നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഐ.എം. വിജയൻ ചിത്രം 'മ്: സൗണ്ട് ഓഫ് പെയിൻ'

    കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഐ.എം. വിജയൻ ചിത്രം 'മ്: സൗണ്ട് ഓഫ് പെയിൻ'

    ചിത്രം 27-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

    'മ്: സൗണ്ട് ഓഫ് പെയിൻ'

    'മ്: സൗണ്ട് ഓഫ് പെയിൻ'

    • Share this:
      ഫുട്ബോൾ താരം ഐ.എം. വിജയൻ (I.M. Vijayan) നായകനായ 'മ് (സൗണ്ട് ഓഫ് പെയിൻ) (Mmmmm: Sound of Pain) എന്ന ചിത്രം 27-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം റിലീസ് ചെയ്ത ആദ്യ മാസത്തിൽത്തന്നെ മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിരുന്നു. നോൺ കോമ്പറ്റീഷൻ വിഭാഗത്തിൽ 'അൺഹേർഡ് ഇന്ത്യ: റെയർ ലാംഗ്വേജ് ഫിലിം' വിഭാഗത്തിലാണ് ചിത്രം ഔദ്യോഗിക സെലക്ഷൻ നേടിയത്.

      കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

      കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സിനിമ കൂടിയാണ് ഈ ചിത്രം. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് ഫുട്ബോൾ താരം ഐ.എം. വിജയനാണ്. തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം വനത്തിൽ തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം.

      പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടർന്നുള്ള കഥാതന്തു. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ഇത്.

      സാൻഡിഗോ മൂവി അവാർഡിലെ മികച്ച ചിത്രം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിരുന്നു. പാരിസ് ഫിലിം ഫെസ്റ്റിവലിൽ
      അവസാന റൗണ്ടിൽ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കൈവരിച്ചു. തുടർന്ന്, ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇടം പിടിയ്ക്കുകയും, നവാഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ 'ബെസ്റ്റ് ജൂറി അവാർഡ്', 'ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസ്' എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

      വിജീഷ് മണിയാണ് സിനിമയുടെ കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സംസ്കൃത ഭാഷയിലുള്ള നമോ, നേതാജി (ഇരുള) തുടങ്ങിയ ചലച്ചിത്രങ്ങൾ 2019ലും 2020ലും IFFI ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 51 മണിക്കൂറുകൾകൊണ്ട് 'വിശ്വഗുരു' എന്ന സിനിമ പൂർത്തിയാക്കി തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി.

      ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് അദ്ദേഹത്തിന്റെ 'പുഴയമ്മ' എന്ന ചിത്രത്തിന് 2018ൽ ലഭിച്ചിരുന്നു. ആദ്യാവസാനം പുഴയിൽ ചിത്രീകരിക്കപ്പെട്ട സിനിമയ്ക്കുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

      ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതപ്രതിഭ എഡോൺ മോള, നാടൻ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവർ ചിത്രത്തിനുവേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിരുന്നു. ജുബൈർ മുഹമ്മദ്‌ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ. മോഹൻ, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. വിയാൻ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ.
      Published by:user_57
      First published: