# മീര മനു
പാമ്പള്ളി സംവിധാനം ചെയ്ത 'സിഞ്ചാർ' കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ഐസിസ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളുടെ ജീവിതം പകർത്തുന്ന ചിത്രം. മേളയിൽ ഇന്ത്യൻ പോട്ട്പൊരിയിൽ ആകെയുള്ള, മലയാളത്തിലെയല്ലെങ്കിലും, മലയാളികളുടെ ചിത്രമാണ് സിഞ്ചാർ. ആദ്യ പ്രദർശനം കഴിഞ്ഞു. ഇന്ന് രണ്ടാമത് വീണ്ടും സിഞ്ചാർ സ്ക്രീനിലേക്ക്. പക്ഷെ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ ദിവസം ജൂറി ചെയർമാൻ കൂടിയായ മജീദ് മജീദിയുടെ മൊഹമ്മദ് സെൻസർ പരിമിതികൾ മൂലം അവസാന നിമിഷത്തിൽ പ്രദർശനം വേണ്ടെന്നു വയ്ക്കേണ്ടി വന്നു. പ്രവാചകന്റെ ബാല്യം പറയുന്ന ചിത്രം മറ്റു പല രാജ്യങ്ങളിലും തിക്താനുഭവം നേരിട്ടതാണ്. ഇവിടെ പറയാൻ കാരണം, സിൻജാറിലെ പർദ്ദ വലിച്ചെറിയുന്ന രംഗം ഒന്ന് കൊണ്ട് മാത്രം സംവിധായകന് വിമർശനം നേരിടേണ്ടി വന്നു എന്നതാണ്.
ഇല്ല, മജീദിയുടെ മൊഹമ്മദിന് കേരളത്തിലും വേദിയില്ല
"മനുഷ്യ ജീവിതത്തിന്ന് നല്ല വശങ്ങൾ ചൂണ്ടിക്കാണിച്ചിരുന്ന ചിത്രത്തിൽ നബിയെ കാണിക്കുന്നുവെന്ന ഒറ്റക്കാരണത്താൽ അന്താരാഷ്ട്ര വിലക്ക് വന്നു. സിൻജാറിൽ എവിടെയും ഇസ്ലാമിനെ മോശമാക്കി പറയുകയോ ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. ചിത്രത്തിൽ പർദ്ദ അഴിച്ച് വലിച്ചെറിയുന്നത് കഥയിലെ കഥാപാത്രത്തിന്റ മാനസികമായ വളർച്ച മാത്രമാണ് നടക്കുന്നത്. അത് കഥയ്ക്ക് അനിവാര്യമാണ്. ഒരു സമുദായത്തെ യോ വിഭാഗത്തിനെയോ അടിച്ചാക്ഷേപിക്കുന്ന വിധത്തിൽ ചിത്രത്തിൽ ഒന്നും പ്രയോഗിച്ചിട്ടില്ല. പക്ഷെ സിൻജാർ ആദ്യ പ്രദർശനം കഴിഞ്ഞ ചോദ്യോത്തര വേളയിൽ ചിത്രത്തിലെ ഘടകങ്ങളെ വളച്ചൊടിക്കുവാനുള്ള ശ്രമം നടന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഒരു കലാകാരന് അവന് സംവദിക്കാനുള്ള പ്രധാന പ്ലാറ്റുഫോം കലയാണെന്നിരിക്കേ, ആ വ്യക്തിസ്വാതന്ത്ര്യത്തിൽ ചെയ്ത കലാസൃഷ്ടിയെ കലയായി മാത്രം കാണാൻ ശ്രമിക്കണമെന്നും വർഗീയ ചിന്തകൾ വച്ചുപുലർത്തി സിനിമയെ അപഗ്രഥിക്കരുതെന്നുമാണ് എന്റെ അപേക്ഷ. എന്റെ സിനിമയ്ക്ക് പറയാൻ ശക്തമായ ഒരു സന്ദേശം ഉണ്ട് അത് പരമാവധി ആളുകളിലേക്ക് എത്തിക്കുക തന്നെ വേണം." പാമ്പള്ളി പറയുന്നു.

ഷിബു, പാമ്പള്ളി
ഒക്കെ മാറ്റി നിർത്തിയാൽ, മലയാളികളെന്ന നിലയിൽ നമുക്കഭിമാനിക്കാൻ ഈ ചിത്രം വക തരുന്നുണ്ട്. സിഞ്ചാർ എടുത്തിരിക്കുന്നത് ലക്ഷദ്വീപിൽ മാത്രം നിലനിൽക്കുന്ന ജസിരി ഭാഷയിലാണ്. ഇതിനു വാമൊഴിയല്ലാതെ മറ്റൊരു രീതിയിലും രേഖകളില്ല. അപ്പോഴാണ് സംവിധായകന് മനസ്സിൽ വന്ന വിഷയം പറയാൻ ഈ ഭാഷ എന്ത് കൊണ്ടും അനുയോജ്യമാണെന്ന് തോന്നിയതും, ഒരു വർഷം കൊണ്ട് ആ നാട്ടിൽ നിന്ന് ഭാഷ പഠിച്ചു ചിത്രം എടുക്കുന്നതും. ഇക്കഴിഞ്ഞ വർഷത്തെ ഡെസ്സീയ ചലച്ചിത്ര അവാർഡിൽ മികച്ച ജസിരി ഭാഷ ചിത്രത്തിനും, നവാഗത സംവിധായകനുമുള്ള അവാർഡുകൾ സിഞ്ചാർ നേടി.
എല്ലാത്തിനും തുടക്കം ഇറാഖിൽ ലൈംഗിക അടിമകളാക്കപ്പെടുന്ന സ്ത്രീകളെ കുറിച്ചുള്ള വർത്തയിൽ നിന്നുമാണ്. 2014 ലെ വാർത്ത വായിക്കുമ്പോൾ പാമ്പള്ളിയുടെ മനസ്സിൽ തോന്നിയത് മറ്റൊന്നാണ്. ഇത് നമ്മുടെ ചുറ്റുമുള്ള പെൺകുട്ടികൾക്കാണ് സംഭവിച്ചതെങ്കിലോ? ഇതുപോലെ വാർത്ത വായിച്ച് ഖേദം പ്രകടിപ്പിക്കുന്നതോ, രോഷാകുലർ ആവുന്നതോ കൊണ്ട് അവസാനിക്കുമോ? കഥാ തന്തുവുമായി നേരെ നിർമ്മാതാവ് ഷിബു ജി. സുശീലന്റെയടുത്തേക്ക്. "ഇപ്പോഴും 40,000 സ്ത്രീകൾ അവരുടെ തടങ്കലിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. യസീദി സ്ത്രീകളെയാണ് അടിമകളാക്കിയിരിക്കുന്നത്. പല പ്രാവശ്യം ചൂഷണം ചെയ്തും, പല പുരുഷന്മാർക്കിടയിലും കൈമാറപ്പെട്ടവരായും അവർ ജീവിക്കുന്നു. ചിലർ രക്ഷപെട്ടു പുറത്തെത്തിയെന്നു മാത്രം," പാമ്പള്ളി പറയുന്നു.
എന്നിട്ടും പ്രവാചകൻറെ ചിത്രം പ്രദർശിപ്പിക്കാൻ വിലക്ക്: മജീദ് മജീദി
ഒരു കൊമേർഷ്യൽ സിനിമയുടെ ചിന്തയിലായിരുന്നു നിർമ്മാതാവ്. പക്ഷെ ഈ കഥ കേട്ടതും വേറൊന്നും നോക്കിയില്ല. "കൊമേർഷ്യൽ സിനിമ എപ്പോൾ വേണമെങ്കിലും എടുക്കാം. പക്ഷെ ഇത് കാലിക പ്രസക്തിയുള്ള ചിത്രമാണ്. ഈ ചിത്രത്തിലൂടെ പ്രധാനമായും ജസിരി എന്നൊരു ഭാഷയുള്ളതായി ഞങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞു. നാഷണൽ ആർക്കൈവ്സിലും, സെൻസർ ബോർഡിലും, ദേശീയ/സംസ്ഥാന അവാർഡ് കമ്മറ്റിയിലും ഇത്തരമൊരു ഭാഷയുണ്ടെന്നു കാട്ടിക്കൊടുത്തു. ലാഭം നോക്കിയാൽ അവാർഡ് തുകയല്ലാതെ ഞങ്ങൾക്ക് ഒന്നും തിരിച്ചു കിട്ടിയിട്ടില്ല. ഇത് ലാഭേച്ഛയോടെ നിർമ്മിച്ച ചിത്രവുമല്ല. ഇതിൽ നന്മയുണ്ട്, വസ്തുതയുണ്ട്, അത്രമാത്രം." ഷിബു പറയുന്നു.
അറക്കൽ ബീവിയുടെ മുൻ തലമുറക്കാരിൽ നിന്നുമാണ് ജസിരിയുടെ തുടക്കം. അവർ തുളുവും, കന്നഡയും കലർത്തി സംസാരിച്ചിരുന്നു. കൊച്ചിയിലേക്ക് വാണിജ്യാവശ്യങ്ങൾക്ക് പോയപ്പോൾ മലയാളത്തിന്റെ സ്വാധീനം കൂടി. ഇതിൽ ഇപ്പൊ 50 ശതമാനവും മലയാളമാണ്. അറബി, തുളു, കന്നഡ, തമിഴ് ഭാഷകളുടെ സ്വാധീനവുമുണ്ട്. 200 വർഷത്തിന് മേലെ പഴക്കമുണ്ട്. ചിത്രത്തിൽ ജസിരി സംസാരിക്കുന്നവർക്കിടയിലെ ജീവിത രീതികൾ അപ്പാടെ പകർത്താനും കഴിഞ്ഞിട്ടുണ്ട്. "അവിടുത്തെ വിനോദ സഞ്ചാരം, കാഴ്ചകൾ, ജീവിത ശൈലി എന്നിവയൊക്കെ ചിത്രത്തിലുമുണ്ട്. അവരുടേതായ ചില ഭക്ഷണങ്ങളുണ്ട്, മാസപ്പം, തേങ്ങാച്ചോറ് തുടങ്ങിയവ. ചത്രത്തിൽ അത് പറയുന്നുണ്ട്," പാമ്പള്ളി പറയുന്നു.
സ്ലീപ്ലെസ്സ്ലി യുവേർഴ്സ്: IFFKയിൽ സുദേവ് നായർ
ഗോവ, കൊൽക്കത്ത ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് സിഞ്ചാർ. കേരളത്തിൽ വന്നപ്പോഴാണ് പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ നേരിടേണ്ടി വന്നതെന്ന് സംവിധായകനും, നിർമ്മാതാവും പറയുന്നു. നിർമ്മാതാവിന് ഒരു നിർദേശം കൂടി വയ്ക്കാനുണ്ട്, ചലച്ചിത്ര അക്കാദമി കമ്മറ്റികളിൽ എല്ലാം ഒരു നിർമ്മാതാവിനെ ഉൾപെടുത്തുക എന്ന്. അടുത്ത വർഷം സിഞ്ചാർ തിയേറ്ററിലെത്തിക്കാനും തയ്യാറെടുക്കുകയാണിവർ.
സിഞ്ചാർ ഇന്ന് ഉച്ചക്ക് 3 മണിക്ക് മേള വേദിയായ തിരുവനന്തപുരം ശ്രീ പദ്മനാഭയിൽ പ്രദർശിപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.