• HOME
  • »
  • NEWS
  • »
  • film
  • »
  • ജയ ഹേ, ജയ ഇങ്ങനെയാണ് ഹേ, ജയ ജയിക്കാൻ അറിയാവുന്നവളാണ് ഹേ; 'ജയ ജയ ജയ ജയ ഹേ' റിവ്യൂ

ജയ ഹേ, ജയ ഇങ്ങനെയാണ് ഹേ, ജയ ജയിക്കാൻ അറിയാവുന്നവളാണ് ഹേ; 'ജയ ജയ ജയ ജയ ഹേ' റിവ്യൂ

Jaya Jaya Jaya Jaya Hey review | അബലയും ചപലയും തബലയുമായ ഭാര്യയെ പകൽക്കിനാവ് കാണുന്നവർ ഇതിലേ ഇതിലേ

ജയ ജയ ജയ ജയ ഹേ

ജയ ജയ ജയ ജയ ഹേ

  • Share this:
Jaya Jaya Jaya Jaya Hey review | ധരിക്കാൻ ചേട്ടൻ ഇട്ടുപഴകിയ ഉടുപ്പ്, പഠിക്കാൻ ചേട്ടൻ അലക്ഷ്യമായി കൈകാര്യം ചെയ്ത് മുഷിഞ്ഞ താളുകളുള്ള പുസ്തകം, കളിയ്ക്കാൻ ചേട്ടൻ കളിച്ചുമടുത്ത കളിപ്പാട്ടം, ചേട്ടനേക്കാൾ കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാത്തവൾ! എന്തിനുമേതിനും മൂത്ത മകന് മകളെക്കാളൊരു കിരീടം കൂടുതൽ അണിയിച്ചു വളർത്തിയ കുടുംബം. ഇങ്ങനെ എല്ലാത്തിലും രണ്ടാമൂഴക്കാരിയാക്കി 'ചോദിച്ചതെല്ലാം നൽകി' അച്ഛനമ്മമാർ വളർത്തിയ പെൺകുട്ടിയാണോ നിങ്ങൾ? ജയഭാരതി എന്ന ജയ (ദർശന രാജേന്ദ്രൻ) അങ്ങനെ ഒരു കുട്ടിയാണ്. അപ്പോൾ പിന്നെ സ്വന്തം വിവാഹം കാര്യത്തിൽ വീട്ടുകാർ അവൾക്ക് നൽകിയ 'സ്വാതന്ത്ര്യം' പറയണോ? പ്രത്യേകിച്ചും ഏത് ടൈപ്പ് ഭർത്താവിനെയാണ് അവർ കണ്ടുപിടിച്ചതെന്ന്?

'ജയ ജയ ജയ ജയ ഹേ' എന്ന പേരിലെ സിനിമ പ്രധാനമായും പറയുന്നത് ഒരു ടോക്സിക് വിവാഹബന്ധമാണെങ്കിൽ, അത്ര തന്നെ ടോക്സിക് ആയ രക്ഷകർത്താക്കളെയും സ്മരിക്കേണ്ട വിധം സ്മരിക്കാൻ ചിത്രം മറന്നിട്ടില്ല.

ഒരു ടോക്സിക് വിവാഹബന്ധത്തിന്റെ കഥ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ' കണ്ടെങ്കിൽ, അതിന്റെ മറ്റൊരു പരിവേഷമാണ്, തീർത്തും ലളിതമായി, തെക്കൻ കേരളത്തിലെ രണ്ടു കുടുംബങ്ങളിൽ ഫോക്കസ് നൽകി ഈ സിനിമയിൽ പറയുന്നത്. സഹനത്തിന്റെ വേലിക്കെട്ടുകൾ തകരുമ്പോൾ, അടുക്കളയിലെ മലിനജലം ഭർത്താവിന്റെയും അയാളുടെ പിതാവിന്റെയും തലയിൽ ഒഴിച്ചിറങ്ങുന്ന പേരില്ലാത്ത നായികയെയാണ് ആദ്യത്തെ കഥയിൽ കണ്ടതെങ്കിൽ, കിട്ടേണ്ടവർക്ക് കിട്ടേണ്ട സമയത്ത് മുതലും പലിശയും ചേർത്ത് കൊടുക്കാൻ ജയ വഴി കാണിച്ചു തരും. അതുകൊണ്ട് വീട്ടിലെ പെണ്ണുങ്ങളുടെ മേൽ തിണ്ണമിടുക്ക് കാണിച്ച് നടക്കുന്ന പുരുഷ കേസരികൾ പടം കണ്ടുകഴിഞ്ഞാൽ കയ്യിലിരിപ്പ് നന്നാക്കുന്നത് അഭികാമ്യം. 'തല്ലുമാല' ഇറങ്ങിയ ശേഷം നാട്ടിൽ അങ്ങോളമിങ്ങോളം അടപടലം തല്ലു പൂരം നടന്നിട്ട് അധികകാലമായിട്ടില്ല.

വീട്ടുകാർ കണ്ടുപിടിച്ചു തരുന്ന ചെക്കനെ കെട്ടി 'മര്യാദയ്ക്ക്' (അങ്ങനെയാണ് ചിലർ അതിനെ വിളിക്കുന്നത്) ജീവിക്കാൻ ഇറക്കിവിടുന്ന പെൺകുട്ടികൾ ചലനമറ്റു കിടക്കുന്ന വാർത്ത വരുന്ന സാഹചര്യങ്ങളെ സിനിമ പറയാതെ പറയുന്നുണ്ട്. സാഹചര്യം മോശമാകുമ്പോൾ, 'എനിക്കിവിടെ പറ്റുന്നില്ല' എന്ന് കരഞ്ഞു പറയാൻ അവർ ആദ്യം ആശ്രയിക്കുന്ന അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവർ കൈമലർത്തി 'ചെണ്ടയ്ക്ക് നിത്യവും മണ്ടയ്ക്ക് കൊട്ട്' കിട്ടുന്നതാണ് ഉത്തമയായ ഭാര്യ എന്ന് പറഞ്ഞു പഠിപ്പിക്കുമ്പോൾ, പാവം പെൺകുട്ടി എന്ത് ചെയ്യും?  മികച്ച വിദ്യാഭ്യാസമോ തൊഴിലോ പോലും അവൾക്കില്ലെങ്കിലോ? തനിക്ക് താൻ തന്നെ തുണയാവുക, ജീവിച്ചു കാണിക്കുക എന്നതിന്റെ മികച്ച പാഠമാണ് ജയ. അതിനുള്ള പോംവഴിയും അവൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.പെണ്ണിനെ നിലയ്ക്ക് നിർത്തേണ്ടവനാണ് ഭർത്താവ് എന്ന കാടൻ നിയമം മാത്രമല്ല, വീട്ടിലെ അമ്മയും സഹോദരിയും പോലും തന്റെ ഇഷ്‌ടപ്രകാരമേ ജീവിക്കാവൂ എന്ന് നിശ്ചയിച്ചു നടക്കുന്ന 'ഷമ്മി പ്രോ' ആണ് ജയയുടെ ഭർത്താവ് രാജേഷ് (ബേസിൽ ജോസഫ്). കുടുംബം പുലർത്തുന്നതു കാരണം ആ 'പാവം' (എന്ന് വിളിക്കപ്പെടുന്ന) മകൻ പറയുന്നതെന്തും മറുവാക്കില്ലാതെ കേൾക്കാൻ അമ്മയും റെഡി. അവിടെയും ഇവിടെയുമായി പഴിചാരുമെങ്കിലും, സ്വന്തം അമ്മയേക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും, അവളെ ഏറെ മനസ്സിലാക്കുന്ന നാത്തൂനും ജയയ്ക്ക് തെല്ലൊരു ആശ്വാസമാണ്.

ഗൗരവമേറിയ വിഷയം ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയിൽ 'ജയ ജയ ജയ ജയ ഹേ' അവതരിപ്പിച്ചിരിക്കുന്നു. കുടുംബ കഥയിൽ ഷൈജു ദാമോദരൻ കമന്ററി പറയുന്ന തരത്തിൽ, പ്രാകൃത നിയമത്തിൽ ഇപ്പോഴും സ്ത്രീകളെ തളച്ചിടുന്നവർക്ക് ചാട്ടുളി ഏറ് കൊടുക്കാൻ സിനിമ ശ്രദ്ധിച്ചു.

ജയഭാരതിയായി നായിക ദർശന രാജേന്ദ്രൻ തന്നെയാണ് സിനിമയിലേക്ക് പ്രേക്ഷകരെ പ്രധാനമായും പിടിച്ചിരുത്തുന്നത്. 'ഹൃദയം' സിനിമയ്ക്ക് ശേഷം സ്കൂൾ വിദ്യാർഥിനിയിൽ തുടങ്ങി കുടുംബിനി വരെയുള്ള പ്രായങ്ങളെ ദർശന ബാക്കിയായി ആവിഷ്കരിച്ചു. 'അയ്യോ പാവം' ലുക്കുമായി അഹംഭാവം കാട്ടിക്കൂട്ടുന്ന ഭർത്താവിനെ രാജേഷ് എന്ന കഥാപാത്രത്തിലൂടെ ബേസിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കഥാപാത്രത്തിൽ ഒരിടത്തും ബേസിൽ എന്ന വ്യക്തിയെ കാണാൻ കഴിയാത്ത വിധമാണ് അവതരണം. ദർശനയിലേക്ക് ജയയുടെ ആത്മാവ് പ്രവേശിച്ച തരം പ്രകടനമായിരുന്നു.

ഒരുപാട് സ്ക്രീൻസ്‌പെയ്‌സ് പറയാനില്ലെങ്കിലും ജയയുടെ സഹോദരന്റെ വേഷം ചെയ്ത ആനന്ദ് മന്മഥൻ കഥാപാത്രമെന്ന നിലയിൽ മികച്ച മാതൃകയാണ്. ഒരിക്കൽ സാധിക്കാതെ പോയതിന്റെ കുറ്റബോധം കൊണ്ടെന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ സഹോദരിക്ക് താങ്ങാവുന്ന സഹോദരനാണ് ഇദ്ദേഹം.

അസീസ് നെടുമങ്ങാട്, മഞ്ജു പിള്ള, നോബി മാർക്കോസ് എന്നിവരുടെ കോമഡി ടൈമിംഗ് ഉള്ള വേഷങ്ങൾ പ്രേക്ഷകർക്കും രസകരമാണ്. കുടുംബ ചിത്രം എന്ന് കരുതി സസ്പെൻസിനും ത്രില്ലിനും ഒരു കുറവും ഇല്ല. എടുത്താൽ പൊങ്ങാത്ത ചിലവില്ലാതെയും പ്രേക്ഷകരെ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ചെറിയ സിനിമകളിലേക്ക് കാഴ്ചക്കാർക്ക് കടന്നുവരാം.
Published by:Meera Manu
First published: