പൃഥ്വിരാജിനോടുള്ള പതിറ്റാണ്ടുകൾ നീണ്ട 'പ്രതികാരം' വീട്ടി നടൻ ജയറാം. ദൈവം തന്ന അവസരമാണ് അതിവിടെ വച്ച് ചെയ്തില്ലെങ്കിൽ മഹാപാപം ആയിപ്പോകും എന്നും പറഞ്ഞു കൊണ്ടാണ് ജയറാം തുടങ്ങിയത്. വനിതാ ഫിലിം അവാർഡ് വേദിയിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.
കഥ തുടങ്ങുന്നത് ഏകദേശം 30 വർഷങ്ങൾക്ക് മുൻപാണ്. 'വിറ്റ്നസ്' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും സുകുമാരനെ വീട് വരെ കൊണ്ട് വിടാൻ വന്നതാണ് ജയറാം. വീട്ടിൽ ചെന്നതും സുകുമാർ ഒരാവശ്യം മുന്നോട്ടു വച്ചു. കുറച്ചു നേരം കൂടി ഇരുന്നാൽ കുട്ടികൾ സ്കൂൾ വിട്ടു വരും, കണ്ടിട്ട് പോകാം. ജയറാം കാത്തിരുന്നു. സ്കൂൾ യൂണിഫോം ധാരികളായ ഇന്ദ്രജിത്തും പൃഥ്വിരാജും എത്തി. അവരെ കയ്യിലെടുത്തും, ഫോട്ടോയെടുത്തും പോകാൻ തുനിഞ്ഞ ജയറാമിന് അത്ര എളുപ്പം സ്ഥലം വിടാനായില്ല.
'അങ്ങേനെയങ്ങു പോയാലെങ്ങനെ, തരാനുള്ളത് തന്നേച്ചു പോയാലല്ലേ പറ്റൂ' എന്നായി സുകുമാരൻ. മനസിലാവാതെ നിന്ന ജയറാമിനോട് അദ്ദേഹം കാര്യം അവതരിപ്പിച്ചു. പതിവനുസരിച്ച്, വീട്ടിൽ ആര് വന്നാലും, മമ്മൂട്ടിയോ മോഹൻലാലോ ഒക്കെ, കയ്യിലിരിക്കുന്നത് കൊടുത്തിട്ട് പോകാവൂ. എന്ത് കൊടുക്കണം എന്നാലോചിച്ചു നിന്ന ജയറാമിനോട് കയ്യിലെ കൂളിംഗ് ഗ്ലാസ് അവിടെ വച്ചിട്ട് പോയാൽ മതിയെന്നായി സുകുമാരൻ. ആശിച്ചു മോഹിച്ചു വാങ്ങിയ വിലകൂടിയ കൂളിംഗ് ഗ്ലാസ് അവിടെ അഴിച്ചു വച്ച് ജയറാം മടങ്ങി.
ഇനിയാണ് പ്രതികാരം: അവാർഡ് വേദിയിൽ പാന്റിൽ കൊളുത്തിയിരുന്ന പൃഥ്വിരാജിന്റെ കൂളിംഗ് ഗ്ലാസ് ജയറാം ലക്ഷ്യമിട്ടു. പിന്നെ വൈകിയില്ല, അത് നേരെയെടുത്ത് മുഖത്ത് വച്ചു.
'അയ്യോ! എന്റെ ബ്ലൂടൂത് കൂളിംഗ് ഗ്ലാസ്! എന്ന് പൃഥ്വിയും. വേദിയിലിരുന്ന മോഹൻലാലിനും സിദ്ധിഖിനും സുപ്രിയക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.
അടുത്ത പടത്തിനു വിളിക്ക്, അപ്പൊ ഗ്ലാസ് തിരികെ തരാം എന്നും പറഞ്ഞിട്ടേ ജയറാം വിട്ടുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.