ഏറെ നാളായി കാത്തിരിക്കുന്ന ധനുഷ് ചിത്രം ജഗമേ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന ചിത്രം ജൂൺ 18 ന് എത്തും. ഇക്കാര്യം നെറ്റ്ഫ്ലിക്സ് സോഷ്യൽമീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കോവിഡിനെ തുടർന്നാണ് ചിത്രം ഒടിടി റിലീസിന് എത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ കോവിഡിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.
നേരത്തേ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ലഭിച്ച വിവരം നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങും. ഇതിനൊപ്പം സിനിമയുടെ പുതിയ പോസ്റ്ററും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുണ്ട്.
ലണ്ടൻ പശ്ചാത്തലമാക്കിയിരിക്കുന്ന ഗാങ്സ്റ്റർ ചിത്രമാണ് ജഗമേ തന്തിരം. സുരുളി എന്ന ഗാങ്സ്റ്റർ കഥാപാത്രത്തെയാണ് സിനിമയിൽ ധനുഷ് അവതരിപ്പിക്കുന്നത്. 2020 ൽ ലോക്ക്ഡൗണിന് മുമ്പ് തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്താണ് പോസ്റ്റ്പ്രൊഡക്ഷൻ ജോലികൾ തീർത്തത്.
സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരുന്നെങ്കിലും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് തീരുമാനിച്ചത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. സുരരൈ പോട്രിലൂടെ അപർണ ബാലമുരളി, കർണനിലൂടെ രജിഷ വിജയൻ എന്നീ നടിമാരുടെ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ നിന്നും മറ്റൊരു നടി കൂടി വമ്പൻ തമിഴ് സിനിമയുടെ ഭാഗമാകുകയാണ്.
ജെയിംസ് കോസ്മോ, ജോജു ജോർജ്, കലൈയരസൻ, സഞ്ജന നടരാജൻ, ദീപക് പരമേഷ്, വടിവുക്കരാസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
കർണനാണ് ധനുഷിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ രജിഷ വിജയനായിരുന്നു നായികയായി എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.