പുറത്തുനിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കുക, സിനിമ പ്രവർത്തകരുമായി കുട്ടികളുടെ ചർച്ച എന്നിവയായിരുന്നു ബാലകൃഷ്ണന്റെ നിർദ്ദേശത്തിലുണ്ടായിരുന്നത്. ഇത് സർവ്വകലാശാല യൂണിയൻ അംഗീകരിച്ചു. അടുത്തിടെ വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയായി വിരമിച്ച കെ.ജി. താര, മുൻ രാജ്യസഭാ അംഗം അച്യുതേട്ടന്റെ ഭാര്യ മോഹനകുമാരി എന്നിവരൊക്കെ ഉൾപ്പെട്ടതായിരുന്നു സർവകലാശാല യൂണിയൻ. അക്കാലത്ത് ശക്തമായ ഫിലിം സൊസൈറ്റി മൂവ്മെൻറ് കേരളമാകെ ഉണ്ടായിരുന്നു. ഫിലിം സൊസൈറ്റികളൊക്കെ പ്രാദേശിക തലത്തിൽ ഫെസ്റ്റിവലുകളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിരുന്നു. കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെ അത്തരം ഫിലിം സൊസൈറ്റികളുണ്ടായിരുന്നു. സ്കൂൾ കാലത്തു തന്നെ ഫിലിം സൊസൈറ്റി മൂവ്മെൻറുകളും വളരുകയും അതുമായി ബന്ധപ്പെടുകയും ചെയ്ത ആളുകളാണ്.

  നമ്മളൊക്കെ എന്തായാലും വിദ്യാർത്ഥികൾ ഇത്തരമൊരു ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് ആദ്യമായിരുന്നു.ബാലകൃഷ്ണൻ നായരാണ് ചലച്ചിത്രോത്സവത്തിന് എല്ലാ സൗകര്യങ്ങളുമൊരുക്കിയത്. മണിക് കൗളും സായിദ് മിർസയുമൊക്കെ സിനിമകളുമായെത്തി. ഇതൊക്കെ ബാലകൃഷ്ണൻറെ പരിചയം കൊണ്ടായിരുന്നു. അവരൊക്കെ ട്രെയിനിലാണ് വന്നതും പോയതും. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികളും മേളയ്‌ക്കെത്തി. അവർ ചെയ്ത സിനിമകളും പ്രദർശിപ്പിച്ചു. ഒരാഴ്ചക്കാലം നീണ്ടുനിന്ന മേള 1979 ഓഗസ്റ്റിലായിരുന്നു എന്നാണ് ഓർമ്മ.സിനിമ കാണാൻ കുട്ടികൾ എത്തുമോയെന്ന ആശങ്ക സംഘാടകരായ ഞങ്ങൾക്ക് ആദ്യമുണ്ടായിരുന്നെങ്കിലും മേള തുടങ്ങിയതോടെ അതു മാറി. വിദ്യാർഥികൾ മാത്രമല്ല പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണുണ്ടായത്.

  അക്കാലത്ത് പത്രമാണ് പ്രധാന മാധ്യമം. അന്ന് കേരള കൗമുദിയാണ് തിരുവനന്തപുരത്തെ വലിയ പത്രം. കൗമുദിയിലെ പ്രമുഖരായിരുന്ന എം.എസ്. മണി സാർ, എൻ.ആർ.എസ്. ബാബു സർ, എസ്. ജയചന്ദ്രൻ സാർ, കള്ളിക്കാട് രാമചന്ദ്രൻ ഇവർക്കൊക്കെ സിനിമയോടുള്ള താല്പര്യമായിരുന്നു. അതുകൊണ്ട്തന്നെ അവർ വലിയ രീതിയിലുള്ള പിന്തുണയാണ് നല്കിയതും. ബാലകൃഷ്ണൻ നായരുടെ അടുത്ത സുഹൃത്തായിരുന്ന ഇബ്രാഹിം എന്നയാളും മേളയുടെ നടത്തിപ്പിനായി സഹായിച്ചു. അദ്ദേഹമാണ് പോസ്റ്റർ വരച്ചത്. ഫിലിം റോളുകൾ വീണു കിടക്കുന്ന തരത്തിലായിരുന്നു രൂപകല്പന ചെയ്തത്. ടാഗോർ തിയേറ്ററായിരുന്നു പ്രധാന വേദി. ചില കോളേജുകളിലും സ്ക്രീനിങ്

  ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. പാസ് ഏർപ്പെടുത്തിയെങ്കിലും പെട്ടെന്ന് അതൊക്കെ ഇല്ലാതായി. കാമ്പസുകളിൽ നിന്ന് കുട്ടികളൊക്കെ തള്ളിക്കയറാൻ തുടങ്ങി. എല്ലാ ഷോകളും നിറഞ്ഞു കവിഞ്ഞു. എന്നാൽ വളരെ അച്ചടക്കത്തോടെയാണ് അവർ ഓരോ സിനിമയേയും സ്വീകരിച്ചത്. ഇതെല്ലാവർക്കും അദ്ഭുതമായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ ചേട്ടൻ, ജോൺ ഏബ്രഹാം അങ്ങനെ പ്രമുഖ സംവിധായകരുൾപ്പെടെ തിരുവനന്തപുരത്തെ സാംസ്ക്കാരിക ലോകമാകെ ആ ചലച്ചിത്രമേള ഏറ്റെടുത്തു. ഒരാഴ്ച കൊണ്ട് നാല്പ്പതോളം സിനിമകളാണ് പ്രദർശിപ്പിച്ചത്. പൂനെയിൽ നിന്നെത്തിയവരാണ് ഇതെല്ലാം തിരുവനന്തപുരത്തെത്തിച്ചത്. പൊതു ചർച്ചകൾക്കായി ഒരുക്കിയ ഓപ്പൺ ഫോറത്തിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

  അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ദിവസം പങ്കെടുത്ത പ്രധാനപ്പെട്ടവർക്കുള്ള രാത്രി ഭക്ഷണം ഒരുക്കിയിരുന്നു. അഭിമാനം തോന്നിയ ഒരു കാര്യമുണ്ട്. അത് ചെറുപ്പക്കാരിൽ ആളുകളിൽ സ്വാധീനം. ഇന്നത്തെ മുൻ നിര സംവിധായകരായ ജയരാജും, ടി.കെ രാജീവ് കുമാറും ഈ ചലച്ചിത്രോല്സവത്തില് പങ്കെടുത്തവരാണ്. അന്ന് ഇരുവരും തിരുവനന്തപുരത്ത് വിദ്യാര്ഥികളായിരുന്നു. ആ ഫെസ്റ്റിവൽ സിനിമയെ കുറിച്ചുള്ള ധാരണകളൊക്കെ മാറ്റിയെന്ന് ഇരുവരും പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ മേള വല്ലാതെ സ്വാധീനിച്ചിരുന്നെന്ന് രാജീവ്ക അടുത്തിടെ ഒരു അഭിമുഖത്തിലും പറഞ്ഞു. ജയരാജും പല സ്ഥലങ്ങളിലും ഇത് പറഞ്ഞിട്ടുണ്ട്. നല്ല വലിയ സിനിമകൾ എടുത്ത രണ്ട് സംവിധായകർ അങ്ങനെ പറഞ്ഞതിൽ വലിയ അഭിമാനമുണ്ട്.

  സിനിമ നിസാരമല്ല, ഗൗരവത്തോടെ കാണേണ്ടതാണെന്ന ആശയം വിദ്യാർത്ഥികളിൽ എത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഏതായാലും ആ ലക്ഷ്യം നടന്നു. ഞങ്ങൾക്ക് പിന്നാലെയെത്തിയ ഡിജോ കാപ്പന്റെ നേതൃത്വത്തിലുള്ള സർവകലാശാല യൂണിയൻ ആലുവ മുതൽ തിരുവനന്തപുരം വരെ കാമ്പസുകളിൽ സഞ്ചരിക്കുന്ന ചലച്ചിത്ര മേള നടത്തി. അങ്ങനെ വേറൊരു രീതിയിൽ തുടർച്ചയുണ്ടായി. ഞങ്ങളുടെ ചലച്ചിത്രമേളയ്ക്ക് ഒരു ഇംപാക്ട് ഉണ്ടായി.അന്ന് ഇന്നത്തെ പോലെയല്ല സിനിമയിലേക്ക് ആളുകൾ എത്തണമായിരുന്നു. ഇന്ന് സിനിമ ആളുകളിലേക്കെത്തുകയാണ്. അക്കാലത്ത് കമ്യൂണിക്കേഷന്റെയും ട്രാൻസ്പോർട്ടേഷന്റെയും കാര്യങ്ങളിലൊക്കെ നിരവധി പരിമിതികളുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷെ ചെറുപ്പത്തിന്റെ ബലത്തിൽ അന്ന് അതങ്ങു നടന്നു എന്നു വേണം പറയാൻ.

  First published: