ലോക്ക്ഡൗൺ നാളുകൾക്കു ശേഷം പുറത്തിറങ്ങിയ മലയാള ചിത്രം 'വെള്ളം' സംവിധാനം ചെയ്ത പ്രജേഷ് സെന്നും നായകൻ ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരത്തു ചിത്രീകരണം ആരംഭിച്ച വിവരം നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. 'ക്യാപ്റ്റൻ' സിനിമയ്ക്ക് ശേഷം ജയസൂര്യയും-പ്രജേഷ് സെന്നും ചേർന്ന് പുറത്തിറക്കിയ സിനിമയായിരുന്നു 'വെള്ളം'.
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവർക്കും ഒട്ടേറെ ചിത്രങ്ങൾ റിലീസിനായും ഷൂട്ടിംഗ് ആരംഭിക്കാനുമായി കാത്തിരിപ്പുണ്ട്.
സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത 'ലളിതം സുന്ദരം' ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് മഞ്ജു. ബിജു മേനോൻ ആണ് സിനിമയിലെ നായക വേഷം ചെയ്യുന്നത്. 'ദി പ്രീസ്റ്റ്' ഉടൻ തന്നെ റിലീസ് പ്രതീക്ഷിക്കുന്ന മറ്റൊരു സിനിമയാണ്. മമ്മൂട്ടിയാണ് നായകൻ. പടവെട്ട്, ചതുർമുഖം, കയറ്റം, ജാക്ക് ആൻഡ് ജിൽ, വെള്ളരിക്കാപ്പട്ടണം തുടങ്ങിയവയാണ് മഞ്ജുവിന്റെ മറ്റു ചിത്രങ്ങൾ. ഇതിൽ 'ജാക്ക് ആൻഡ് ജിൽ' ചിത്രത്തിലെ 'കിം കിം കിം...' എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു.
രഞ്ജിത്ത് ശങ്കറുമായി കൈകോർക്കുന്ന 'സണ്ണി', മിഥുൻ മാനുവൽ തോമസിന്റെ 'ടർബോ പീറ്റർ', 'ആട് 3', ഇ. ശ്രീധരന്റെ കഥാപാത്രം ചെയ്യുന്ന 'രാമ സേതു', കടമറ്റത്തു കത്തനാരുടെ വേഷമിടുന്ന 'കത്തനാർ' തുടങ്ങിയ സിനിമകൾ ജയസൂര്യയുടേതായുണ്ട്.
കൊച്ചിയിൽ 'ആസ്ക്' കലാസാംസ്കാരിക ഇടംകൊച്ചി നഗരത്തിൽ കലാസാംസ്കാരിക പ്രകടനങ്ങൾക്കായി സ്ട്രീറ്റ് പെർഫോമൻസ് ഇടമായ 'ആസ്ക്' (ആർട് സ്പേസ് കൊച്ചി) ഉദ്‌ഘാടനം ചെയ്തു. ജയസൂര്യയുടെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഇടമാണ് ആസ്ക്. കൊച്ചി മേയർ എം. അനിൽകുമാർ ഉദ്‌ഘാടകനായിരുന്നു. ഗിറ്റാർ വായിച്ചു കൊണ്ട് ഗായകൻ ചാൾസ് ആന്റണി പാടിയ ഗാനം ആയിരുന്നു തുടക്കം.
ഏവർക്കും എറണാകുളം നഗരഹൃദയത്തിൽ പൊതുവിടത്തിൽ ആടാനും പാടാനും വരയ്ക്കാനും ഒക്കെയായി ഒരു സ്ഥലം എന്ന ആശയമാണ് ആസ്കിനു പിന്നിൽ. സാംസ്‌കാരിക പ്രവർത്തനങ്ങളിൽ തൃശൂരുമായി കിടപിടിക്കുന്ന ഒരു സ്ഥലം എന്ന ലക്ഷ്യമാണ് ആസ്കിനു പിന്നിൽ.
തിരുവനന്തപുരത്തെ മാനവീയം വീഥിസമാന രീതിയിൽ തിരുവനന്തപുരത്ത് 'മാനവീയം വീഥി' എന്ന സാംസ്കാരിക ഇടം വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. സുഗതകുമാരി നട്ട വൃക്ഷത്തൈ, ഒ.എൻ.വി., കാവാലം നാരായണ പണിക്കർ, മാധവികുട്ടി തുടങ്ങിയവരുടെ സ്മരണകൾ ഉറങ്ങുന്ന വീഥിയാണ് മാനവീയം.
കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുൻപ് വരെ ഇവിടെ എല്ലാ ആഴ്ചകളിലും ഞായറാഴ്ച ദിവസം സാംസ്‌കാരിക കൂട്ടായ്മയും നാടകാവതരണവും സ്ഥിരമായി നടന്നിരുന്നു. ഇവിടുത്തെ ചുവടുകളിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഉൾപ്പെടെയുള്ള പ്രശസ്തർ വരച്ച ചുമർ ചിത്രങ്ങളുണ്ട്.
സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയായുള്ള സ്ഥലമാണ് മാനവീയം വീഥി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.