മണലിട്ട് വറുത്തു കോരിയ കപ്പലണ്ടി പോലെ നല്ല രുചികരമായ കപ്പലണ്ടി ഗാനവുമായി ജയസൂര്യ. മാധവ് രാമദാസൻ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ഇളയരാജയിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. മോഹൻലാൽ, ഉണ്ണി മുകുന്ദൻ എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകൻ രതീഷ് വേഗയുടേതാണ് ഈണം. മേൽവിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസൻ. അപ്പോത്തിക്കരിയിൽ ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു.
2005ൽ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി... എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനാക്കിയത്. ശേഷം ഓർമ്മത്താളുകളിലെ 'ആദ്യമായി...', ത്രീ കിങ്സിലെ 'ബിൽസില ഹേയ് ബിൽസില...', പുണ്യാളൻ അഗർബത്തീസിലെ 'ആശിച്ചവൻ ആകാശത്തിലെ...', ഹാപ്പി ജേർണിയിലെ 'മയ്യാ മോറെ...', ആട് ഒരു ഭീകരജീവിയാണിലെ 'ചിംഗാരിയാട്...', അമർ അക്ബർ അന്തോണിയിലെ 'പ്രേമമെന്നാൽ എന്താണ് പെണ്ണെ...', ഷാജഹാനും പരീക്കുട്ടിയിലെയും 'ചിത്തിര മുത്തേ...' എന്നിവയാണ് മറ്റു ഗാനങ്ങൾ. മൊത്തത്തിൽ 10 ഗാനങ്ങൾ പാടിയിട്ടുണ്ട് ജയസൂര്യ.
പ്രേതം രണ്ടാണ് ജയസൂര്യയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം. ക്യാപ്റ്റന് ശേഷം നായകൻ ജയസൂര്യയും, സംവിധായകൻ പ്രജേഷ് സെന്നും ചേർന്ന് വെള്ളം എന്ന ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.