• HOME
 • »
 • NEWS
 • »
 • film
 • »
 • Salute movie | ദുൽഖറിനും മുഴുവൻ ടീമിനും 'ബിഗ് സല്യൂട്ട്' അടിച്ച് സംവിധായകൻ; സല്യൂട്ട് ചിത്രീകരണം പൂർത്തിയായി

Salute movie | ദുൽഖറിനും മുഴുവൻ ടീമിനും 'ബിഗ് സല്യൂട്ട്' അടിച്ച് സംവിധായകൻ; സല്യൂട്ട് ചിത്രീകരണം പൂർത്തിയായി

It's a wrap for Salute movie | ദുൽഖർ സൽമാൻ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ ഷൂട്ടിംഗ് പൂർത്തിയായി

റോഷൻ ആൻഡ്രൂസും ദുൽഖറും

റോഷൻ ആൻഡ്രൂസും ദുൽഖറും

 • Last Updated :
 • Share this:
  ദുൽഖർ സൽമാൻ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

  ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ അയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

  സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ.

  ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടർസ് അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ.

  സിനിമ പൂർത്തിയാക്കുവാൻ അകമഴിഞ്ഞ് സഹായിച്ച ദുൽഖറിനും കൂടെ വർക്ക് ചെയ്തവർക്കും നന്ദി പറഞ്ഞ് സംവിധായകൻ റോഷൻ ആൻഡ്രൂസ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
  "DQ.. ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും നമ്മൾ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. എന്റെ എന്നത്തേയും ഒരു സ്വപ്നമായ താങ്കളോടൊപ്പം ഒരു സിനിമ എന്നത് യാഥാർഥ്യമാക്കി തന്ന അങ്ങേക്ക് ഹൃദയത്തിൽ നിന്നും നന്ദിയർപ്പിക്കുന്നു. ഒന്നിച്ചു പ്രവർത്തിച്ച ഓരോ നാളിലും താങ്കൾ എത്രയേറെ നന്മയുള്ള വ്യക്തിയാണ് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ആ ഒരു മേന്മ തന്നെയാണ് താങ്കളെ മികച്ചൊരു അഭിനേതാവും ആക്കിത്തീർത്തിരിക്കുന്നത്. ദുൽഖറിനൊപ്പം വർക്ക് ചെയ്യുക എന്നത് കരിയറിൽ ഒഴിച്ചുകൂടാനാവാത്ത ഒരു അനുഭവമാണെന്ന് തന്നെ ഞാൻ എന്റെ സുഹൃത്തുക്കളായ എല്ലാ സംവിധായകരോടും തീർച്ചയായും പറയും. കൂടാതെ താങ്കളുടെ പ്രൊഡക്ഷൻ കമ്പനി മലയാളത്തിലെ തന്നെ ഏറ്റവും മികച്ചവയിൽ ഒന്നാണ്. ആ കമ്പനിക്ക് വേണ്ടി ഒരു സിനിമ ചെയ്യുവാൻ സാധിച്ചത് ഞാൻ ഒരു ഭാഗ്യമായി കരുതുന്നു. ഏറ്റവും മികച്ച പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നിനോടൊപ്പവും ഏറ്റവും മികച്ച നടന്മാരിൽ ഒരാളോടൊപ്പവും ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒരാളോടൊപ്പവും അതോടൊപ്പം സിനിമ ലോകത്ത് നിന്നും ഞാൻ നേടിയെടുത്ത ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളോടൊപ്പവും വർക്ക് ചെയ്യുവാനുള്ള അസുലഭ അവസരമാണ് താങ്കൾ എനിക്ക് നൽകിയത്. നമ്മൾ പ്രതീക്ഷിച്ചതിനും അപ്പുറത്തെ തലത്തിലേക്ക് അരവിന്ദ് കരുണാകരനെ എത്തിക്കുവാൻ സഹായിച്ച താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇത് എഴുതുമ്പോഴും അരവിന്ദ് കരുണാകരനെ അയാളാക്കി തീർക്കുവാൻ താങ്കൾ പകർന്നേകിയ ഓരോ ചലനങ്ങളും മാനറിസങ്ങളും ഇപ്പോഴും ഞാൻ മറന്നിട്ടില്ല. ഈ കൊറോണ സമയത്തും വിചാരിച്ചതിനും മുൻപേ ചിത്രീകരണം പൂർത്തിയാക്കുവാൻ സഹകരിച്ച മുഴുവൻ ടീമംഗങ്ങൾക്കും പ്രത്യേക നന്ദി. വേഫെറർ ടീമും നമ്മളും ഒന്നിച്ച് നടത്തിയ കഠിനാദ്ധ്വാനം തന്നെയാണ് ഇതെല്ലാം സാധ്യമാക്കിയത്. മനോജേട്ടാ.. താങ്കളെനിക്ക് ഒരു ജ്യേഷ്ഠൻ തന്നെയാണ്. ഏതു സാഹചര്യത്തിലും എന്നോട് കൂടെ നിൽക്കുന്ന ഒരാൾ. ഈ സിനിമയിൽ ഞങ്ങളോട് ഒപ്പം പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും ടെക്‌നീഷ്യൻസിനും എന്റെ എല്ലാമെല്ലാമായ ബോബിക്കും സഞ്ജയിനും (ഏതാണ് ബ്രോ നമ്മുടെ അടുത്ത പ്രൊജക്റ്റ്..?) ഈ സ്വപ്‌നം യാഥാർഥ്യമാക്കി തീർത്തതിന് ഒരു ബിഗ് സല്യൂട്ട്," റോഷൻ ആൻഡ്രൂസ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചു.
  Published by:user_57
  First published: