ഇന്റർഫേസ് /വാർത്ത /Film / Jallikattu | ഓസ്കാർ വേദിയിലേക്ക് 'ജല്ലിക്കട്ട്' ഇല്ല; നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്

Jallikattu | ഓസ്കാർ വേദിയിലേക്ക് 'ജല്ലിക്കട്ട്' ഇല്ല; നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്

ജല്ലിക്കട്ട്

ജല്ലിക്കട്ട്

Jallikattu out from the nomination list for the Oscars | മികച്ച വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലായിരുന്നു ചിത്രം ഇടം നേടിയിരുന്നത്

  • Share this:

നിരൂപക ശ്രദ്ധ നേടിയ മലയാള ചിത്രം 'ജല്ലിക്കട്ട്' ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇടം നേടിയിരുന്നത്. അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളിൽ 'ജല്ലിക്കട്ട്' ഇടം നേടിയില്ല. 2021 ഏപ്രിൽ 25ന് ഓസ്കാർ പുരസ്‌കാര ദാനം നടക്കും.

ഇന്ത്യയിൽ നിന്ന് ആകെ 27 ചിത്രങ്ങളുടെ പട്ടിക ആയിരുന്നു ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രവും പട്ടികയിൽ ഉണ്ടായിരുന്നു. ഇതിനുപുറമെ ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ, ശിക്കാര, ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങളും ഉണ്ടായിരുന്നു.

എസ്. ഹരീഷ് എഴുതിയ 'മാവോയിസ്റ്റ്' എന്ന കഥയെ അവലംബിച്ചാണ് ജല്ലിക്കട്ടിന്റെ തിരക്കഥ. എസ്. ഹരീഷും ആര്‍. ജയകുമാറും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിച്ചത്.

ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

തോമസ് പണിക്കര്‍, ലിജോ പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

ജല്ലിക്കട്ടിൽ എന്താണുള്ളത്?

പോത്തിന് പിന്നാലെയുള്ള ഒരു ഗ്രാമത്തിന്റെ ഓട്ടമാണ് ഈ ചിത്രം. മനുഷ്യ മനസ്സിൽ എപ്പോൾ വേണമെങ്കിലും കടിഞ്ഞാൺ പൊട്ടി ഓടാൻ കാത്തു നിൽക്കുന്ന മറ്റൊരു കാട്ടുപോത്തിന്റെ പിറകെയാണ് ഈ യാത്ര. കാതടപ്പിക്കുന്ന ഒച്ചപ്പാടും പൈശാചികതയും തന്റെ സിനിമയിലെ ഇഷ്‌ട ചേരുവയാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി, ജല്ലിക്കട്ടിന്റെ മത്സരയോട്ടത്തിലും ഇവയെ ഒപ്പം കൂട്ടുന്നു.

മനുഷ്യ മനസ്സിലെ കാടത്തം, സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലും അസമത്വവും, കപട സദാചാര ബോധം എന്നിവയെ ഒന്നിച്ചൊരിടത്ത് അടച്ചാക്ഷേപിക്കാൻ ഒരുപക്ഷെ മറ്റൊരു മലയാള സിനിമ ജല്ലികട്ടിനോളം എത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഥാപാത്രങ്ങളുടെ പ്രാധാന്യം കൊണ്ട് ഒരിക്കലും അളക്കാനാവാത്ത ചിത്രമാണ് ജല്ലികട്ട്. ഏതെങ്കിലും ചില ക്യാരക്റ്ററുകളിലോ, കൂട്ടത്തിലോ ഒതുങ്ങാതെ, ഒന്ന് മറ്റൊന്നിലേക്ക് വഴിമാറുന്ന നവീന രീതിയാണ് ജല്ലികട്ട് പിന്തുടരുന്നത്. അഥവാ താരപ്രഭാവത്തിന് പ്രാധാന്യം കൽപ്പിക്കാത്ത ചിത്രമെന്ന് വിളിക്കാം.

ഇരുളിൽ നിന്നും വെളിച്ചത്തിലേക്കും ശേഷം വീണ്ടും ഇരുട്ടിലേക്കും തിരിയുന്ന ഗിരീഷ് ഗംഗാധരന്റെ ക്യാമറ ജല്ലികട്ടിനെ മികച്ച ഫ്രയിമുകളുടെ ചിത്രമാക്കുന്നു. അപ്രതീക്ഷിതയിടങ്ങളിൽ അതി വിദഗ്ധമായി ചലിക്കപ്പെടുന്ന ക്യാമറ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിലെ അവിഭാജ്യ ഘടകമാണ്.

പശ്ചാത്തല സംഗീതത്തിന് വാദ്യോപകരണങ്ങൾ മാത്രമെന്തിനെന്ന ചോദ്യമാണ് പ്രശാന്ത് പിള്ള ഉയർത്തുന്നത്. കോറസിൽ തീർത്ത ഒച്ചകൾ ഉയർത്തിയ പശ്ചാത്തലത്തിൽ വിടരുന്ന ഫ്രയിമുകളാണ് ജല്ലികട്ടിനു ജീവൻ നൽകുന്നത്. എടുത്തു പറയേണ്ടതാണ് രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും. അങ്കമാലി ഡയറീസിലും, ഈ.മ.യൗ.വിലും പ്രേക്ഷകനെക്കൊണ്ട് 'ഇതുവരെ കേട്ടതല്ലല്ലോ' എന്ന് പറയിപ്പിച്ച പശ്ചാത്തലസംഗീത സങ്കേതങ്ങൾ ഉണ്ടെങ്കിൽ, ഇവിടെയും അത്തരം വ്യത്യസ്തതകൾ ആവർത്തിക്കപ്പെടുന്നു.

First published:

Tags: Jallikattu, Lijo jose pellissery, Oscar nomination