• HOME
  • »
  • NEWS
  • »
  • film
  • »
  • Jana Gana Mana review | ജനഗണമന റിവ്യൂ: ഓരോ പകുതികളിലായി സുരാജിന്റെയും പൃഥ്വിരാജിന്റേയും തകർപ്പൻ വൺ മാൻ ഷോ

Jana Gana Mana review | ജനഗണമന റിവ്യൂ: ഓരോ പകുതികളിലായി സുരാജിന്റെയും പൃഥ്വിരാജിന്റേയും തകർപ്പൻ വൺ മാൻ ഷോ

Jana Gana Mana review | ഡ്രൈവിംഗ് ലൈസൻസിനു ശേഷമെത്തിയ പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം 'ജനഗണമന' റിവ്യൂ

ജനഗണമന

ജനഗണമന

  • Share this:
കണ്ണിൽ പോർക്കാളയുടെ ശൗര്യവുമായി പരസ്പരം വെല്ലുവിളിച്ച് കൊമ്പുകോർത്ത സൂപ്പർ നടനും ട്രാഫിക് ഇൻസ്പെക്ടറും ഒരിക്കൽക്കൂടി ഒന്നിക്കുന്നു എന്ന വാർത്ത വന്നതുമുതൽ ആരംഭിച്ച പ്രതീക്ഷകളുടെ തേരിലേറി മറ്റൊരു പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് സിനിമ -- 'ജനഗണമന' (Jana Gana Mana). പ്രതീക്ഷയുടെ കനലാളിക്കത്തിക്കുന്ന ടീസറുകൾ പുറത്തിറക്കാൻ അണിയറക്കാരും മുതിർന്നതോട് കൂടി 'ഡ്രൈവിംഗ് ലൈസൻസിന്' ശേഷം മറ്റൊരു അങ്കത്തിന് കളമൊരുങ്ങുകയും ചെയ്തു. ഇത്രയുമായി വന്ന 'ജനഗണമന' പ്രതീക്ഷകൾക്കൊത്തുയർന്നോ?

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, ഇക്കുറി ഇരുപകുതികളിലുമായി സുരാജിന്റെയും പൃഥ്വിരാജിന്റേയും വൺ മാൻ ഷോ കാണാം. ആദ്യപകുതിയിൽ അസിസ്റ്റന്റ് കമ്മീഷണർ സജ്ജൻ കുമാർ ആയി സുരാജ് വെഞ്ഞാറമൂടിന്റെ ആറാട്ടും, രണ്ടാം പകുതിയിൽ പൃഥ്വിരാജിന്റെ വക്കീൽ അരവിന്ദ് സ്വാമിനാഥന്റെ തേർവാഴ്ചയും ചേർത്താണ് നിർമ്മിതി.

സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ സബ മറിയത്തിന്റെ (മംമ്ത മോഹൻദാസ്) ക്രൂരമായ കൊലപാതക കേസിന്റെ അന്വേഷണമാണ് ഇവരെ ബന്ധിപ്പിക്കുന്ന ഘടകം. 2019ൽ രാജ്യം നടുങ്ങിയ ഹൈദരാബാദ് കൊലപാതക കേസിന്റെ ഘടകങ്ങൾ ചേർത്തുകൊണ്ടുള്ള സബ കേസ് പൈശാചികമായ കൊലപാതകത്തിന്റെ ചുരുളുകൾ ബിഗ് സ്‌ക്രീനിൽ തുറന്നിടുന്നു. ഒപ്പം ചില ചോദ്യങ്ങളും. ഏറ്റവും പ്രിയപ്പെട്ട അധ്യാപികയുടെ മരണത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം കനക്കുമ്പോൾ, നാട്ടിൽ നടമാടുന്ന വർഗീയ കലാപങ്ങളുടെ ഒരേട് സ്ക്രിപ്റ്റിലേക്ക് എഴുതിച്ചേർക്കപ്പെടുന്നു.

ഓരോ നിമിഷവും ഉദ്വേഗത്തിന്റെ മുൾമുനയുടെ മൂർച്ച എറിയേറി വരുന്നത് അനുഭവിച്ചറിയാം. ശാരി അവതരിപ്പിക്കുന്ന റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഷബാന എന്ന കഥാപാത്രത്തിന്റെ മൂത്ത മകളാണ് സബ. താനും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് നീതി തേടുന്ന അവർക്കു മുന്നിലെ ദേവദൂതനായി അവതരിക്കുന്ന സജ്ജൻ കയ്യടികൾ വാരിക്കൂട്ടി, കൊലപാതകത്തിന് പിന്നിലെ 'പ്രതികളെ' രായ്ക്കുരാമാനം ഇല്ലാതാക്കുമ്പോൾ, ആക്ടിവിസ്റ്റുകളും മീഡിയയും വിദ്യാർത്ഥി സംഘവും പൊതുജനവും ഇദ്ദേഹത്തിന് നൽകുന്ന ഹീറോ പരിവേഷം ആദ്യ ഭാഗം അവസാനിക്കുന്നിടം വരെ അനുസ്യൂതം തുടരുന്നു.മറ്റൊരു നായകൻ അപ്പോഴും അവതരിച്ചിട്ടില്ല എന്നോർക്കണം. രണ്ടാം പകുതിയിലെ കോർട്ട് റൂം ഡ്രാമയ്ക്കു തേരാളിയായി സംവിധായകൻ ടിജോ ജോസ് ആന്റണി പൃഥ്വിരാജിനെ നിയോഗിക്കുമ്പോൾ നെല്ലും പതിരും വേർതിരിയുന്ന പ്രതിഭാസത്തിന് പ്രേക്ഷകൻ സാക്ഷിയാവുന്നു.

രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബലിമൃഗമാകേണ്ടി വരുന്ന സാധാരണക്കാരന്റെ ദയനീയത, വർഗീയത, ഉന്നത വിദ്യാഭ്യാസ രംഗത്ത് നടമാടുന്ന അരാജകത്വം എന്നിവ ഓരോന്നായി സ്ക്രിപ്റ്റ് പൊളിച്ചടുക്കുമ്പോൾ, നീതി നിഷേധിക്കപ്പെട്ട പലപല മുഖങ്ങൾ തെളിയുന്നു. അതിലൊരാൾ ഒരു കുറിപ്പും അതിലേറെ ദുരൂഹതകളും ബാക്കിയാക്കി വിടവാങ്ങിയ നമ്മുടെ നാട്ടിൽ തന്നെയുള്ളവൾ ആണെന്ന ബോധ്യം മനഃസാക്ഷിയെ തൊട്ടുനോവിച്ചേ കടന്നു പോകൂ. മദ്രാസ് ഐ.ഐ.ടിയിൽ പഠിക്കവേ ഒരു ഹോസ്റ്റൽ മുറിക്കുള്ളിൽ ജീവിതം അവസാനിച്ച ഫാത്തിമ ലത്തീഫിനെ ഈ സിനിമ അടയാളപ്പെടുത്തിക്കഴിഞ്ഞു.

രാമനഗരം എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് സംഭവവികാസങ്ങൾ. കേരളവും, തമിഴ്നാടും അല്ലാത്ത ഈ സ്ഥലത്ത്‌ പക്ഷെ നാല് ഭാഷകൾ സംസാരിക്കുന്ന, ചിലപ്പോൾ രണ്ടു ഭാഷകൾ ഇടകലർത്തി പറയുന്ന ഡയലോഗുകൾ പലയിടങ്ങളിലും മുഴച്ചുനിൽക്കുന്നു. ചിത്രത്തിന്റെ നെടുംതൂണായ രണ്ടാം പകുതി വേഗത്തിൽ പറഞ്ഞവസാനിപ്പിച്ച പ്രതീതി ക്ളൈമാക്സ് രംഗത്തിൽ അറിയാനുണ്ട്. സെക്കന്റ് ഹാഫിൽ എങ്ങും കല്ലുകടി ഇല്ലെങ്കിൽ പോലും എഡിറ്റിംഗ് ടേബിളിലെ കത്രികപ്പണി അൽപ്പം വേണ്ടിയിരുന്നു. ഒരുപക്ഷെ ക്ളൈമാക്സിൽ ഉണ്ടായ സഡൻ ബ്രേക്ക് അനുഭവം അത്രയും കൊണ്ട് പിടിച്ചുനിർത്താനാകുമായിരുന്നു.

ജേക്സ് ബിജോയിയുടെ സംഗീതവും, സുദീപ് ഇളമൺ കൈകാര്യം ചെയ്ത ക്യാമറയും ടെക്നിക്കൽ വിഭാഗത്തിൽ പ്രശംസയർഹിക്കുന്നു. മുതിർന്ന വക്കീൽ രഘുറാം അയ്യർ ആയി എത്തിയ ഷമ്മി തിലകൻ, വിദ്യാർത്ഥി പ്രക്ഷോഭം നയിക്കുന്ന ഗൗരിയായി വിൻസി അലോഷ്യസ് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടിയിരിക്കുന്നു.
Published by:Meera Manu
First published: