• HOME
 • »
 • NEWS
 • »
 • film
 • »
 • Review: ഇരുപത്തിയൊന്നാം നൂറ്റാണ്ട്

Review: ഇരുപത്തിയൊന്നാം നൂറ്റാണ്ട്

പ്രേക്ഷകൻ ആഗ്രഹിക്കുന്നതെല്ലാം അളവിലോ തൂക്കത്തിലോ കൂടാതെയും കുറയാതെയും വിളമ്പുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

പ്രണവും, സായയും

പ്രണവും, സായയും

 • Last Updated :
 • Share this:
  കോലം കെട്ട നൂറ്റാണ്ടിൻ്റെ ഓർമ്മപ്പെടുത്തൽ

  #മീര മനു

  ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഈ പേര് തന്നെയാണ് എന്തുകൊണ്ടും ഈ പ്രണവ് മോഹൻലാൽ- അരുൺ ഗോപി ചിത്രത്തിന് അനുയോജ്യം. അതെന്താ സൂപ്പർ താരത്തിൻ്റെ ചിത്രം ഇരുപതാം നൂറ്റാണ്ടായത് കൊണ്ടാണോ മകൻ്റെ ചിത്രത്തിന് ഈ പേര് തിരഞ്ഞെടുത്തതെന്ന ചോദ്യങ്ങൾ അപ്പാടെ അസ്ഥാനത്താക്കുന്നതാണ് ഈ ചിത്രം. കോലം കെട്ട കാലത്തിൻ്റെ ചെകിടത്തൊന്നു പൊട്ടിക്കണം എന്ന് തോന്നിയ പലർക്കും ഈ ചിത്രം കണ്ടാൽ അൽപ്പമെങ്കിലും ആശ്വാസമാകും. താര പുത്രൻ്റെ ചിത്രം എന്ന് ഒതുങ്ങിപ്പോവാതെ ഒരുപാട് കാര്യങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും ഈ ചിത്രം പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു.

  Also read: First show First half: ഇരുപത്തിയൊന്നാം നൂറ്റാണ്ട്

  ചിത്രം പറയുന്നതെന്തെന്ന് നോക്കാം. അത്യാവശ്യം അടിപിടി കൊട്ടേഷൻ പരിപാടികളിൽ ഗോവയിൽ ജീവിക്കുന്ന ഒരു കുടുംബമാണ് നായകൻ അപ്പുവിന്റേത് (പ്രണവ്). അവിടെയുള്ള അയാളുടെ കൂട്ടുകാരും, അവർക്കിടയിലേക്ക് വന്നുപെടുന്ന പെൺകുട്ടിയുമാണ് ചിത്രത്തിന്റെ ആരംഭത്തിൽ. വിനോദ സഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരെയും മോഹിപ്പിക്കുന്ന ഫ്രെയിംസും, അവിടുത്തെ ആഘോഷങ്ങളും കൊണ്ട് ആദ്യ പകുതിയെ നിറക്കുന്നു. ഈ അടിച്ചു പൊളി ജീവിതത്തിൽ എവിടെ കഥയും ട്വിസ്റ്റും എന്ന് ചിന്തിക്കുന്ന പ്രേക്ഷകന്റെ കാത്തിരിപ്പ് ഇടവേള വരെ നീളുന്നു.  കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനും, അവർ തമ്മിലുള്ള ബന്ധം പറഞ്ഞുറപ്പിക്കുന്നതിനുമായി ആവശ്യത്തിലേറെ സമയം ചിലവിടുന്ന ആദ്യ പകുതി ജീവൻ വയ്ക്കുന്നത് കരുത്തുള്ള തിരക്കഥയുടെ രണ്ടാം ഭാഗത്തിലാണ്. ഇവിടെ ദൃഢമേറിയ പ്രണയം വന്നു കയറുന്നു, അതിൻ്റെ ചുറ്റുപാടിൽ തിരക്കഥാകൃത്ത് ഈ കാലത്തു നടക്കുന്ന പല പേക്കൂത്തുകളെയും വിമർശിക്കേണ്ട വിധത്തിൽ തന്നെ വിമർശിക്കുന്നു. മതവും വിശ്വാസവും മനുഷ്യന് തൻ്റെ അഭിപ്രായത്തിലൂന്നി ജീവിക്കാനുള്ള പ്രസ്ഥാനമെന്നാണെന്നും, യഥാർത്ഥ കമ്മ്യൂണിസം എന്നാൽ മാനവികത എന്നുമുള്ള എന്നോ മറന്നു പോയ പാഠങ്ങളെ ശക്തമായി ഓർമ്മിപ്പിക്കുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. വാസ്തവത്തെ വറുത്തരച്ച മീൻ കറി വയ്ക്കുന്ന ഭാവത്തോടെ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലെ രചയിതാവ് കൂടിയായ സംവിധായകൻ്റെ അമർഷവും വ്യക്തം.  ഇനി എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാവും അഭിനയത്തിൽ പ്രണവ് അച്ഛനോളം ആണോ എന്ന്. അങ്ങനെ ചേരുംപടി ചേർക്കലുകൾ ചെയ്‌താൽ തിരനോട്ടത്തിന് ശേഷം 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' ലാലും മകനും തമ്മിലെ താരതമ്യം ആവും ഉചിതം. രണ്ടും ഇരുവരുടെയും രണ്ടാം ചിത്രം. 'ഗുഡ് ഈവെനിംഗ് മിസ്സിസ് പ്രഭ നരേന്ദ്രൻ' എന്ന ഡയലോഗിൽ നിന്നും കാതങ്ങൾ താണ്ടിയിരിക്കുന്നു സാഗർ എലിയാസ് ജാക്കിയും, മംഗലശ്ശേരി നീലകണ്ഠനും, സഖാവ് നെട്ടൂരാനും, പൂവള്ളി ഇന്ദുചൂഡനും ഒക്കെയായി മാറിയ മോഹൻലാൽ. അങ്ങനെയെങ്കിൽ ആദ്യ ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ട് പ്രണവിലെ നടനെ അളക്കാൻ ആയിട്ടില്ല. ആദിയിലെ പാർക്കർ സ്റ്റണ്ട് വിദഗ്ധനായ ആദി, സർഫിങ് മിടുക്കനായ അപ്പു ആകുമ്പോൾ ഒരു ആക്ഷൻ-അഡ്വെഞ്ചർ ഹീറോ എന്ന നിലയിൽ മാത്രമായി പോകുന്നില്ല. കൂടാതെ ഇതൊരു നായകനെ മാത്രം ആശ്രയിച്ച കഥയുമല്ല. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, സുരേഷ് കുമാർ, പുതുമുഖം സയാ ഡേവിഡ്, ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, ഇന്നസെന്റ്, സിദ്ദിഖ് എന്നിവരുടെ പ്രകടനം തന്നെ ഉദാഹരണമാണ് ഓരോ കഥാപാത്രത്തിനും അനുയോജ്യമായ പ്രാധാന്യം ചിത്രം നൽകുന്നുവെന്ന്.  നിമിഷങ്ങൾ നീണ്ട അതിഥി വേഷത്തിൽ തിളങ്ങിയ ഗോകുൽ സുരേഷിനെ മറന്നൊരു വിലയിരുത്തൽ ഈ ചിത്രത്തോട് ചെയ്യുന്ന അനീതി എന്നേ പറയാനൊക്കൂ. ഒരു പ്രതിസന്ധി ഘട്ടത്തിൽ നായകനും നായികയ്ക്കും സഹായിയായെത്തുന്ന ഫ്രാൻസി, ആനക്കാട്ടിൽ ചാക്കോച്ചി തന്നെയല്ലേ എന്ന് ചോദിക്കാത്തവർ ഉണ്ടെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. അഭിരവ് ജനൻ എന്ന നായകൻ്റെ സുഹൃത്തും ചിത്രത്തിന്റെ രസച്ചരടുകൾ കൂട്ടിയിണക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. പ്രണയവും, ആക്ഷനും, അഡ്വെഞ്ചറും, ത്രില്ലും, സസ്‌പെൻസും, ചിന്തയും അങ്ങനെ ഒരു പ്രേക്ഷകൻ ആഗ്രഹിക്കുന്നതെല്ലാം അളവിലോ തൂക്കത്തിലോ കൂടാതെയും കുറയാതെയും വിളമ്പുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

  First published: