Jayaraj movie Bhayanakam wins honour at Madrid Imagineindia Film Festival | മികച്ച നടനുള്ള പുരസ്കാരം രഞ്ജി പണിക്കര്‍ക്കും തിരക്കഥാ പുരസ്കാരം ജയരാജിനും
മാഡ്രിഡ് : മാഡ്രിഡ് ഇമാജിൻ ഇന്ത്യ ചലച്ചിത്രമേളയില്‍ അംഗീകാരം നേടി ജയരാജിന്റെ ഭയാനകം. ഇന്ന് സമാപിക്കുന്ന മേളയില്‍ മികച്ച നടനുള്ള പുരസ്കാരം രഞ്ജി പണിക്കര്‍ക്കും തിരക്കഥാ പുരസ്കാരം ജയരാജിനും ലഭിച്ചു. മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഇന്ത്യ ഫിലം ഫെസ്റ്റിവലിന്റെ പതിനെട്ടാം പതിപ്പിലാണ് പുരസ്കാരങ്ങള്‍ നേടിയത്. മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം (നിഖില്‍ എസ്. പ്രവീണ്‍) എന്നിവയ്ക്കുള്ള 2017ലെ ദേശീയ പുരസ്കാരങ്ങള്‍, മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (എം. കെ. അര്ജുനന്), ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം എന്നിവ നേടിയ ഭയാനകം ജയരാജിന്റെ നവരസ - ചലച്ചിത്ര സീരീസിലെ ആറാമത്തെ ചിത്രമാണ്.
തകഴിയുടെ കയര്‍ എന്ന നോവലില്‍ രണ്ടദ്ധ്യായത്തില്‍ മാത്രം കടന്നുവരുന്ന ഒരു പോസ്റ്റുമാനെ അടിസ്ഥാനമാക്കിയാണ് ജയരാജ് ഭയാനകത്തിന്റെ തിരക്കഥയെഴുതിയത്. ഒന്നാം ലോകമഹായുദ്ധത്തില്‍ പരിക്കേറ്റ ഒരു മുന്‍ സൈനികന് രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടു മുന്‍പായി കുട്ടനാട്ടില്‍ പോസ്റ്റുമാനായെത്തുന്നു. ആദ്യകാലത്ത് സമൃദ്ധിയുടെ സൂചനയായി മണി ഓര്‍ഡറുകളുമായി എത്തുന്ന പോസ്റ്റുമാന്, ക്രമേണ മരണവാര്‍ത്തകള്‍ അടങ്ങിയ ടെലിഗ്രാമുകളുടെ വാഹകനാകുന്നു. ലോകമഹായുദ്ധകാലത്തെ ഭയത്തിന്റെ പ്രതീകമായി പരിണമിക്കുന്ന പോസ്റ്റുമാനായെത്തുന്ന രഞ്ജി പണിക്കര്‍ക്കു പുറമേ ആശ ശരത് മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.