'പാടുമോ, അമ്പിളി അങ്കിളേ?' നവ്യയുടെ ആ ചോദ്യത്തിന് മുൻപിൽ സുസ്മേര വദനനായ ജഗതി ശ്രീകുമാർ മെല്ലെ ചുണ്ടനക്കാൻ തുടങ്ങി. മാണിക്യ വീണയുമായി... നവ്യ നായർ ഒപ്പം പാടി. അത്ര ഉച്ചത്തിൽ അല്ലെങ്കിലും പതിഞ്ഞ സ്വരത്തിൽ ആ ഗാനം ഓർമയിൽ നിന്നും ചീന്തിയെടുത്തെന്ന പോലെ ശ്രീകുമാറും. ഒരപൂർവ കൂടിക്കാഴ്ച്ചയ്ക്കിടെ പകർത്തിയ വീഡിയോ ആരാധകരുമായി പങ്കു വയ്ക്കുന്നു നവ്യ നായർ. പാട്ടിന്റെ അവസാനം കവിളത്തൊരുമ്മയും. "എന്റെ ജീവിതത്തിലെ എന്നും ഓർക്കുന്ന നിമിഷങ്ങൾ. ഞാൻ വികാരാധീനയായിരുന്നു." വിഡിയോക്കൊപ്പമുള്ള നവ്യയുടെ വരികൾ.
ആറു വർഷം കഴിഞ്ഞിരിക്കുന്നു ജഗതി ശ്രീകുമാർ വെള്ളിത്തിരയിലെത്തിയിട്ട്. 2012 ൽ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ശ്രീകുമാർ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഒട്ടേറെ എല്ലുകൾക്ക് പൊട്ടലും തലക്കേറ്റ പരിക്കുമാണ് ജഗതി എന്ന് വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ ജീവിതം മാറ്റി മറിച്ചത്. പക്ഷെ ക്യാമറക്കു മുന്നിൽ എത്താനും വണ്ണം ആരോഗ്യ സ്ഥിതി മെച്ചമായില്ല. പരിചയക്കാരെ കാണുമ്പോഴും, പഴയ കാര്യങ്ങൾ പറയുമ്പോഴും പലപ്പോഴും പ്രതികരിച്ചിരുന്നു. അപകട ശേഷം ഷൂട്ടിംഗ് പൂർത്തീകരിച്ചു വച്ചിരുന്ന ജഗതി ശ്രീകുമാറിന്റെ ഏതാനും ചിത്രങ്ങൾ കൂടി പല വർഷങ്ങളായി പുറത്തു വന്നിരുന്നു.
വിവാഹ ശേഷം ഇടവേള എടുത്ത നവ്യയും കുറച്ചു കാലമായി സജീവ അഭിനയ രംഗത്തില്ല. അടുത്തിടെ തന്നെ തന്റെ ആദ്യ ഭരതനാട്യ വീഡിയോയുമായി താരം എത്തുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.