പുതിയ ചിത്രം 'ജോൺ ലൂഥർ' പ്രഖ്യാപിച്ച് നടൻ ജയസൂര്യ. ചിങ്ങമാസ പുലരിയിലാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ജയസൂര്യ ഫേസ്ബുക്കിൽ എത്തിയത്. നിലവിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം തോമസ് മാത്യു, ക്രിസ്റ്റീന തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കും.
മമ്മൂട്ടി-നയൻതാര ചിത്രം 'പുതിയ നിയമത്തിൽ' ക്യാമറ കൈകാര്യം ചെയ്ത റോബി വർഗീസ് രാജ് ആണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. 'ലവ് ആക്ഷൻ ഡ്രാമ' എന്ന നിവിൻ പോളി ചിത്രത്തിലും റോബി തന്നെയായിരുന്നു ക്യാമറ വിഭാഗത്തിന്റെ മേൽനോട്ടം നിർവഹിച്ചത്. ഉസ്താദ് ഹോട്ടൽ, ട്രാൻസ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ച പ്രവീൺ പ്രഭാകർ 'ജോൺ ലൂഥറിന്റെ' എഡിറ്റിംഗ് നിർവഹിക്കും.
സംഗീതവും പശ്ചാത്തല സംഗീതവും ഷാൻ റഹ്മാൻ കൈകാര്യം ചെയ്യും. വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരാവും സൗണ്ട് ഡിസൈൻ ചെയ്യുക. കലാസംവിധാനം ബിജു ചന്ദ്രൻ.
ജയസൂര്യയുടെ ഹിറ്റ് ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്തത് ഭാര്യ സരിത ജയസൂര്യ ആയിരുന്നു. ഈ സിനിമയ്ക്കും ആ റോളിൽ സരിതയെ പ്രതീക്ഷിക്കാം. ജയസൂര്യയുടേത് ഒഴികെയുള്ള കഥാപാത്രങ്ങൾക്ക് അരവിന്ദ് കെ.ആർ. ആയിരിക്കും വസ്ത്രാലങ്കാരം. നിലവിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം അടുത്തുതന്നെ ഷൂട്ടിംഗ് ആരംഭിക്കും.
മലയാള സിനിമയിൽ നിന്നും ആദ്യമായി ഡിജിറ്റൽ റിലീസ് നടന്ന താര ചിത്രം 'സൂഫിയും സുജാതയും' സിനിമയിൽ ജയസൂര്യയാണ് നായകൻ. ക്രൈം ത്രില്ലർ ചിത്രമായ 'അന്വേഷണമായിരുന്നു' ഏറ്റവുമൊടുവിൽ തീയേറ്ററിൽ റിലീസ് ചെയ്ത ജയസൂര്യ ചിത്രം. ലോക്ക്ഡൗണിന് മുൻപ് പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളായ വെള്ളം, അപ്പോസ്തലൻ, ആട് 3, കത്തനാർ, രാമസേതു നടൻ സത്യന്റെ ജീവിതകഥ പറയുന്ന സിനിമ എന്നിവയിൽ ജയസൂര്യ നായക വേഷത്തിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.