ആര് സുകുമാരന്‍-മോഹന്‍ലാല്‍ ടീമിന്റെ പാദമുദ്ര പ്രേക്ഷകരിലേക്ക് എത്തിയിട്ട് ജൂണ്‍ 24 ന് 33 വര്‍ഷങ്ങള്‍ തികയുകയാണ്. ഈ വേളയില്‍ ശ്രദ്ധേയമാവുകയാണ് സഫീര്‍ അഹമ്മദ് പങ്കുവെച്ച കുറിപ്പ്. സ്ത്രീലമ്പടനായ മാതു പണ്ടാരത്തിന്റെയും അയാള്‍ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന,പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന കുട്ടപ്പന് എന്ന മകന്റെയും ആത്മസംഘര്‍ങ്ങളുടെ കഥയാണ് ആര്.സുകുമാരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'പാദമുദ്ര'.
മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളില്‍, പെര്‍ഫോമന്‍സുകളില്‍ മുന്‍നിരയില്‍ തന്നെ പാദമുദ്രയും അതിലെ മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും ഉണ്ടാകുമെന്ന് സഫീര്‍ കുറിക്കുന്നു. പാദമുദ്ര എന്ന മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ആര്.സുകുമാരന്‍, നിര്‍മ്മാതാവ് അഗസ്റ്റിന്, ഒരേ സമയം മാതു പണ്ടാരവും സോപ്പ് കുട്ടപ്പനുമായി നിറഞ്ഞാടി നമ്മളെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ടാണ് സഫീര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സഫീര്‍ അഹമ്മദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം''അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍''
ശൃംഗാരത്തിന്റെയും പശ്ചാത്താപത്തിന്റെയും മുദ്രകള്‍ ചാര്‍ത്തി മാതുപണ്ടാരവും,നിസ്സഹായതയുടെയും അവഗണനയുടെയും പരിഹാസത്തിന്റെയും നൊമ്പരങ്ങളുടെയും മുദ്രകള്‍ ചാര്‍ത്തി സോപ്പ് കുട്ടപ്പനും തിരശ്ശീലയില്‍ എത്തിയിട്ട് ഇന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍.
അതെ,മലയളത്തിലെ മികച്ച സിനിമകളിലൊന്നായ,അഭിനയ മികവിന്റെ ഊഷ്മളത പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആര്.സുകുമാരന്‍-മോഹന്‍ലാല്‍ ടീമിന്റെ പാദമുദ്ര റിലീസായിട്ട് ജൂണ്‍ 24ന്,ഇന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ ആയി.
സ്ത്രീലമ്പടനായ മാതു പണ്ടാരത്തിന്റെയും അയാള്‍ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന,പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന കുട്ടപ്പന് എന്ന മകന്റെയും ആത്മസംഘര്‍ങ്ങളുടെ കഥയാണ് ആര്.സുകുമാരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'പാദമുദ്ര'.
നാല്‍പ്പത്തിയൊന്ന് വര്‍ഷത്തെ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും,
അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന്..സിനിമ എന്ന മാധ്യമവുമായി യാതൊരു മുന്‍ പരിചയവും ഇല്ലാതിരുന്ന,ഒരു സിനിമ സെറ്റില്‍ പോലും പോയിട്ടില്ലാത്ത ആര്.സുകുമാരന്‍ എന്ന പുതുമുഖ തിരക്കഥാകൃത്ത്-സംവിധായകന് ആണ് മോഹന്‍ലാലില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഈ അഭിനയ പ്രകടനം പുറത്തെടുത്ത്,ഇത്രയും മികച്ച ഒരു സിനിമ മലയാളത്തിന് സമ്മാനിച്ചത് എന്നത് ഒക്കെ അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.
മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയില്‍ എങ്ങനെ വളരെ സ്വഭാവികമായി,എങ്ങനെ
അതി മനോഹരമായി അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യന്‍ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ്. അത്രയ്ക്ക് മികച്ചതായിരുന്നു മാതു പണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം.
'കുട്ടപ്പാ,കടല വേണൊ' എന്ന് ചോദിച്ച് കൊണ്ട് തന്റെ ജാര സന്തതിയായ കുട്ടപ്പന് മാതു പണ്ടാരം ചായക്കടയില്‍ നിന്നും ദോശയും കടലയും വാങ്ങി കൊടുക്കുന്നത് പാദമുദ്രയിലെ വളരെ പ്രാധാന്യമുള്ളൊരു രംഗമാണ്..കുട്ടപ്പന് മാതു പണ്ടാരത്തിന്റെ അടുത്തിരുന്ന് ദോശ കഴിക്കുന്നതിനിടയില്‍ ചായക്കടയിലുള്ളവരുടെ പരിഹാസം കലര്‍ന്ന ചിരികള്‍ കണ്ട് ഒന്നും മിണ്ടാതെ അപമാന ഭാരത്താല്‍,തന്റെ മകന്റെ അവസ്ഥയോര്‍ത്ത്,താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കി,പശ്ചാത്തപിച്ച് നിസ്സഹായനായി ഇരിക്കുന്ന മാതു പണ്ടാരം,ഹൃദയസ്പര്‍ശിയായിരുന്നു അത്..മോഹന്‍ലാലിന്റെ മികച്ച പ്രകടനത്തോടൊപ്പം ഒഴുകി വന്ന ജോണ്സണ് മാസ്റ്ററുടെ പശ്ചാത്തല സംഗീതം ആ രംഗത്തെ കൂടുതല്‍ മനോഹരമാക്കി.
'അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും' എന്ന ഗാന രംഗത്തിലെ മോഹന്‍ലാലിന്റെ അസാധ്യ പ്രകടനമാണ് പാദമുദ്രയിലെ എടുത്ത് പറയേണ്ട മറ്റൊരു രംഗം. ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും,ഇടയില്‍ ഭക്തിയില്‍ നിന്നും ശൃംഗാരത്തിലേക്കും കാമത്തിലേക്കുള്ള മാതു പണ്ടാരത്തിന്റെ ഭാവ മാറ്റം,ഗംഭീരമാണത്..ഞൊടിയിടയിലാണ് ഭക്തിയും ശൃംഖാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹന്‍ലാലിന്റെ മുഖത്ത് മിന്നിമറയുന്നത്..'സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഖാര കേളികളാടുന്നു' എന്ന വരികള്‍ക്ക് മോഹന്‍ലാല്‍ കൊടുക്കുന്ന ഭാവവും ശരീരഭാഷയും ഒക്കെ അതി മനോഹരമാണ്..ഗാന രംഗങ്ങളില്‍ തിളങ്ങാനുള്ള മോഹന്‍ലാലിന്റെ അസാമാന്യ വൈദഗ്ദ്ധ്യം വിളിച്ചോതിയ ഒന്നായിരുന്നു ഇത്..കൂടാതെ മൂന്ന് മിനിട്ടോളം ദൈര്‍ഘ്യമുള്ള മാതു പണ്ടാരത്തിന്റെ കാവടിയാട്ടം,അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകര്‍ക്ക്..മോഹന്‍ലാല്‍ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുത്ത പ്രകടനമായിരുന്നു ആ കാവടിയാട്ടത്തിലേത്, മലയാള സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന് മാത്രം സാധ്യമാകുന്ന ഒന്ന്.
സ്ത്രീലമ്പടനായ,സംസാരത്തില്‍ അശ്ലീലം കുത്തി നിറയ്ക്കുന്ന,കവച്ച് വെച്ച് നടക്കുന്ന മാതു പണ്ടാരത്തെയാണൊ അല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ തന്റെതല്ലാത്ത കാരണത്താല്‍ മുഴുവന്‍ നാട്ടുക്കാരുടെയും പരിഹാസം ഏറ്റ് വാങ്ങേണ്ടി വന്ന, മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനെയാണൊ മോഹന്‍ലാല്‍ കൂടുതല്‍ മികവ് നല്കി അവതരിപ്പിച്ചതെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക പ്രയാസമായിരിക്കും..അത്രയ്ക്ക് മികച്ച രീതിയിലാണ് മോഹന്‍ലാല്‍ ആ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്.
അന്ന്,1988ല്‍ ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുള്ള,കേവലം എട്ട് വര്‍ഷങ്ങളുടെ അഭിനയ പരിചയമുള്ള മോഹന്‍ലാല്‍ എന്ന നടന്റെ പ്രതിഭ എത്രോത്തോളമുണ്ടെന്ന് മലയാള സിനിമ പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുത്ത സിനിമയാണ് പാദമുദ്ര..നമ്മുടെ ഭൂരിഭാഗം സിനിമ പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഒക്കെ ഒരു മുന്‍വിധി/തെറ്റിദ്ധാരണയുണ്ട്,സെന്റിമെന്റല്‍ സീനുകളില്‍ ശോഭിക്കുന്നവര്‍,വാവിട്ട് കരഞ്ഞ് അഭിനയിക്കുന്നവര്‍ അല്ലെങ്കില്‍ ആര്‍ട് സിനിമകളില്‍ അഭിനയിക്കുന്നവര്‍ മാത്രമാണ് മികച്ച നടീനടന്മാര് എന്ന്..കമേഴ്സ്യല്‍ സിനിമകളിലെ ഹാസ്യാഭിനയവും സ്വാഭാവികാഭിനയവും ഒന്നും ഉത്തമ നടനത്തിന്റെ അളവ് കോലുകള്‍ ആയി പരിഗണിക്കാത്ത ഒരു പ്രേക്ഷക സമൂഹം അന്ന് ഉണ്ടായിരുന്നു,ഒരു പരിധി വരെ അത് ഇന്നുമുണ്ട്.
സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ കോമഡി ചെയ്യുന്ന,പ്രിയദര്‍ശന്റെ സിനിമകളില്‍ തലക്കുത്തി മറിയുന്ന,കോമഡിയും ആക്ഷനും മാത്രം ചെയ്യാന്‍ പറ്റുന്ന നടന് എന്നാണ് പാദമുദ്ര വരുന്നത് വരെ മോഹന്‍ലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ..പാദമുദ്രയ്ക്ക് മുമ്പ് അമൃതംഗമയ,ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സീരിയസ് സിനിമകളില്‍ അത്യുജ്വല അഭിനയം മോഹന്‍ലാല്‍ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ മികച്ച നടനായി അംഗീകരിക്കാന്‍ പൊതുവെ എന്തൊ ഒരു വിമുഖത ഉണ്ടായിരുന്നു അന്ന്, കാരണം മേല്‍പ്പറഞ്ഞ ആ മുന്‍വിധി തന്നെ.
പക്ഷെ പാദമുദ്രയിലെ പ്രകടനത്തിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുന്‍ധാരണകളെ മോഹന്‍ലാല്‍ തിരുത്തി വിമര്‍ശകരുടെ വായ് അടപ്പിച്ചുവെങ്കിലും കിരീടത്തിന് ശേഷമാണ് മോഹന്‍ലാലിനെ മികച്ച നടനായി പൊതുവെ അംഗീകരിച്ച് തുടങ്ങിയത്.
1988ലെ സ്റ്റേറ്റ്/നാഷണല്‍ ബെസ്റ്റ് ആക്ടര്‍ മല്‍സരത്തിന്റെ അവസാന റൗണ്ടില്‍ പാദമുദ്രയിലെ ഉജ്വല പ്രകടനത്തിലൂടെ മോഹന്‍ലാല്‍ എത്തിയിരുന്നു. പക്ഷെ മോഹന്‍ലാല്‍ എന്ന ഇരുപത്തിയെട്ടുക്കാരന് ഇനിയും അവാര്‍ഡ് ലഭിക്കാന്‍ സമയമുണ്ട്/അവസരങ്ങള്‍ ഉണ്ട് എന്നും പറഞ്ഞ് അന്നത്തെ അവാര്‍ഡുകള്‍ എണ്‍പത് വയസ്സുക്കാരനായ പ്രേംജിക്ക് കൊടുത്തു അവാര്‍ഡ് ജൂറി..പ്രോല്‍സാഹനം എന്ന പോലെ 1988 ലെ കേരള സ്റ്റേറ്റ് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കൊടുത്തു പാദമുദ്രയിലെ പെര്‍ഫോമന്‍സിന്,കൂടെ ആര്യനിലെയും ചിത്രത്തിലെയും ഉത്സവപ്പിറ്റേന്നിലെയും അഭിനയം കൂടി കണക്കിലെടുത്ത് കൊണ്ട്.
1988 ജൂണ്‍ 24ന് റിലീസ് ദിവസം തന്നെ കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും ഇക്കയുടെ കൂടെ കണ്ടതാണ് ഞാന്‍ പാദമുദ്ര,എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍..കോരിച്ചൊരിഞ്ഞ മഴയിലും വന്‍ തിരക്കായിരുന്നു പാദമുദ്രയ്ക്ക്,അതും ഫാന്‍സ് അസോസിയേഷന് ഒന്നും ഇല്ലാത്ത ആ കാലത്ത്..ഒരു പക്ഷെ ഇന്ന് ആക്ഷന്‍ ജോണറിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ക്ക് പോലും റിലീസ് ഡേയില്‍ സ്വപ്നം കാണാന്‍ പറ്റാത്ത അത്ര തിരക്ക്..അന്നത്തെ മോഹന്‍ലാല്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള വിഷയം വാണിജ്യ ചേരുവകള്‍ ഇല്ലാതെ അവതരിപ്പിച്ചത് കൊണ്ടാണ് പാദമുദ്ര ബോക്സ് ഓഫിസില്‍ ശ്രദ്ധിക്കപ്പെടാതെ പോയത്..അന്ന് ഒരു എട്ടാം ക്ലാസുക്കാരന് ഉള്‍ക്കൊള്ളാവുന്ന പ്രമേയം ആയിരുന്നില്ല പാദമുദ്രക്ക്,അത് കൊണ്ട് തന്നെ നിരാശയോടെയാണ് തിയേറ്റര്‍ വിട്ടിറങ്ങിയതും..പിന്നീട് മുതിര്‍ന്ന ശേഷം വീണ്ടും കണ്ടപ്പോഴാണ് പാദമുദ്ര വളരെ ഇഷ്ടപ്പെടുന്നതും ആ സിനിമയുടെ മേന്മകള് മനസിലാകുന്നതും.
മോഹന്‍ലാലിന്റെ മികച്ച അഭിനയ മുഹുര്‍ത്തങ്ങളാല്‍ സമ്പന്നമായ പാദമുദ്രയില്‍ നെടുമുടി വേണുവിന്റെയും സീമയുടെയും മികച്ച പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്..നാട്ടുകാരുടെ പരിഹാസ ശരങ്ങള്‍ ഏറ്റ് വാങ്ങി അപമാനത്താല്‍ തല കുനിച്ച് തന്റെത് അല്ലാത്ത മകനെ സ്നേഹിച്ച് വളര്‍ത്തുന്ന നാരായണന് എന്ന കഥാപാത്രം ഒരിക്കല്‍ കൂടി നെടുമുടി വേണു എന്ന കലാകാരന്റെ നടന വൈഭവം പ്രേക്ഷകര്‍ക്ക് കാണിച്ച് തന്നു. ഒരു നിമിഷത്തെ ദൗര്‍ബല്യം കൊണ്ട് സംഭവിച്ച താളപ്പിഴയില്‍ പിന്നീടുള്ള ജീവിതം നാണക്കേട് സഹിച്ച്,സ്വന്തം മകനെ ലാളിക്കാനും സ്നേഹിക്കാനും ആകാതെ നീറി ജീവിക്കേണ്ടി വന്ന ഗോമതി എന്ന കഥാപാത്രത്തെ സീമ മനോഹരമായി അവതരിപ്പിച്ചു..സാലു ജോര്‍ജിന്റെ ഛായാഗ്രഹണവും വിദ്യാധരന് മാസ്റ്ററുടെ സംഗീതവും ജോണ്സണ് മാസ്റ്ററുടെ പശ്ചാത്തല സംഗീതവും പാദമുദ്ര എന്ന സിനിമയെ മനോഹരമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു..അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും എന്ന മികച്ച ഗാനം രചിച്ച ഹരി കുടപ്പനക്കുന്നിന്റെയും പേര് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച പത്ത് സിനിമകള്‍/പെര്‍ഫോമന്‍സുകള്‍ ഒന്ന്,രണ്ട് എന്ന ക്രമത്തില്‍ പറയാന്‍ പറഞ്ഞാല്‍ ഞാന്‍ ഉള്‍പ്പെടെ പലര്‍ക്കും അത് പറയാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും..പക്ഷെ ഒന്നെനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും,മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളില്‍,
പെര്‍ഫോമന്‍സുകളില്‍ മുന്‍നിരയില്‍ തന്നെ പാദമുദ്രയും അതിലെ മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും ഉണ്ടാകും.
പാദമുദ്ര എന്ന മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ആര്.സുകുമാരന്‍,
നിര്‍മ്മാതാവ് അഗസ്റ്റിന്,ഒരേ സമയം മാതു പണ്ടാരവും സോപ്പ് കുട്ടപ്പനുമായി നിറഞ്ഞാടി നമ്മളെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിര്‍ത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.