ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ത്രില്ലറായി 'ജനഗണമന'. റിപ്പബ്ലിക്ക് ദിനത്തിൽ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രയിംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഉദ്വേഗഭരിതമായ പ്രൊമോ പുറത്തിറക്കി. ക്വീൻ സംവിധായകൻ ടിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജനഗണമന'.
ഒരു പോലീസുകാരനും കുറ്റവാളിയും തമ്മിലെ ചോദ്യംചെയ്യൽ വേളയാണ് രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസുകാരന്റെ ചോദ്യം ചെയ്യലിൽ 'സുഖമായി ഊരിപ്പോരും' എന്ന് പറയുന്ന കുറ്റവാളിയായി എത്തുന്നത് പൃഥ്വിരാജും പോലീസുകാരന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടുമാണ്.
'ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാ സാറേ ഇത്...' എന്ന ഡയലോഗാണ് ഈ പ്രൊമോയിൽ പഞ്ചിനായി ഉൾപ്പെടുത്തിയിരിക്കുന്നത്.
എറണാകുളത്തു ചിത്രീകരണം ആരംഭിച്ച 'ജനഗണമന' ഇനിയും ഷൂട്ടിംഗ് പൂർത്തിയാക്കാത്ത ചിത്രമാണ്. ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് പൃഥ്വിരാജ് കോവിഡ് പോസിറ്റീവ് ആവുന്നതും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പൃഥ്വി കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തു.
ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ഛായാഗ്രഹണം: സുദീപ് ഇളമൺ, സംഗീതം: ജെയ്ക്സ് ബിജോയ്.
ഈ വർഷം പകുതിയോടു കൂടി തിയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് 'ജനഗണമന'. ലോക്ക്ഡൗൺ നാളുകളിൽ ജോർദാനിൽ
'ആടുജീവിതം' ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജ് വേഷമിട്ട ചിത്രമാണ് ജനഗണമന.
പൃഥ്വിരാജിന്റെ മറ്റു ചിത്രങ്ങൾ
ആടുജീവിതം: പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ 'ആടുജീവിതം' ബെന്യാമിൻ രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയത്. ജോർദാനിലായിരുന്നു ഈ സിനിമയുടെ മരുഭൂമി രംഗങ്ങൾ ഒരുക്കിയത്.
കോൾഡ് കേസ്: ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും അതിഥി ബാലനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു.
കുരുതി: പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'കുരുതി' പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ നിർമ്മിക്കുന്നു. മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്.
തീർപ്പ്: കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്പാട്ടിന്റെ പുതിയ ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.
കടുവ: കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്ന 'കടുവ' ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്.
നീലവെളിച്ചം: വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കുന്നത് ആഷിക് അബു ആണ്. വമ്പൻ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ തന്നെ ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
വാരിയംകുന്നൻ: ആഷിഖ് അബു ചിത്രത്തിൽ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. 'വാരിയംകുന്നൻ' എന്ന ചരിത്ര സിനിമ 2021ൽ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രഖ്യാപനം. 1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണിത്.
L2 എമ്പുരാൻ: സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം L2 എമ്പുരാനിൽ മോഹൻലാൽ നായകനാവുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി.
കാളിയൻ: 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'കാളിയൻ' നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്നു. മാജിക്ക് മൂൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി. അനിൽ കുമാർ ആണ് തിരക്കഥ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.