നിസാര്‍ മുഹമ്മദ്
ലൂസിഫറിലെ അബ്രാം ഖുറേഷിയുടെ വിശാലമായ ഫ്രെയിമില്‍ നിന്ന് ഇട്ടിമാണിയെന്ന കുടുംബ ഫ്രെയിമിലേക്ക് മോഹന്‍ലാല്‍ എത്തുന്നുവെന്നതാണ് പുതുമ. തൂവാനത്തുമ്പികൾക്കു ശേഷം തൃശൂർ ഭാഷയും കൂടെയുണ്ട് എന്തിന്, ഡേവിഡേട്ടനോട് ചിൽഡ് ബിയർ പോലും ചോദിക്കുന്നുണ്ട്. പോരാത്തതിന് മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും കാണാത്ത ഒരു ഇന്റര്‍വെല്‍ പഞ്ചും. ഇതൊക്കെയായിരുന്നിട്ടും സൂപ്പർ ഹിറ്റ് ചിത്രം വെള്ളിമൂങ്ങ പാതയിലൂടെയാണ് പുതുമുഖ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ ജിബിയുടെയും ജോബിയുടെയും ഇട്ടിമാണി ഇടവേളയ്ക്ക് തൊട്ടുമുമ്പു വരെ പറക്കുന്നത്.
അമ്മ തെയ്യാമ്മ (കെ.പി.എ.സി ലളിത)യുടെ വാക്കുകളിൽ 'കാശിന് വേണ്ടി സ്വന്തം അമ്മയെ പോലും ആര്‍ക്കെങ്കിലും കെട്ടിച്ചുകൊടുക്കാന്‍ മടിയില്ലാത്ത' ഇട്ടിമാണിക്ക് വെള്ളിമൂങ്ങയിലെ മാമച്ചനുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. പ്രായമായിട്ടും വിവാഹം കഴിക്കാതെ പുരനിറഞ്ഞു നില്‍ക്കുന്ന ഇട്ടിമാണി. ഉഡായിപ്പിന്റെ ഉസ്താദ്. കാശിന് വേണ്ടി ഇട്ടിമാണി എന്തും ചെയ്യും. അമ്മയെ സർജറിക്കു വേണ്ടി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഡോക്ടര്‍മാരെ വിരട്ടി കമ്മീഷന്‍ വാങ്ങുമ്പോൾ തന്നെ കാശു കിട്ടാത്ത ഒരുകാര്യത്തിനും ഇട്ടിമാണി ഇറങ്ങില്ലെന്ന് പ്രേക്ഷകന് പിടികിട്ടും.
ഫ്ളാഷ്ബാക്കില്‍ പടം ചൈനയിലെത്തുന്നുമ്പോൾ ഇട്ടിമാണിയുടെ അപ്പന്‍ ഇട്ടിമാത്തനാണ് ഹീറോ. അപ്പനും മകനുമായി മോഹന്‍ലാല്‍. ഇട്ടിമാത്തനൊപ്പം തെയ്യാമ്മയെയും കുഞ്ഞ് ഇട്ടിമാണിയെയും ഗാനത്തില്‍ വരുന്നതോടെ ടൈറ്റിലിലെ 'മെയ്ഡ് ഇന്‍ ചൈന' സമ്പൂര്‍ണം. പുട്ടിന് പീര പോലെ ചൈനീസ് ഭാഷ കേള്‍ക്കാമെന്നല്ലാതെ കഥയെല്ലാം കുന്നംകുളത്താണ്.
തല്ലിപ്പൊളി കാറ്ററിങ് കടയും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ വില്‍പ്പനയുമൊക്കെയായി ഇട്ടിമാണിയും ഷെഫ് സൈനുവും (ധര്‍മ്മജന്‍), ഡ്രൈവര്‍ സുഗുണനും (അജു വര്‍ഗീസ്) കാട്ടിക്കൂട്ടുന്ന തരികിട പരിപാടികളാണ് പിന്നീടങ്ങോട്ട്. ഇതിലേറെയും ഇട്ടിമാണിയുടെ വണ്‍മാന്‍ ഷോയാണ്.
ആദ്യപകുതിയില്‍ ചെറിയ ചെറിയ തമാശകളുണ്ട്. കുലുങ്ങിച്ചിരിക്കാനുള്ള വകയൊന്നും തമാശകളിലില്ലെന്നതാണ് സത്യം. ചിലതെല്ലാം നനഞ്ഞ പടക്കങ്ങളുമാണ്. മക്കള്‍ക്ക് വേണ്ടാത്ത അന്നാമ്മച്ചിയുടെ (രാധിക) വേദനയും മറുവശത്തുണ്ട്.
ജോജി പോത്തനായി ഇട്ടിമാണിയുടെ പെണ്ണുകാണല്‍ മുതൽ വരുന്ന ഹരീഷ് കണാരന്‍ ബോറടിപ്പിക്കാതെ സ്റ്റൈൽ മാറ്റിപ്പിടിച്ച് ഒരുവശത്ത് വില്ലനായും ക്യാരക്ടര്‍ റോളിലായുമൊക്കെയുണ്ട്.
സ്ത്രീകളെ ആകര്‍ഷിക്കുന്നതാണ് ഇട്ടിമാണിയുടെ കഥയും കാതലും. ഓണപ്പടത്തിന്റെ ചേരുവകളും സമാസമം ചേര്‍ത്തിട്ടുണ്ട്.ഒരുകാര്യം പറയാതിരിക്കാനാവില്ല. സിനിമയുടെ ഹൈലൈറ്റായി അവതരിപ്പിക്കപ്പെട്ട മാര്‍ഗം കളിയില്‍ മോഹന്‍ലാലിന്റെ ചുവടുകള്‍ അതീവ മനോഹരമാണ്. ഉടനീളം മോഹന്‍ലാലിന്റെ തകർപ്പൻ അഭിനയവും.
രണ്ടാം പകുതി തുടങ്ങി പത്താം മിനിട്ടില്‍ തന്നെ ഇട്ടിമാണിയുടെ ചാട്ടം എങ്ങോട്ടെന്ന് പിടികിട്ടും. വലിച്ചുനീട്ടിയാല്‍ കുളമാകുമെന്ന തിരിച്ചറിവിലാകണം, സസ്‌പെന്‍സ് അധികം നീട്ടുന്നില്ല. രണ്ടാം പകുതിയില്‍ സെന്റിമെന്റ്‌സിനാണ് പ്രാധാന്യം. കാലിക പ്രസക്തമായ ഒരു പ്രമേയമായിരുന്നിട്ടും കരുത്തില്ലാത്ത തിരക്കഥയും മൂർച്ഛയില്ലാത്ത സംഭാഷണങ്ങളും ക്ലിഷേകളും മൊത്തത്തിൽ ദുർബലമാക്കുന്നുണ്ട് . ഉദാഹരണത്തിന് കഥയുടെ സന്ദേശമെന്തെന്ന് ഇട്ടിമാണിയെക്കൊണ്ട് നാടക ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിൽ സാരോപദേശം പോലെ പറയിപ്പിക്കുന്നു പോലുമുണ്ട്.
നേരത്തെ പറഞ്ഞ ആ ഇന്‍ര്‍വെല്‍ പഞ്ച്. അത് ഒന്നൊന്നര സംഭവമാണ്. ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്.പക്ഷെ, ആ പിന്‍ബലത്തില്‍ മാത്രം 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' അതി ഗംഭീരമായൊരു സിനിമയാണെന്ന് പറയാനാവില്ല. ഓണത്തിന്റെ ഉത്സവ ഓളത്തില്‍ ഓടിപ്പോകുന്നൊരു മോഹന്‍ലാല്‍ സിനിമ. അതില്‍ കൂടുതലൊന്നുമില്ല. ഇടയ്ക്കിടെ ചെമ്പ് തെളിയുന്ന 'കുന്നംകുളം' വികൃതി. എങ്കിലും ഓണമല്ലേ ,ഒരു പടം കാണാം എന്നു കരുതി അമിത പ്രതീക്ഷകളില്ലാതെയിറങ്ങുന്ന വീട്ടമ്മമാരെ അത്ര ബോറടിപ്പിക്കില്ല. ഇതിന്റെ സൃഷ്ടാക്കളും അത്രയേ കരുതിയിട്ടുണ്ടാവുകയുള്ളു എന്നു തോന്നുന്നു. കാരണം ചൈനീസ് നിർമിതികൾക്ക് ആയുസ് കുറയുമെന്നത് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണല്ലോ. .
Also Read- Brother's Day movie review: ഈ ക്രൈം ത്രില്ലർ പൊളിച്ചു ബ്രോ!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ittimani Made in China, Jibi-Joju directors, Mohanlal, Mohanlal Actor, Mohanlal movie, Sukumaran