• HOME
  • »
  • NEWS
  • »
  • film
  • »
  • കേരളത്തിന്റെ സൈന്യത്തിന് ആദരമർപ്പിച്ച് ജയരാജ് ചിത്രം രൗദ്രം

കേരളത്തിന്റെ സൈന്യത്തിന് ആദരമർപ്പിച്ച് ജയരാജ് ചിത്രം രൗദ്രം

Jayaraj movie Roudram honours brave fishermen who launched rescue ops in Kerala Floods 2018 | രൗദ്രം 2018 ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം

മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ നിന്നും

മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ നിന്നും

  • Share this:
    കേരളം അതിജീവിച്ച പ്രളയദുരന്തം പശ്ചാത്തലമാക്കി ജയരാജ് സംവിധാനം ചെയ്ത രൗദ്രം 2018 ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം. റിലീസിന് മുന്നോടിയായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രത്യേക  പ്രദര്‍ശനത്തിലാണ് പ്രളയദുരന്തമുഖത്ത്  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചത്.

    തൈക്കാട് ഗണേശം പ്രിവ്യൂ തീയറ്ററില്‍ നടന്ന ചടങ്ങില്‍  വിശിഷ്ടാതിഥികള്‍ക്കൊപ്പം സംവിധായകന്‍ ജയരാജും  ചിത്രത്തില്‍ മേരിക്കുട്ടിയെന്ന കഥാപാത്രം ചെയ്ത കെ.പി.എ.സി. ലീലയും മറ്റു അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. പൂന്തുറയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളെ സംവിധായകന്‍ ജയരാജ് പൊന്നടയണിച്ച് ആദരിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

    ദുരന്തം നേരിട്ട് അനുഭവിച്ചവന്റെ വേദനയും നിസഹായരായ മനുഷ്യ ജീവന്റെ നൊമ്പരവുമാണ് രൗദ്രം 2018 എന്ന ചിത്രം പകര്‍ത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. ചിത്രം പൂര്‍ത്തിയായപ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തിയത് മത്സ്യത്തൊഴിലാളികളുടെ മുഖമായിരുന്നു. മഹാപ്രളയം ആഞ്ഞടിച്ച് സര്‍വരും പകച്ചു നിന്നപ്പോള്‍ ആരുടെയും അനുമതിക്ക് കാത്തു നില്‍ക്കാതെ വള്ളവുമെടുത്ത് ഇറങ്ങി രക്ഷാസൈന്യമായി മാറിയവരാണ് മത്സ്യത്തൊഴിലാളികള്‍.

    ഇക്കാരണത്താല്‍ പ്രളയം പശ്ചാത്തലമായി സിനിമയെടുക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളെ ഒഴിവാക്കരുത് എന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ചടങ്ങ്  സംഘടിപ്പിച്ചത്. ചിത്രത്തിന്റെ ലാഭ വിഹിതത്തില്‍ നിന്നുള്ള നിശ്ചിത ശതമാനം തുക പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുമെന്നും സംവിധായകന്‍ ജയരാജ് പറഞ്ഞു.

    ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം 2018. നവംബര്‍ 20 മുതല്‍ 29 വരെ ഈജിപ്തിലെ കെയ്റോവില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ  ഇന്റര്‍നാഷണല്‍ പനോരമ വിഭാഗത്തിലേക്ക്  രൗദ്രം 2018 തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രളയസമയത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ വൃദ്ധദമ്പതികളുടെ വേഷത്തില്‍ എത്തുന്നത് രഞ്ജി പണിക്കറും കെപിഎസി ലീലയുമാണ്.  ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത് കാര്‍ണിവല്‍ പിക്ച്ചേഴ്സാണ്.

    First published: